ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. മമതയുടെ വിശ്വസ്തനായ മുന്‍ കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി.
ജസ്റ്റീസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.
നേരത്തെ, കേസില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് വിലക്കിയിരുന്ന സുപ്രീംകോടതി, ഷില്ലോംഗില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. രാജീവ് കുമാറിനെതിരെ അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റുകയും, ന്യൂഡല്‍ഹിയില്‍ നിയമിക്കുകയും ചെയ്തിരുന്നു.