കേരള രാഷ്ട്രീയത്തിൽ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്നു കെ.എം. മാണിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മന്നം ക്ലബിൽ നടത്തിയ കെ.എം. മാണി അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണിക്കു ശക്തമായ നേതൃത്വം നല്കാൻ കെ.എം. മാണിക്കു കഴിഞ്ഞു. കെ.എം. മാണിയാണു കേരള കോണ്‍ഗ്രസിനെ കൂടുതൽ പ്രസക്തിയുള്ളതാക്കി മാറ്റിയത്. കർഷക സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. ഓരോ വിഷയത്തെക്കുറിച്ചും പഠിച്ചു മാത്രം പ്രവർത്തനങ്ങൾ നടത്തി. പഠിക്കാതെ നിയമസഭയ്ക്കുള്ളിലോ പുറത്തോ ഒരുവിഷയത്തേക്കുറിച്ചും അദ്ദേഹം സംസാരിക്കാറില്ലായിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവരെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോവാൻ അദ്ദേഹത്തിനു കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാണിയുടെ വിയോഗം വലിയ ഒരു നഷ്ടബോധമാണ് സൃഷ്ടിച്ചതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ദീർഘകാലമായുണ്ടായിരുന്ന ആ ബന്ധം ദൃഢമായ ഒരു ആത്മവിശ്വാസം ഉണ്ടാക്കി. ഏതു സമയത്തും ഏതു കാര്യത്തിലും മാണിയോട് സംശയം ചോദിക്കാൻ കഴിയുമായിരുന്നു. 1963-ൽ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ കോട്ടയം വൈഎംസിഎയിൽ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഡിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭയിലേക്കു 13 വട്ടം മത്സരിച്ച് എല്ലാത്തവണയും വിജയിച്ച അദ്ദേഹത്തിന് പാലായോടുള്ള സ്നേഹം എടുത്തുപറയേണ്ടതാണ്. കേരളത്തിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് തുണയായി മാറിയ കാരുണ്യ പദ്ധതിയും അദ്ദേഹത്തിന്റെ സാധാരണ ജനത്തോടുള്ള സ്നേഹമാണ് വെളിപ്പെടുത്തുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കെ.എം. മാണിയുടെ ചരിത്രം കേരളത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും ചരിത്രമാണെന്നു നിയമസഭാ മുൻ സ്പീക്കർ എം. വിജയകുമാർ അഭിപ്രായപ്പെട്ടു.അദ്ദേഹത്തെക്കുറിച്ച് കേരള നിയമസഭാ റിസർച്ച് വിംഗ് പ്രത്യേകം പഠനം നടത്തണം. കാരുണ്യ പദ്ധതി അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.