വാദപ്രതിവാദത്തിന്‍റെ മത്സരക്കളത്തില്‍ നിറഞ്ഞാടി നില്‍ക്കുന്നവരാണ് പലപ്പോഴും മനുഷ്യര്‍. സാമൂഹ്യമാധ്യമങ്ങള്‍ നിയമങ്ങളില്ലാത്ത ഈ മത്സരക്കളിയുടെ നവയുഗഅരങ്ങാണ്. അല്പമെങ്കിലും വാദമെന്താണ്, പ്രതിവാദമെന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അതിനാല്‍ അനിവാര്യമാണ്. വാക്കുകളുപയോഗിച്ചുള്ള യുദ്ധമല്ല വാദപ്രതിവാദം എന്ന അടിസ്ഥാനപരമായ സാമാന്യബോധം ഇത് വായിക്കുമ്പോള്‍ പുലര്‍ത്തേണ്ടതാണ്.

എന്താണ് ഒരു വാദം (argument)

നിശ്ചിതമായ ഒരു ആശയമോ അഭിപ്രായമോ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പരസ്പരബന്ധിതമായ പ്രസ്താവനകളെയാണ് വാദം എന്ന് വിളിക്കുന്നത്. ഇതൊരു ബൗദ്ധികമായ പ്രക്രിയയാണ്. ഒരാള്‍ പറയുന്നതെന്തിനെയും എതിര്‍ത്ത് സംസാരിക്കുന്നത് പ്രതിവാദമാവുകയില്ല, മറിച്ച് അത് വിരുദ്ധോക്തിയാണ് (contradiction). വെറുതെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളും മറ്റുള്ളവര്‍ പറയുന്നത് എതിര്‍ത്ത് പറയുന്നതും വാദമാവുകയില്ല. മറിച്ച് ഒരു വാദത്തില്‍ പരസ്പരബന്ധിതമായ പ്രസ്താവനകളുണ്ടായിരിക്കും. ആ പ്രസ്താവനകള്‍ക്ക് സ്വാഭാവികമായ ഒരു നിഗമനം (തീര്‍പ്പ് – assertion) ഉണ്ടാകും. പ്രസ്തുത നിഗമനത്തിനുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ തെളിവുകളാണ് മറ്റെല്ലാ പ്രസ്താവനകളും. അവ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ആദ്യപ്രസ്താവനയെ ശക്തിപ്പെടുത്തിക്കൊണ്ട് നീങ്ങണം. അങ്ങനെ വരുമ്പോള്‍ ഒരു പ്രസ്താവന മുഴുവന്‍ വാദഗതിയില്‍ മറ്റൊരു പ്രസ്താവനയെയും ഖണ്ഡിക്കുന്നതായിരിക്കുകയില്ല. തീര്‍പ്പ് പറയുന്ന കാര്യം (നിഗമനം) സത്യമാണെന്ന് വിശ്വസിക്കാന്‍ കേള്‍ക്കുന്നവരെ സഹായിക്കുന്നവയായിരിക്കണം പ്രസ്താവനകളെല്ലാം.

തീര്‍പ്പുകള്‍ക്ക് (നിഗമനങ്ങള്‍ക്ക്) ചില ഉദാഹരണങ്ങള്‍

1. പാത്തുമ്മായുടെ ആട് ബഷീര്‍ എഴുതിയതാണ്.
2. മതതീവ്രവാദത്തിന്‍റെ കാരണം മതവിശ്വാസത്തിലുള്ള പരിമിതികളാണ്.
3. തൊഴിലില്ലായ്മക്ക് കാരണം സാങ്കേതികവിദ്യയാണ്.
4. വ്യഭിചാരം അധാര്‍മ്മികവും പാപവുമാണ്.

ഈ തീര്‍പ്പുകള്‍ (നിഗമനങ്ങള്‍) മാത്രം പ്രസ്താവനകളായി അവതരിപ്പിച്ചാല്‍ കേള്‍ക്കുന്നവര്‍ അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. വെറുതെ ഈ വാചകങ്ങള്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ഒരിക്കലും നല്ലൊരു വാദമുഖം തുറക്കുകയില്ല. ഈ വാചകം ഒരു പ്രസ്താവനയായി സ്ഥാപിച്ചെടുക്കണമെങ്കില്‍ ഇവയോരോന്നിനെയും പിന്തുണക്കുന്ന കാര്യങ്ങള്‍ ക്രമീകൃതമായി പറയണം. നിഗമനമായി പറയുന്ന വാചകത്തെ മറ്റെല്ലാ പ്രസ്താവനകളും ശക്തമായി പിന്തുണക്കുന്നുവെങ്കില്‍ വാദം വിജയകരമായിരിക്കും, അല്ലെങ്കില്‍ പരാജയപ്പെടും.

വാദം ഉന്നയിക്കുന്നതിന്‍റെ ഉദ്ദേശം തന്നെ ഇതാണ് – നമുക്ക് തീര്‍ച്ചപ്പെടുത്തി പറയാനുള്ള (നിഗമനമായി പറയാനുള്ള) കാര്യത്തിന്‍റെ സത്യം സ്ഥാപിക്കുന്നതിനുവേണ്ടി കാരണങ്ങളും തെളിവുകളും നല്കുക. നാം നടത്തുന്ന എല്ലാ പ്രസ്താവനകളും നമുക്ക് സ്ഥാപിച്ചെടുക്കാനുള്ള സത്യത്തെ ശരിയോ തെറ്റോ എന്ന് വിധിക്കാന്‍ കേള്‍ക്കുന്നവരെ സഹായിക്കേണ്ടതുണ്ട്. ഈ വിധത്തില്‍ വിജയിക്കുന്ന പ്രസ്താവനകളുടെ തുടര്‍ച്ചയെയാണ് നാം വാദം എന്ന് വിളിക്കുന്നത്.

ഒരു വാദത്തിന്‍റെ മൂന്ന് ഭാഗങ്ങള്‍l

ഒരു വാദഗതിയില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്

1. പ്രസ്താവനകള്‍ (premises) – വാദമുഖം (നിഗമനം) സ്ഥാപിക്കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെടുന്ന കാരണങ്ങളും തെളിവുകളും.
2. അനുമാനങ്ങള്‍ (inferences) – കാരണങ്ങളും തെളിവുകളും അവതരിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് നിഗമനങ്ങളിലേക്കെത്തുന്ന പ്രക്രിയയെയാണ് അനുമാനം എന്ന് പറയുന്നത്. നിഗമനങ്ങളോ നിഗമനങ്ങളിലേക്കെത്തുന്ന മറ്റു പ്രസ്താവനകളോ അനുമാനങ്ങള്‍ ഉണ്ടാകാം.
3. നിഗമനം (conclusion) – വാദഗതിയുടെ അവസാനം എത്തിച്ചേരുന്ന ആശയം.

ഉദാഹരണം

1. ഡോക്ടര്‍മാര്‍ ധാരാളം പണം സമ്പാദിക്കുന്നു (പ്രസ്താവന 1)
2. ഒരുപാട് പണമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ധാരാളം യാത്രകള്‍ നടത്താന്‍ കഴിയും (പ്രസ്താവന 2)
3. ഡോക്ടര്‍മാര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യാന്‍ സാധിക്കും ( 1,2 പ്രസ്താവനകളില്‍ നിന്നുള്ള അനുമാനം)
4. എനിക്ക് ധാരാളം യാത്രകള്‍ ചെയ്യണം (പ്രസ്താവന)
5. എനിക്ക് ഒരു ഡോക്ടറാകണം (നിഗമനം)

ഈ ഉദാഹരണത്തില്‍ നിന്നും രണ്ടുതരം വാദമുഖങ്ങള്‍ (claims) നമുക്ക് മനസ്സിലാക്കാം

1,2 പ്രസ്താവനകള്‍ വസ്തുതാപരമായ വാദമുഖങ്ങളാണ് (factual claims). കാരണം അവ തെളിവുകള്‍ നല്കുന്നു. രണ്ടാമതൊരു ഗണം അനുമാനാത്മകമായ വാദമുഖങ്ങളാണ് (inferential claim). ചില പ്രസ്താവനകള്‍ നിഗമനത്തോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയാണെന്നാണ് അവ പറയുന്നത്. വസ്തുതാപരമായ വാദമുഖങ്ങളെ നിഗമനത്തിന് പിന്തുണനല്കാന്‍ കഴിയുംവിധം അതിനോട് ബന്ധപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത്. ഇത്തരം വാദമുഖങ്ങളില്ലാത്ത വാദഗതികളില്‍ പ്രസ്താവനകളും നിഗമനവും തമ്മില്‍ പരസ്പരബന്ധമില്ലാത്തതായി നമുക്ക് അനുഭവപ്പെടും.

ഒരു വാദഗതിയെ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്പോള്‍ അനുമാനാത്മകമായ വാദമുഖങ്ങളെയാണ് പരിശോധിക്കുന്നത്. പ്രസ്താവനകള്‍ ശരിയാണെങ്കിലും വാദഗതി പരാജയപ്പെടുന്നത് അനുമാനാത്മകമായ വാദമുഖം ദുര്‍ബലമാകുമ്പോഴാണ്. അനുമാനങ്ങളിലാണ് വാദങ്ങളിലെ സാധാരണമായുണ്ടാകുന്ന തെറ്റുകള്‍ (fallacy) ഉണ്ടാകുന്നത്.

സമാപനം

പലപ്പോഴും നമ്മുടെ വാദഗതികളില്‍ ഇപ്പറഞ്ഞതുപോലുള്ള യാതൊരു താര്‍ക്കികഘടകങ്ങളും ഉണ്ടാകാറില്ല. തെളിവുകളും സാക്ഷ്യങ്ങളും നല്കാനില്ലാത്ത വൈകാരികപ്രസ്താവനകള്‍ മാത്രമാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങള്‍. ഏതൊരു വാദഗതിയെയും മേല്‍പ്പറഞ്ഞവിധത്തില്‍ വിലയിരുത്താനാവുന്നില്ലെങ്കില്‍ അവ ശരിയായ വാദങ്ങളല്ലെന്ന് തീര്‍ച്ചയായും വിലയിരുത്താവുന്നതാണ്.