ഫാ. ജോർജ് തെക്കേക്കര (ലേഖകൻ കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠം അധ്യാപകനാണ്)
ഫ്രാൻസിസ് മാർപാപ്പ വീണ്ടും ചരിത്രം രചിക്കുകയാണ്, “നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്, മലമുകളിൽ പടുത്തുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല’’(മത്താ. 5:14) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട്, വൈദികരുടെയും സമർപ്പിതരുടെയും ഇടയിലുണ്ടായിട്ടുള്ള ലൈംഗികാതിക്രമങ്ങളെ, പ്രത്യേകിച്ചു പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരേ ഉണ്ടായിട്ടുള്ളവയെ, ശക്തമായ ഭാഷയിൽ അപലപിക്കുകയും അതിനെ തടയുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സാധിക്കുന്നവിധത്തിലെല്ലാം പരിശ്രമിക്കുകയും ചെയ്യുന്ന പാപ്പാ മേൽപറഞ്ഞപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വൈദികരെ സംരക്ഷിക്കുകയോ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനെ തടസപ്പെടുത്തുകയോ ചെയ്യുന്ന നിലപാടിനെയും ശക്തമായി എതിർക്കുകയും ഗൗരവമായ കുറ്റമായി പരിഗണിക്കുകയും ചെയ്യുന്നു.
ഇതു വ്യക്തമാക്കുന്നതാണു ലൈംഗികമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വൈദികർക്കും (മെത്രാന്മാരുൾപ്പെടെ) സന്യസ്തർക്കുമെതിരേയുള്ള നിയമനടപടികൾ കൂടുതൽ കർശനവും സുതാര്യവുമാക്കിക്കൊണ്ടുള്ള പുതിയ മോത്തുപ്രോപ്രിയോ. 2019 മേയ് ഏഴിനു മാർപാപ്പ ഒപ്പുവച്ച് പ്രസിദ്ധീകരിച്ച ഈ മോത്തുപ്രോപ്രിയോയുടെ പേര് “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു’’(Vos estis lux mundi). 2019 ജൂൺ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽവരും.
വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾ
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾ ഒരു ആഗോളപ്രതിഭാസമാണ്. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫ്, യൂറോപോൾ തുടങ്ങിയ സംഘടനകളുടെയും ഇതു സംബന്ധിക്കുന്ന പഠനങ്ങൾ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോവർഷവും പുറത്തുവിടുന്നത്. കോടിക്കണക്കിനു കുട്ടികളും സ്ത്രീകളും ഓരോ വർഷവും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ദുരുപയോഗിക്കപ്പെടുകയോ ചെയ്യുന്നുവെന്നു ലഭ്യമായ കണക്കുകൾ പറയുന്പോൾ റിപ്പോർട്ട് ചെയ്യപ്പെടാതെപോകുന്ന അതിക്രമങ്ങൾ അതിലേറെയുണ്ടാകും എന്ന കാര്യവും വിസ്മരിക്കരുത്.
ഇന്ത്യാ ഗവൺമെന്റ് 2016-ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓരോ മണിക്കൂറിലും നാലു കുട്ടികൾവീതം ലൈംഗികാതിക്രമങ്ങൾക്കു വിധേയമാകുന്നുണ്ട്. 36022 കേസുകളാണ് 2016-ൽ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. ഈ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളത് വീട്ടിലുള്ളവരോ അടുത്ത ബന്ധുക്കളോ മിത്രങ്ങളോ ആണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
സഭയുടെ വ്യക്തമായ നിലപാട്
സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ പുഴുക്കുത്തിന്റെ ചില ലക്ഷണങ്ങൾ കത്തോലിക്കാസഭയിലെ വൈദികരുടെ ഇടയിൽ കാണപ്പെട്ട നാൾ മുതൽ അതു ചികിത്സിച്ചു ഭേദമാക്കുന്നതിനും അതിനു സാധിക്കാത്ത സാഹചര്യത്തിൽ ഒരംഗത്തെതന്നെ മുറിച്ചുമാറ്റി സഭാഗാത്രത്തെ സംരക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ കത്തോലിക്കാസഭാ നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. ലൈംഗികമായ കാര്യങ്ങൾക്കായി കുന്പസാരക്കൂടിനെ ദുരുപയോഗിക്കുന്ന വൈദികരെ ശിക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 1741-ൽ ബനഡിക്ട് 14-ാമൻ മാർപാപ്പയും 1922-ൽ ബനഡിക്ട് 15-ാമൻ മാർപാപ്പയും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. “ക്രീമെൻ സൊളിച്ചിതാസിയോണിസ്’’ (Crimen Sollicitationis) എന്നായിരുന്നു 1922-ലെ രേഖയുടെ പേര്.
ഇതിൽ ഒരു പ്രത്യേക വിഭാഗമായി മറ്റു വിധത്തിലുള്ള ലൈംഗികാതിക്രമങ്ങളിൽ ഏർപ്പെടുന്ന വൈദികർക്കുള്ള ശിക്ഷാനടപടിക്രമങ്ങളും “ക്രീമെൻ പെസിമും’’ (Crimen Pessimum) എന്ന പേരിൽ കൂട്ടിച്ചേർത്തു. 1917-ൽ പ്രസിദ്ധീകരിച്ച കാനൻ നിയമം കാനോന 2359 രണ്ടാം ഖണ്ഡികയിൽ ഇവർക്കുള്ള ശിക്ഷകളെ സംബന്ധിച്ചു പരാമർശിച്ചിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സഭ കൂടുതൽ അജപാലനശൈലി സ്വീകരിക്കുകയും തൽഫലമായി തെറ്റുകൾ ശിക്ഷിച്ചു ശരിയാക്കുന്നതിനേക്കാൾ ചികിത്സിച്ചു ഭേദമാക്കുകയാണു വേണ്ടത് എന്ന ചിന്ത പ്രബലപ്പെടുകയും ചെയ്തു. എന്നാൽ, മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാനടപടികൾ പഴയതുപോലെതന്നെ കൂട്ടിച്ചേർത്തുകൊണ്ടാണ് 1983-ൽ കാനൻനിയമം പ്രസിദ്ധീകരിച്ചത്.
ബലപ്രയോഗംകൊണ്ടോ ഭീഷണിപ്പെടുത്തിയോ പരസ്യമായോ 16 വയസിൽ താഴെയുള്ള കുട്ടികളോടൊത്തോ ആറാം പ്രമാണത്തിനു വിരുദ്ധമായ കുറ്റങ്ങൾ ചെയ്യുന്ന വൈദികരെ വൈദികപദവിയിൽനിന്നുതന്നെ നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങളാണ് 1983-ലെ കോഡിൽ കാനോന 1395, രണ്ടാം ഖണ്ഡികയിൽ ചേർത്തിട്ടുള്ളത്. 16 വയസിൽ താഴെ എന്നുള്ളത് പിന്നീടുവന്ന നിയമങ്ങളിൽ 18 വയസിൽ താഴെ എന്നാക്കിമാറ്റി. റോമിലെ വിശ്വാസതിരുസംഘം 2001-ലും 2010-ലും പുറപ്പെടുവിച്ച രേഖകളിൽ വിശ്വാസതിരുസംഘത്തിന്റെ വിചാരണയ്ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾക്കൊപ്പം 18-ൽ താഴെ പ്രായമുള്ളവരോടുള്ള ലൈംഗികാതിക്രമങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ വ്യക്തമായ രീതിയിൽ പുതിയ മോത്തുപ്രോപ്രിയയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
എന്താണു പുതുമ?
രണ്ടു ടൈറ്റിലുകളിലായി 19 ആർട്ടിക്കിളുകൾ മാത്രമുള്ള ഈ മോത്തുപ്രോപ്രിയോ പ്രധാനമായും രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള നടപടിക്രമങ്ങളാണ് അവതരിപ്പിക്കുന്നത്.
1. ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ (ഏതു പദവിയിലുമുള്ള), സന്യസ്തർ, അപ്പസ്തോലിക സമൂഹങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ട ലൈംഗികാതിക്രമങ്ങൾ അന്വേഷിച്ച് നടപടിയെടുക്കുന്നതിന്.
2. കർദിനാൾ, പാത്രിയർക്കീസ്, മെത്രാൻ, മാർപാപ്പയുടെ പ്രതിനിധികൾ, പഴ്സണൽ പ്രിലേച്ചറുകളുടെ തലവന്മാരായ വൈദികർ, സന്യാസസമൂഹങ്ങളുടെ പരമോന്നതാധികാരികൾ തുടങ്ങിയവർ മേൽപറഞ്ഞ അതിക്രമങ്ങൾ നടന്ന കാര്യം അറിഞ്ഞിട്ടും നടപടിയെടുക്കാതെ മറച്ചുവയ്ക്കുകയോ സിവിൽനിയമപരമോ കാനൻ നിയമപരമോ ആയ അന്വേഷങ്ങളിൽ അനുചിതമായി ഇടപെടാൻ ശ്രമിക്കുകയോ ചെയ്താൽ അവർക്കെതിരേ നടപടിയെടുക്കുന്നതിനുള്ള ക്രമം.
ചുരുക്കത്തിൽ ലൈംഗികാതിക്രമങ്ങളിൽ ഏർപ്പെടുന്നവരെയും അതു മൂടിവയ്ക്കുകയോ അവർക്കെതിരായുള്ള നടപടികളിൽ ഇടപെട്ട് അവരെ രക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന മേലധികാരികളെയും ശിക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ മോത്തുപ്രോപ്രിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവു ലഭിക്കുന്ന വൈദികരെയും സന്യസ്തരെയും പ്രത്യേകിച്ച് ഇതു സ്ഥിരീകരിക്കുന്നതിനു ന്യായമായ കാരണങ്ങളുണ്ടെങ്കിൽ- കുന്പസാരരഹസ്യം, തൊഴിൽരഹസ്യം എന്നിവയൊഴികെ- സ്ഥലമേലധ്യക്ഷനെ അറിയിക്കുന്നതിനു കടപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്.
ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്ന ആർക്കും അക്കാര്യം ഉചിതമായ മാർഗങ്ങളിലൂടെ മേലധികാരികളെ അറിയിക്കാം. ഇതിനുള്ള സംവിധാനങ്ങൾ രൂപതാതലത്തിലോ വിവിധ രൂപതകൾ ചേർന്നോ ഒരു വർഷത്തിനകം രൂപപ്പെടുത്തണമെന്ന് മാർപാപ്പ പ്രത്യേകം നിഷ്കർഷിച്ചിരിക്കുന്നു (art 2, 1).
അതുപോലെതന്നെ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള സഭാതല അന്വേഷണങ്ങളിൽ പ്രാഗത്ഭ്യമുള്ള അല്മായരുടെ വിദഗ്ധ സേവനം ലഭ്യമാക്കുന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതിലൂടെ (art 13,1) സഭയിലെ അല്മായരുടെ ക്രിയാത്മക പങ്കാളിത്തത്തിന് ഒന്നുകൂടി ഊന്നൽ നൽകുകയാണ്.
കുറ്റകൃത്യം സംബന്ധിച്ച് അറിവു നൽകുന്നവരെ സംരക്ഷിക്കണമെന്നും കുറ്റകൃത്യത്തിന് ഇരയായവരെ മാന്യതയോടും ബഹുമാനത്തോടുംകൂടെ പരിഗണിക്കണമെന്നും അവർക്കാവശ്യമായ ആത്മീയവും മനഃശാസ്ത്രപരവുമായ സഹായങ്ങളും ആവശ്യമെങ്കിൽ വൈദ്യസഹായവും നൽകണമെന്നും മാർപാപ്പ പ്രത്യേകം നിഷ്കർഷിക്കുന്നു.
കുറ്റാരോപിതരുടെ കാര്യത്തിലും മാനുഷികമായ സമീപനം പുലർത്തേണ്ടതുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. കുറ്റാരോപണത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന വ്യക്തി കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയല്ല എന്ന സാമാന്യ തത്വം ആർട്ടിക്കിൾ 12-ൽ ഏഴാം ഖണ്ഡികയിൽ ഉൾച്ചേർത്തിരിക്കുന്നു. മെത്രാന്മാരും അവർക്കു സമന്മാരായവരും ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണം സാധാരണഗതിയിൽ 90 ദിവസത്തിനകം തീർക്കണമെന്നാണ് മോത്തുപ്രോപ്രിയോയിൽ നിർദേശിച്ചിട്ടുള്ളത് (art 14,1). നീതി നടപ്പാക്കുന്നതിലെ കാലതാമസം നീതിയുടെ നിഷേധം തന്നെയാണ് എന്ന ചിന്തയാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത് എന്നു കാണാം.
സിവിൽ നിയമം പാലിക്കണം
അവസാനമായി, ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ചുള്ള സിവിൽ നിയമങ്ങൾ മാനിച്ചുകൊണ്ടുവേണം ഈ മോത്തുപ്രോപ്രിയോ അനുശാസിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ എന്നു നിർദേശിച്ചിരിക്കുന്നു (art. 19). രാഷ്ട്രത്തിന്റെ നിയമങ്ങളോടു സഭ എന്നും പുലർത്തിവരുന്ന മനോഭാവംതന്നെയാണിത്. സഭാനിയമങ്ങൾ സഭയുടെ വിശ്വാസത്തെയും അനുവദനീയമായ ആചാരങ്ങളെയും മാനിക്കുന്നിടത്തോളം സിവിൽ നിയമങ്ങൾക്കു വിരുദ്ധമാകാൻ സഭാധികാരികൾ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവുകൂടിയാണിത്.
സമൂഹത്തിൽ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളോടുള്ള കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുന്നതാണ് പുതിയ മോത്തുപ്രോപ്രിയോ. സഭാസമൂഹം, പ്രത്യേകിച്ച് വൈദികരും സന്യസ്തരും, ഈ അതിക്രമങ്ങളിൽനിന്ന് അകന്നിരിക്കണമെന്ന് സഭാനേതൃത്വം നിഷ്കർഷിക്കുന്നു. കാരണം ഇതു കർത്താവിനെ ദ്രോഹിക്കുകയും ഇതിന് ഇരയാകുന്നവർക്ക് ശാരീരികവും മാനസികവും ആത്മീയവുമായ അപചയം ഉണ്ടാക്കുകയും വിശ്വാസികളടെ സമൂഹത്തെ ഹനിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. അതുകൊണ്ട് ഇതിൽനിന്നു പൂർണമായും വിടുതൽ പ്രാപിച്ച്, വ്യക്തിപരമായ വിശുദ്ധിയിലും ധാർമികമായ ബോധ്യങ്ങളിലും വളർന്ന് സുവിശേഷത്തിന് വിശ്വാസയോഗ്യമായ സാക്ഷ്യം നൽകാൻ എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രത്യേകിച്ചു വൈദികരെയും സമർപ്പിതരെയും മാർപാപ്പ ആഹ്വാനം ചെയ്യുകയാണ്.
സമൂഹത്തിൽ നടമാടുന്ന ലൈംഗികാതിക്രമങ്ങളുടെ വളരെ ചെറിയൊരു അംശം മാത്രമാണു സഭയിൽ കാണപ്പെടുന്നത് എന്ന കാര്യം വിസ്മരിക്കരുത്. സഭയിലെ എല്ലാ വൈദികരും സമർപ്പിതരും ഈ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും അഭിലഷണീയമല്ല. ഒരു വലിയ സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ ആ സമൂഹത്തിന്റെ ചില പ്രശ്നങ്ങൾ സഭയിലും കാണപ്പെടുന്നു എന്നു മാത്രം. മറ്റു മതനേതൃത്വങ്ങളും തങ്ങളുടെ സമൂഹത്തിൽനിന്ന് ഇത്തരം തിന്മകളെ ഉന്മൂലനം ചെയ്യുന്നതിനു നടപടികൾ സ്വീകരിക്കാൻ ഈ മോത്തുപ്രോപ്രിയോ പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം.