കൊച്ചി: പോക്സോ കേസുകളുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നതായി കണക്കുകൾ. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിൽ മാത്രം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 571 കേസുകൾ. കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്റ്റർ ചെയ്തതിൽനിന്നു 112 എണ്ണത്തിന്റെ വർധ ന.
84 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരത്താണ് ഏറ്റവുമധികം പോക്സോ കേസുകൾ. ഇവയിൽ 57 കേസുകൾ തിരുവനന്തപുരം റൂറൽ പോലീസിന്റെ പരിധിയിലും 27 കേസുകൾ സിറ്റി പോലീസിന്റെ പരിധിയിലും വരുന്നവയുമാണ്. 73 കേസുകളുള്ള മലപ്പുറമാണു തിരുവനന്തപുരത്തിനു തൊട്ടുപിന്നിലുളളത്. ഏഴു കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കൊല്ലം-27 (റൂറൽ-10, സിറ്റി-17), ആലപ്പുഴ-10, കോട്ടയം-18, എറണാകുളം-28 (റൂറൽ- 20, സിറ്റി-എട്ട്), തൃശൂർ-20 (റൂറൽ-നാല്, സിറ്റി-16), പാലക്കാട്-19, കോഴിക്കോട്-25 (റൂറൽ-15, സിറ്റി-10), വയനാട്-15, കണ്ണൂർ-20, കാസർഗോഡ്-25 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം.