ചേർപ്പുങ്കലിൽ മീനച്ചിലാറിനു കുറുകെ പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ പാലത്തിനോടു ചേർന്നുതന്നെയാണു പുതിയ പാലം. ഇതിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. 9.35 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ നിർമാണം പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ തിരുവല്ലയിലെ സ്വകാര്യ കണ്സ്ട്രക്ഷൻ കന്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. എട്ടരമീറ്റർ വീതിയുള്ള പാലത്തിന് 35 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളുണ്ടായിരിക്കും. പഴയ പാലം പൊളിച്ചുകളയാതെ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി നിലനിർത്തും.
ചേർപ്പുങ്കലിൽ പുതിയ പാലംവേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമസ്ഥൻ സ്ഥലം ഏറ്റെടുക്കലിനെതിരെ കോടതിയെ സമീപിച്ചതോടെയാണു പാലംപണി അനിശ്ചിതത്വത്തിലായത്. ഇപ്പോൾ സുപ്രീം കോടതിയിൽനിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിധി വന്നതോടെയാണു പാലംപണി ആരംഭിച്ചത്.
നിലവിലുള്ള ചെറിയ പാലത്തിൽ കൂടി ഒരേസമയം രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ കടന്നു പോകുന്പോൾ മറുവശത്ത് വാഹനങ്ങൾ നിർത്തിയിടുകയാണു ചെയ്യുന്നത്. ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിലെ ആദ്യവെള്ളിയാചരണ ദിവസം വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ ദിവസം വാഹനയാത്രികരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണു പാലത്തിലൂടെ കടന്നുപോകുന്നത്.
ചേർപ്പുങ്കൽ ബിവിഎം കോളജ്, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിനു വിദ്യാർഥികളും ദിവസേന പാലത്തിലൂടെയാണു കടന്നു പോകുന്നത്. വാഹനം കടന്നുപോകുന്പോൾ പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കാലുകളിൽ ടയർ കയറി പരിക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
നിർദിഷ്ട ചേർപ്പുങ്കൽ-കടപ്പാട്ടൂർ-ഭരണങ്ങാനം റിംഗ് റോഡിൽ ഉൾപ്പെടുന്നതാണു പുതിയ പാലം. പുതിയ പാലം വരുന്നതോടെ ചേർപ്പുങ്കലിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള യാത്ര സുഗമമാകുന്നതോടൊപ്പം കൊടുങ്ങൂർ, പള്ളിക്കത്തോട് ഭാഗത്തുനിന്നും നെടുന്പാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും സൗകര്യപ്രദമാകു.