സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്ന തന്റെ പരാമർശം ചരിത്രസത്യമെന്ന് നടൻ കമൽഹാസൻ. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പന്കുൺറം മണ്ഡലത്തില്‍ പ്രചാരണം നടത്തുമ്പോഴാണ് കമൽഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഗോഡ്സെയെക്കുറിച്ച് താൻ പറഞ്ഞത് ചരിത്ര സത്യം മാത്രമാണെന്നും അതില്‍ എന്തിനാണ് ചിലര്‍ക്ക് അതൃപ്തിയെന്നും കമല്ഹാസൻ ചോദിച്ചു. ആരെയും വേദനിപ്പിക്കുന്നവിധത്തിൽ താൻ സംസാരിക്കാറില്ലെന്നും ജനങ്ങളുമായി താൻ ബന്ധപ്പെടുന്നത് തടയാനാണ് ഇപ്പോൾ ചിലർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദ പ്രസ്താവനയില്‍ കമല്‍ഹാസനെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ പരാതിയിൽ തമിഴ്നാട്ടിലെ അറവാകുറിച്ചി പോലീസാണ് കമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.