പാലാ: ആതുരശുശ്രൂഷയുടെ പുണ്യവഴികളില്‍ സഞ്ചരിക്കുന്ന സ്നേഹഗിരി മിഷനറി സമൂഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷസമാപനം 16 ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. രാവിലെ ഒന്‍പതിന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിക്ക് വിവിധ രൂപതാധ്യക്ഷന്മാര് സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് പാരീഷ്ഹാളില്‍ ചേരുന്ന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. മാര്‍ സെബാസ്റ്റ്യന്‍ വടക്കേൽ, മാര്‍ തോമസ് ഇലവനാൽ, ജോസ് കെ. മാണി എംപി, മാര്‍ ജോസഫ് പള്ളിക്കാപറമ്പിൽ, മാര്‍ ആന്റണി കരിയിൽ, മാര്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പി.സി. ജോര്‍ജ് എംഎല്‍എ, മാര്‍ ജോസഫ് കൊല്ലംപറമ്പിൽ, മാര്‍ എഫ്രേം നരികുളം, മാര്‍ ജേക്കബ് മുരിക്കൻ, മാര്‍ ജോസ് പുളിക്കൽ, മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, റവ.ഡോ. ആന്റണി പെരുമാനൂര്‍ എംഎസ്ടി, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സിഎംഐ, റവ.ഡോ. അഗസ്റ്റിന് വാലുമ്മേല്‍ ഒസിഡി, ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേൽ, സിസ്റ്റര്‍ ഡോ. മെര്ലിന് അരീപ്പറമ്പില്‍ എസ്എച്ച്, ബിജി ജോജോ കുടക്കച്ചിറ, ജോയി ഏബ്രഹാം, വക്കച്ചന് മറ്റത്തിൽ, തോമസ് ചാഴികാടന് എന്നിവര്‍ പ്രസംഗിക്കും. എസ്എംഎസ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ശോഭ സ്വാഗതവും അസി. മദര്‍ ജനറാള്‍ സിസ്റ്റര്‍ ഡോ. കാര്‍മല്‍ ജിയോ കൃതജ്ഞതയും പറയും.
ജൂബിലി ആഘോഷിക്കുന്ന സ്നേഹഗിരി സന്യാസിനി സമൂഹത്തിന് ഇരട്ടിമധുരം പകര്‍ന്ന് ഇന്നലെ അമ്പതു സഹോദരിമാരുടെ വ്രതവാഗ്ദാനം നടന്നു. പാലാ കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്രതവാഗ്ദാന ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് കൊല്ലംപറമ്പിൽ, മാര്‍ ജെയിംസ് അത്തിക്കളം എന്നിവര്‍ സഹകാര്‍മികരായിരുന്നു. 27 സഹോദരിമാര്‍ ആദ്യവ്രതവാഗ്ദാനവും 23 പേര് നിത്യവ്രതവാഗ്ദാനവും നടത്തി.
അഗതികള്‍ക്കും ആലംബഹീനര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഫാ. ഏബ്രഹാം കൈപ്പന്പ്ലാക്കലച്ചനാല് സ്ഥാപിതമായ സ്നേഹഗിരി സന്യാസിനീ സമൂഹത്തിന്റെ ആദ്യ ഭവനം 1969 മേയ് 24 ന് പാലായ്ക്കു സമീപം പരമലക്കുന്നില്‍ ആശീര്‍വദിക്കപ്പെട്ടു. പാലായുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിൽ, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ഉപദേശങ്ങളും സഹായങ്ങളും നല്കിവരുന്നു.
1971 മേയ് 11 ന് പത്ത് സന്യാസിനികള്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ മുമ്പില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1994 നവംബര്‍ 24 ന് രൂപത കോണ്‍ഗ്രിഗേഷനായും 2006 ഓഗസ്റ്റ് 15ന് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ പദവിയുള്ള സന്യാസിനീ സമൂഹമായും ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ സന്യാസിനീ സമൂഹത്തില്‍ 635 അംഗങ്ങളുണ്ട്. ഇവര്‍ കേരളത്തിനകത്തും പുറത്തും വിദേശമിഷനുകളിലുമായി 108 ഭവനങ്ങളിലായി അയ്യായിരത്തോളം പേര്‍ക്ക് ദൈവകരുണയുടെ ഉപകരണങ്ങളായി വര്‍ത്തിക്കുന്നു.