132-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം 20നു 10.30 മുതൽ 3.30 വരെ തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ്മാത എൻജിനിയറിംഗ് കോളജ് കാന്പസിലെ ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒസിഡി നഗറിൽ നടക്കും. അന്പൂരി ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിന ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ച് ജില്ലകളിലെ മുന്നൂറോളം ഇടവകകളിലുള്ള എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചു ലക്ഷം വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുക്കും.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ രാവിലെ നടക്കുന്ന പ്രതിനിധി യോഗം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷനുമായ ഡോ. സൂസപാക്യം ഉദ്ഘാടനംചെയ്യും. മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ യു.വി. ജോസ് മുഖ്യപ്രഭാഷണം നടത്തും.
പാസ്റ്ററൽ കൗണ്‍സിൽ അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടം പതാക ഉയർത്തും. വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്കു നേതൃത്വം നൽകും. വികാരി ജനറാൾ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്പൂരി ഫൊറോനാ വികാരി ഫാ.ജോസഫ് ചൂളപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. സിസ്റ്റർ അമല ജോസ് എസ്എച്ച്, ദിവ്യാ വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് പൊതുയോഗം കർണാടക മുൻ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക ഭവന നിർമാണ പദ്ധതി സമർപ്പണം മാർ തോമസ് തറയിൽ നിർവഹിക്കും. പ്രഫ.ജെ. ഫിലിപ്പ്, വികാരി ജനറാൾ റവ.ഡോ.ഫിലിപ്സ് വടക്കേക്കളം, ഫാ. സോണി മുണ്ടുനടയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
എക്സലൻസ് അവാർഡ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുൻ ഡയറക്ടർ പ്രഫ.ജെ. ഫിലിപ്പിന് സമ്മാനിക്കും. ഉന്നത നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും. ജേതാക്കളെ പിആർഒ അഡ്വ.ജോജി ചിറയിൽ പരിചയപ്പെടുത്തും. മികച്ച പാരീഷ് കൗണ്‍സിലിനെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് അവാർഡിനായി ക്ഷണിക്കും. അതിരൂപത സംബന്ധമായ പ്രഖ്യാപനങ്ങളുടെ വായന ചാൻസിലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി നിർവഹിക്കും. ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം അവാർഡുകൾ സമ്മാനിക്കും.
വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, റവ.ഡോ. തോമസ് പാടിയത്ത്, ചാൻസിലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റർ ഫാ. ഫിലിപ് തയ്യിൽ, അന്പൂരി ഫൊറോനാ വികാരി ഫാ. ജോസഫ് ചൂളപ്പറന്പിൽ, പിആർഒ ജോജി ചിറയിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തിൽ, കോ ഓർഡിനേറ്റേഴ്സ് ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ജോസ് പുത്തൻചിറയിൽ, ഫാ. സോണി മുണ്ടുനടയ്ക്കൽ, ഫാ. ആന്റണി തലച്ചെല്ലൂർ, അന്പൂരി ഫൊറോനയിലെ വൈദികർ, ഫൊറോനാ കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
18നു വിളംബരദിനത്തിൽ മായം സെന്റ് മേരീസ് പള്ളിയിലെ ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് അന്പൂരി സെന്റ് ജോർജ് ഫൊറോനാ പള്ളിയിലേക്കുള്ള ദീപശിഖാ-ഛായാചിത്ര പ്രയാണത്തിന് ഫാ. ജോസഫ് ചൂളപ്പറന്പിൽ നേതൃത്വം നൽകും. തിരുവനന്തപുരം ഫൊറോനാ വികാരി ഫാ. ജോസ് വിരുപ്പേൽ ഉദ്ഘാടനം ചെയ്ത് യുവദീപ്തി പ്രസിഡന്റ് ഷിജോ മാത്യുവിനു ദീപശിഖ കൈമാറും.
അന്പൂരി ഫൊറോനാ പള്ളിയിൽ സായാഹ്ന പ്രാർഥനയ്ക്കും സംഗമത്തിനും മാർ തോമസ് തറയിൽ നേതൃത്വം നൽകും. ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. കൊല്ലം-ആയുർ ഫൊറോനാ വികാരി ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം പ്രസംഗിക്കും. പത്രസമ്മേളനത്തിൽ റവ.ഡോ. തോമസ് പാടിയത്ത്, ഫാ. ജോർജ് മാന്തുരുത്തിൽ, ജോജി ചിറയിൽ, ഡോ. ആന്റണി മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.