മെജ്യുഗോറെയിലേക്കു തീർഥാടനത്തിന് പേപ്പൽ അംഗീകാരം. മെജ്യുഗോറെയിലെ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം സംബന്ധിച്ചു സഭ പഠനം തുടരുന്നതേ ഉള്ളൂവെന്നും വത്തിക്കാൻ അറിയിച്ചു.
മധ്യയൂറോപ്പിന്റെ തെക്കുഭാഗത്തുള്ള ബാൾക്കൻ രാജ്യമായ ബോസ്നിയ-ഹെർസഗോവിന രാജ്യത്താണ് മെജ്യുഗോറെ. 1981 ജൂൺ 24-ന് ഇവിടെ ആറു കുട്ടികൾക്ക് സമാധാനരാജ്ഞിയായ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് വത്തിക്കാൻ കർദിനാൾ കമില്ലോ റൂയിനിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിച്ചു പഠിച്ചിരുന്നു. നാലു വർഷത്തെ പഠനത്തിനു ശേഷം 2017-ൽ കമ്മീഷൻ നല്കിയ റിപ്പോർട്ട് വിശ്വാസ തിരുസംഘം പരിശോധിച്ചുവരികയാണ്.
തീർഥാടനത്തിനുള്ള അനുവാദം മെജ്യുഗോറെയിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ആർച്ച്ബിഷപ് ഹെൻറിക്ക് ഹോസറും ബോസ്നിയ-ഹെർസഗോവിനയിലെ പേപ്പൽ നുൺഷ്യോ ആർച്ച്ബിഷപ് ലൂയിജി പെസൂട്ടോയും ചേർന്നാണ് മെജ്യുഗോറെയിലെ ദേവാലയത്തിൽ അറിയിച്ചത്.
മെജ്യുഗോറെയിലേക്കു രൂപതകളുടെയും ഇടവകകളുടെയും ആഭിമുഖ്യത്തിൽ ഇനി തീർഥാടനം സംഘടിപ്പിക്കാം. മെജ്യുഗോറെയിൽ മാതാവിന്റെ ദർശനം ലഭിച്ചതായി ആറു കുട്ടികളാണ് 38 വർഷം മുന്പു പറഞ്ഞത്. അവരിൽ മൂന്നു പേർക്ക് ഇന്നും ദിവസേന ദർശനം ലഭിക്കുന്നുണ്ട്. മെ ജ്യുഗോറെയിൽ താമസിക്കുന്ന വിക്ക, മോൻസ എന്ന സ്ഥലത്തു താമസിക്കുന്ന മരിയ, ലുണേത്തി, അമേരിക്കയിൽ താമസിക്കുന്ന ഇവാൻ എന്നിവരാണവർ. മിര്യാന സോൾഡോയ്ക്ക് എല്ലാ മാസവും രണ്ടാം തീയതി ദർശനം ലഭിക്കുന്നു. ഇവാങ്ക, യാക്കോവ് എന്നിവർക്കു വർഷത്തിലൊരിക്കലാണു മാതാവിന്റെ ദർശനം.
പഴയ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ഇവിടെ 1942-45 കാലയളവിൽ കമ്യൂണിസ്റ്റുകൾ 66 ഫ്രാൻസിസ്കൻ സന്യാസിമാരെ വധിക്കുകയുണ്ടായി. സന്യാസാശ്രമത്തിന്റെ തോട്ടത്തിലാണ് അവരിൽ പലരെയും അടക്കിയത്. ഇതേ സ്ഥലത്താണ് 1981-ൽ കുട്ടികൾക്കു പരിശുദ്ധ കന്യക പ്രത്യക്ഷയായത്. ഇപ്പോൾ പ്രതിവർഷം 10 ലക്ഷത്തിലേറെപ്പേർ ഇവിടം സന്ദർശിക്കുന്നു.
വീസ സൗകര്യം കൊച്ചിയിൽ
മെജ്യുഗോറെ യാത്രയ്ക്കു വീസ ലഭിക്കാനുള്ള സാങ്കേതിക സഹായം കൊച്ചിയിൽ മെസേഴ്സ് ഇന്റർനാഷണൽ അസോസ്യേറ്റ്സിൽ ലഭിക്കും. പാലാരിവട്ടത്തു പ്രവർത്തിക്കുന്ന ഈ ഓഫീസിലെ ഫോൺ: 0484-2363 626.മൊബൈൽ: 8848 913961, 9074300170.