തിരുവനന്തപുരം:സംസ്ഥാനത്തു ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നന്പർ 19 പിലാത്തറ, ബൂത്ത് നന്പർ 69 പുതിയങ്ങാടി ജുമാ അത്ത് എച്ച്എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നന്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂർ മണ്ഡല ത്തി ലെ തളിപ്പറന്പ് ബൂത്ത് നന്പർ 166 പാന്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലാണു റീ പോളിംഗ്. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്.
ഇതാദ്യമായാണു കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിന്റെ പേരിൽ സംസ്ഥാന ത്തു റീപോളിംഗ് നടക്കുന്നത്.
കഴിഞ്ഞ മാസം 23-നായിരുന്നു സംസ്ഥാനത്തു വോട്ടെടുപ്പു നടന്നത്. റിട്ടേണിംഗ് ഓഫീസർമാരുടെയും ചീഫ് ഇലക്ടറൽ ഓഫീസർ, ജനറൽ ഒബ്സർവർ എന്നിവരുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാസർഗോട്ടെ മൂന്നു ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും കള്ളവോട്ട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തിലാണ് ഈ നാലു ബൂത്തുകളിലും റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകിയത്.
ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷൻ 58 ഉപയോഗിച്ചാണു കമ്മീഷന്റെ നടപടി. ഇതനുസരിച്ചു തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്കു നിർദേശം നൽകി. ജനറൽ ഒബ്സർവർമാരെയും വിവരം ധരിപ്പിക്കും.