കെ.പി. ശശി/ വിനോദ് നെല്ലയ്ക്കല്‍
ഭാരതമെങ്ങും തന്റെ പാദമുദ്രകള്‍ പതിപ്പിച്ചിട്ടുള്ള പ്രഗല്‍ഭനായ ആക്ടിവിസ്റ്റ് ഫിലിം മെയ്ക്കര്‍ ആണ് കെ പി ശശി. ജനനം കൊണ്ട് മലയാളിയെങ്കിലും ബാംഗ്ലൂരില്‍ വസിച്ച് ഒട്ടേറെ ശ്രദ്ധേയമേഖലകളില്‍ ഇടപെടുകയും ദേശീയ, അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഏറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഇദ്ദേഹം, മൂന്ന് ഫീച്ചര്‍ സിനിമകളുടെയും, മുപ്പതിലേറെ ഡോക്യുമെന്ററികളുടെയും സംവിധായകനാണ്.
ഏതാനും വര്‍ഷങ്ങളായി ഒറീസയിലെ കാണ്ടമാല്‍ എന്ന കലാപഭൂമിയില്‍ കാലുറപ്പിച്ചുനിന്ന്, തകര്‍ന്നടിഞ്ഞ ഒരു ജനതതിയെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അദ്ദേഹം നല്‍കിവരുന്ന സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. 2009 ജനുവരി മുതല്‍ കാണ്ടമാലിനെ അടുത്തറിയുന്ന അദ്ദേഹം, കാണ്ടമാല്‍ എന്ന ദുരന്തഭൂമിയുടെ യഥാര്‍ത്ഥചിത്രം ലോകജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നലക്ഷ്യത്തോടെ Voices from the Ruins എന്ന ഒരു സിനിമയും ഒരുക്കിയിരിക്കുന്നു. ഈ പുണ്യഭൂവില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതറി, നിരപരാധികളുടെ രക്തം ചിന്തി, തങ്ങളുടെ ഹീനതാല്‍പ്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കും വേണ്ടി വിയര്‍പ്പൊഴുക്കുന്ന അന്ധകാരശക്തികളെ ഈ ചിത്രത്തിലൂടെ അദ്ദേഹം ലോകമനസാക്ഷിയുടെ വിചാരണയ്ക്ക് സമര്‍പ്പിക്കുന്നു.
2008ല്‍, ലോകത്തെ നടുക്കിയ, നൂറിലേറെ നിരപരാധികളെ നിഷ്ഠൂരം കൊന്നൊടുക്കിയ, അനേക കുടുംബങ്ങളെ അനാഥത്വത്തിലേയ്ക്കും, അരക്ഷിതാവസ്ഥയിലേയ്ക്കും തള്ളിവീഴ്ത്തിയ കാണ്ടമാല്‍ കലാപത്തെ ഏറ്റവുമടുത്ത് വീക്ഷിക്കുകയും, ആ സമൂഹത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത കെ പി ശശി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
കാണ്ടമാലിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍
ഒറീസയുടെ പ്രത്യേകമായ സാമൂഹികപശ്ചാത്തലത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയത് 1999ല്‍ ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ക്രൂരമായി അഗ്‌നിക്കിരയാക്കിയ സംഭവത്തോടെയാണ്. ആ സമയത്ത് ബംഗ്ലൂരില്‍ എനിക്ക് ബന്ധമുണ്ടായിരുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പ്രതിഷേധ പ്രകടനം നടത്തപ്പെടുകയും, അത് വാര്‍ത്തയാവുകയുമൊക്കെ ചെയ്തിരുന്നു. അന്ന് ഞങ്ങളുടേതായ രീതിയില്‍ അത്തരമൊരു ഗുരുതരമായ വിഷയത്തില്‍ ഇടപെടുകയാണ് ഉണ്ടായത്. അതിനുമുമ്പും തുടര്‍ന്നും, വിവിധ ജനവിഭാഗങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള പല വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്കും എതിരെ ഞങ്ങള്‍ പ്രതികരിക്കുകയുണ്ടായിട്ടുണ്ട്. ഗ്രഹാം സ്‌റ്റെയിന്‍സ് വിഷയമാണ് ക്രൈസ്തവര്‍ ഇവിടെ നേരിട്ട ഏറ്റവും ഹീനമായ അതിക്രമം എന്നതാണ് അന്ന് ഞാന്‍ കണ്ട ഒരു കാര്യം. ഒരു ഫിലിം മെയ്ക്കര്‍ എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് ആയിരുന്നതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ഗൗരവമായി എന്നും ഇടപെടാന്‍ ശ്രദ്ധിച്ചിരുന്നു.
ഇത്തരത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് മേല്‍ നടമാടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് അതിക്രമങ്ങളില്‍ നമ്മില്‍ പലരും പലവിധത്തില്‍ പ്രതിഷേധിച്ചിരുന്നു എങ്കില്‍ പോലും, കേവലം പ്രതികരണം എന്നതിനപ്പുറം മറ്റൊരു ഫലവും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. മിക്കവാറും അല്‍പ്പനാളുകള്‍ക്ക് ശേഷം നാം നിശബ്ദരാവുകയും, അതേസമയം, അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അജണ്ടകളുമായി മുന്നോട്ടു പോവുകയുമാണ് സംഭവിക്കുക. പലപ്പോഴും അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ നാം അറിയുന്നുപോലുമില്ല.
പതിനെട്ടില്‍പരം പള്ളികള്‍ കാണ്ടമാലില്‍ നശിപ്പിക്കപ്പെട്ട വിവരം ആദ്യഘട്ടത്തില്‍ ഞങ്ങളെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ തന്നെയും അറിഞ്ഞിരുന്നില്ല. കാണ്ടമാല്‍ കലാപം വേണ്ടവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുപോലുമില്ല എന്നതാണ് വാസ്തവം. കുറെ മാസങ്ങള്‍ക്ക് ശേഷം മറ്റുപലരീതിയിലും പുറംലോകം യാഥാര്‍ത്ഥ്യം അറിഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ കുറച്ചെങ്കിലും അവിടെ ഇടപെട്ടുതുടങ്ങിയത്. 2008ല്‍ ആയിരുന്നു കാണ്ടമാല്‍ കലാപം നടന്നത്. തുടര്‍ന്നുവന്ന കാലങ്ങളില്‍ ബംഗ്ലൂരില്‍ ഏതാനും സംഘടനകള്‍ക്കൊപ്പം ചില പ്രതിഷേധ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായിരുന്നു. കൂടുതലായി ജനശ്രദ്ധ ആകര്‍ഷിക്കണമെന്ന ചിന്തയില്‍ ഒരു ടിഷര്‍ട്ട് കാംപെയ്ന്‍ സംഘടിപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചത് ഞാനായിരുന്നു. വിജയകരമായ ആ പരിപാടിയില്‍, ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത നാലായിരത്തോളം ടിഷര്‍ട്ടുകള്‍ കാണ്ടമാലിനെക്കുറിച്ചുള്ള സന്ദേശപ്രചരണാര്‍ത്ഥം അവിടെ വിതരണം ചെയ്യപ്പെടുകയുണ്ടായി. ക്രൈസ്തവവിശ്വാസിയല്ലാത്ത ഞാന്‍, ഒരു മനുഷ്യാവകാശപ്രശ്‌നം എന്ന രീതിയിലാണ് കണ്ടമാല്‍ കലാപത്തെ പരിഗണിച്ചിരുന്നത്. ഏതൊരു ജനതയ്ക്ക് മേലുമുള്ള മതപരവും അല്ലാത്തതുമായ എല്ലാത്തരം കടന്നുകയറ്റങ്ങളും അടിസ്ഥാനപരമായി മനുഷ്യാവകാശപ്രശ്‌നങ്ങളായാണ് ഞാന്‍ കാണാറുള്ളത്.
ആ കാലങ്ങളില്‍ ഒറീസയില്‍ എനിക്ക് വേറെ ചില ബന്ധങ്ങളും ഉണ്ടായിരുന്നു. ചില ആദിവാസി സമരങ്ങളെക്കുറിച്ച് മുമ്പ് തന്നെ ഒരു സിനിമ എടുത്തിരുന്നു. ആദ്യം പറഞ്ഞതുപോലെ അവിടെയും ഞങ്ങളുടെ ഇടപെടലുകള്‍ സിനിമയുടെ തലത്തില്‍ മാത്രമായിരുന്നില്ല. എന്റെ ഇടപെടലുകള്‍ അക്ടിവിസ്റ്റിന്റേതു കൂടി ആയിരുന്നതിനാല്‍ ആ സമരങ്ങളും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുവാനും ഇടയാക്കിയിരുന്നു. പിന്നീട്, 2009 ജനുവരിയില്‍ അത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട ഒരു പദയാത്രയ്ക്കിടയിലാണ് കാണ്ടമാല്‍ സ്വദേശിയായ ഫാദര്‍ അജയ് സിംഗിനെ ഞാന്‍ പരിചയപ്പെടുന്നത്. അത് ഒരു വഴിത്തിരിവായിരുന്നു. കാണ്ടമാല്‍ പ്രശ്‌നത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുവാന്‍ ഏറ്റവും യത്‌നിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കലാപത്തെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നവരുടെയും, അതിന് ഇരകളായവരുടെയും പ്രതിനിധിയായി ആ കാലങ്ങളില്‍ പുറംലോകത്ത് പ്രത്യക്ഷപ്പെട്ടിരുന്നതും അദ്ദേഹമായിരുന്നു. 1956ല്‍ ഒറീസ സര്‍ക്കാര്‍ ഡി നോട്ടിഫൈ ചെയ്ത ചില ആദിവാസി സമൂഹങ്ങളില്‍ ഒന്നില്‍ അംഗമായിരുന്നു അദ്ദേഹം. അത്തരം കാരണങ്ങളാല്‍ ആ സമൂഹങ്ങള്‍ക്കിടയില്‍ ഇന്നും ചില പ്രതിഷേധങ്ങള്‍ നടന്നുവരുന്നുമുണ്ട്. ഫാ. അജയ് സിംഗിനെ പോലെ, ഏറെ വൈദികരും സന്യസ്തരും ഇന്ന് ദളിത് ആയി അറിയപ്പെടുന്ന ഇത്തരം സമൂഹങ്ങളില്‍നിന്നുമാണുള്ളത്.
കാണ്ടമാലിലേയ്ക്ക്
ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദേശം ബോധ്യമുണ്ടായിരുന്ന ഫാ. അജയ് സിംഗ് കാണ്ടമാലിലെ അവസ്ഥ എന്നോട് വിശദീകരിച്ചു. ഗ്രാമവാസികളുടെ നഷ്ടപ്പെട്ടുപോയ ആത്മധൈര്യത്തെക്കുറിച്ചും, വളരെ മോശമായി നിലനില്‍ക്കുന്ന സ്ഥിതിഗതികളെക്കുറിച്ചും ഏറെ വേദനയോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഒപ്പം കാണ്ടമാലിന്റെ ഇത്തരം പരിതസ്ഥിതിയില്‍ ഗ്രാമീണര്‍ക്ക് ഊര്‍ജ്ജം പകരുവാനായി എന്തെങ്കിലും ചെയ്യുവാനാവുമോ എന്ന് അദ്ദേഹം തിരക്കി. അല്‍പ്പം ആലോചിച്ചശേഷം ആ ഉദ്യമം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അഞ്ചു ദിവസത്തെ ഒരു പ്രോഗ്രാമാണ് ഞാന്‍ അവതരിപ്പിച്ചത്. ഞാനും കുറച്ചു സുഹൃത്തുക്കളും അവിടെയെത്തി കുറച്ചു സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും, ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങളുടെ ഇടപെടലുകളിലൂടെയും, ചര്‍ച്ചകളിലൂടെയും, സിനിമകളിലൂടെയും മറ്റും അവര്‍ക്ക് ആത്മവിശ്വാസം ലഭിച്ചേക്കും എന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം അതിജീവനത്തിന്റെ കഥകള്‍ പറയുന്ന കുറെ നല്ല സിനിമകള്‍ കൈവശമുണ്ട് എന്നതായിരുന്നു എന്റെ ധൈര്യം. അത്തരം സിനിമകളും ചര്‍ച്ചകളും അവരുടെ നഷ്ടപ്പെട്ടുപോയ ധൈര്യവും ആത്മവിശ്വാസവും തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
തുടര്‍ന്ന്, ഞാന്‍ എന്റെ അടുത്ത സുഹൃത്തും ആക്ടിവിസ്റ്റ് ഫിലിം മേയ്ക്കറുമായ സി ശരത്ചന്ദ്രനെ വിളിച്ചു. പിന്നെ മറ്റുചിലരെയും. സിനിമകളുമായി സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്നേക്കാള്‍ വൈദഗ്ദ്യം ശരത്തിന് ഉണ്ടായിരുന്നു. ഞങ്ങള്‍ നാല്‍പ്പത്തഞ്ചോളം ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. അതില്‍ ഏറെയും വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ക്ക് എതിരെയുള്ളവയായിരുന്നു. ഒരേ സ്വഭാവമുള്ളവ മാത്രം കണ്ടാല്‍ മനസംഘര്‍ഷം ഉണ്ടാവാനിടയുള്ളതിനാല്‍, വിവിധ സമുദായങ്ങള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളെ പരാമര്‍ശിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. െ്രെകസ്തവര്‍ക്ക് മീതെ മാത്രമല്ല, മറ്റനേക സമൂഹങ്ങള്‍ക്ക് മീതെയും ഇത്തരം കടന്നുകയറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടേണ്ടത് ആവശ്യമായിരുന്നു. ഒരേ അജണ്ടയില്‍ ഇവിടെ പലകാലങ്ങളായി പല അതിക്രമങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇത്തരം ഘട്ടങ്ങളില്‍ ജനകീയ മുന്നേറ്റങ്ങള്‍ അതിജീവനത്തിനായി സമൂഹങ്ങളെ എത്രമാത്രം സഹായിക്കുന്നു എന്നതും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇത്തരത്തിലുള്ള ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട്, എന്റെയും, ശരത്തിന്റെയും ആനന്ദ് പട്‌വര്‍ദ്ധന്റെയും തുടങ്ങി ഞങ്ങളില്‍ പലരുടെയും സിനിമകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഞാനും ശരത്തും കൂടി കാണ്ടമാലില്‍ എത്തിയപ്പോള്‍ രാത്രി പന്ത്രണ്ടുമണിയായി. ഉള്‍ക്കാടുകളില്‍കൂടിയായിരുന്നു യാത്ര. ലക്ഷ്യസ്ഥാനമായ പാസ്റ്ററല്‍ ഹൗസില്‍ എത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച അഗ്‌നിക്കിരയായി കിടക്കുന്ന ഒരു ജീപ്പ് ആണ്. ആ കെട്ടിടത്തിന്റെ ജനാലകളും വാതിലുകളുമെല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് തുടര്‍ന്ന് കണ്ടത്. സമാനമായ ചില കാഴ്ചകള്‍ അവിടെയെത്തുന്നതിന് തൊട്ടുമുമ്പും ശ്രദ്ധയില്‍ പെട്ടിരുന്നു. ഒരു ഭീകരാന്തരീക്ഷമായി ഞങ്ങള്‍ക്ക് അതനുഭവപ്പെട്ടു. പാസ്റ്ററല്‍ സെന്ററില്‍ രണ്ട് വൈദികര്‍ ഉണ്ടായിരുന്നു. മുന്‍പേ അറിവ് ലഭിച്ചിരുന്നതിനാല്‍ അവര്‍ ഞങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി അവിടെ കാത്തിരുന്നിരുന്നു. അവിടെ അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍, അവിടുത്തെ ഊണുമുറി മുഴുവന്‍ കത്തിയെരിഞ്ഞതായി കാണപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ക്ക് ഉറങ്ങാന്‍ ലഭിച്ച റൂമുകളും വ്യത്യസ്ഥമായിരുന്നില്ല. അതിനകം, പരസ്പരം ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. മുമ്പ് തന്നെ, ഗുജറാത്തിലടക്കം ഏറെ ദുരന്തമുഖങ്ങളില്‍ ഇടപെട്ടിരുന്നുവെങ്കിലും, ഇത്തരമൊരു അനുഭവം അന്നുണ്ടായിരുന്നില്ല. യുദ്ധസമാനമെങ്കിലും കാണ്ടമാലില്‍ ഞങ്ങള്‍ കണ്ട കാഴ്ചകള്‍ ഒരു യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. കാരണം യുദ്ധമെന്നാല്‍ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ളതാണല്ലോ. ഇത് പ്രതികരിക്കാനറിയാത്ത ഒരു പാവപ്പെട്ട സമൂഹത്തിനു മേലുള്ള അഴിഞ്ഞാട്ടമായിരുന്നു.
തുടര്‍ന്നും അവിടുത്തെ കാഴ്ചകള്‍ എനിക്ക് ഒരു ഷോക്കായിരുന്നു. മുഴുവന്‍ തകര്‍ന്ന ഒരു നാട്ടില്‍, എന്തിനും ഭയന്നിരിക്കുന്ന ഒരു ജനതയെയാണ് നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ അവിടെ കണ്ടത്. കേസുകള്‍ കുറെയേറെ നിലനിന്നിരുന്നുവെങ്കിലും, അവര്‍ക്കുമീതെ ശക്തമായ ഭീഷണികള്‍ ഉണ്ടായിരുന്നു. വധഭീഷണികള്‍ മൂലം പലരും കേസുകള്‍ പിന്‍വലിച്ചിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍, അവര്‍ക്കുവേണ്ടി എന്തൊക്കെയോ ചെയ്യുവാനായി ചിലര്‍ എത്തുന്നു എന്ന വലിയ പ്രതീക്ഷയോടെയാണ് അവര്‍ ഞങ്ങളെ കാത്തിരുന്നിരുന്നത്. കലാപം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞതിനുള്ളില്‍ അവിടെ കുറേപ്പേര്‍ വന്നുപോയിരുന്നെങ്കിലും, യാതൊരുവിധ ഇടപെടലുകളും നടന്നിരുന്നില്ല. ഒരു പ്രവര്‍ത്തനങ്ങളും തുടങ്ങി വയ്ക്കാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ആ ധൈര്യം കൊടുക്കുകയായിരുന്നു നമ്മുടെ ദൗത്യം.
കാണ്ടമാലിലെ ദുരിതബാധിതര്‍ക്കൊപ്പം
ആദ്യദിവസം പത്തുമണിയോടെ എത്തിച്ചേര്‍ന്ന എഴുപത്തേഴ് പേര്‍ പാസ്റ്ററല്‍ സെന്ററിന്റെ കത്തിയെരിഞ്ഞ ഒരു ഹാളില്‍ ഒരുമിച്ചുകൂടി. വര്‍ണ്ണനാതീതമായ അതിക്രമങ്ങള്‍ക്കിരയായ ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധികളും, അവര്‍ക്കിടയില്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നവരുമായിരുന്നു ആ ചെറുസംഘം. ഇവര്‍ ഓരോരുത്തരും പലവിധങ്ങളായ ഭീഷണികളിലായിരുന്നു ജീവിച്ചിരുന്നത്. ആദ്യദിവസം ഞാനും ശരത്തുമായിരുന്നു ആ സമൂഹത്തോടൊപ്പം ഉണ്ടായിരുന്നതെങ്കില്‍, അടുത്ത ദിവസമായപ്പോഴേയ്ക്കും, അടുത്ത സുഹൃത്തുകൂടിയായ ജാര്‍ഘണ്ടില്‍നിന്നുള്ള മേഘനാഥ് എന്ന ആക്ടിവിസ്റ്റ് എത്തി. ഒപ്പം ഒറീസയില്‍നിന്നുള്ള പ്രഫുല്ല സാമന്ത്‌റായ്, ധീരേന്ദ്ര പാണ്‍ഡേ തുടങ്ങിയവരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
ഓരോ സിനിമയ്ക്കും ശേഷം പലതരത്തിലുള്ള ചര്‍ച്ചകളായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ആദ്യ ദിവസം ഒരു ചര്‍ച്ചയും നടന്നില്ല. സിനിമയുടെ പ്രതികരണം ചോദിക്കുമ്പോള്‍ ആരും ഒന്നും ശബ്ദിച്ചില്ല. ഞങ്ങള്‍ ആദ്യ ദിവസം അവിടെ കണ്ടത് ശബ്ദമുയര്‍ത്തുവാന്‍ പോലും ഭയപ്പെടുന്ന ഒരു ജനതയെയാണ്. രണ്ടാമത്തെ ദിവസമായപ്പോഴേയ്ക്കും അവര്‍ ചെറുതായി സംസാരിച്ചുതുടങ്ങി. മൂന്നാമത്തെ ദിവസമായപ്പോള്‍ നന്നായി സംസാരിക്കാമെന്നായി. നാലാമത്തെ ദിവസംമുതല്‍ ശക്തമായ തുറന്ന ചര്‍ച്ചകള്‍ക്ക് ആരംഭമായി. കുറെയേറെ കാഴ്ച്ചകളിലൂടെയും ചര്‍ച്ചകളിലൂടെയും കടന്നുപോയപ്പോള്‍, അവരുടെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങള്‍ക്കപ്പുറം, നടന്ന അതിക്രമങ്ങളുടെ ഒരു യഥാര്‍ത്ഥ ചിത്രം അവര്‍ക്ക് വ്യക്തമായി തുടങ്ങിയിരുന്നു. അതുവരെയും, മതപരമായതോ, കണ്ടമാല്‍ എന്ന ദേശത്തിന്റെ മാത്രമോ ആയ ഒരു പ്രശ്‌നം എന്നതിനപ്പുറം വിശാലമായ ഒരു കണ്ണിലൂടെ ഇത്തരമൊരു ദുരനുഭവത്തെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വലിയൊരു പ്രോസസ്സിന്റെ ഭാഗമായിരുന്നു ഈ കഴിഞ്ഞതൊക്കെ എന്നുംമറ്റുമുള്ള കാഴ്ചപ്പാടുകളും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. അതുപോലെ തന്നെ മറ്റൊരു ചര്‍ച്ചാവിഷയമായിരുന്നു, ഇത്തരമൊരു ക്രൂരമായ മനുഷ്യാവകാശലംഘനം ഉണ്ടായാല്‍ അതിനോട് എപ്രകാരം പ്രതികരിക്കണം എന്നതും. തുടര്‍ന്ന് സിനിമകള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കായുള്ള ഇടവേളകളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറുകള്‍ വരെ നീണ്ടു. മിക്കവാറും അവര്‍ തന്നെയായിരുന്നു കൂടുതല്‍ സംസാരിച്ചതും. അത്രമാത്രം ഗ്രാമവാസികള്‍ ഞങ്ങളുടെ ലക്ഷ്യത്തോട് അടുത്തു തുടങ്ങി.
അഞ്ചാം ദിവസത്തിലെ അവസാന ചര്‍ച്ചയില്‍ ഇനിയെങ്ങനെ കാണ്ടമാല്‍ ജനത മുന്നോട്ടുനീങ്ങണം എന്ന വിഷയം ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത് ഞാനായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുപകരം എന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ക്കുകയായിരുന്നു ഇത്തവണ അവര്‍ ചെയ്തത്. വിക്ടിംസ് ആന്‍ഡ് സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുക, സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു ഗ്രൂപ്പ് ഉണ്ടാവുക, ലഹളകള്‍ക്കിടയില്‍ പ്രവര്‍ത്തനസജ്ജരാകുവാന്‍ കഴിയുന്ന ഒരു സംഘം ഉണ്ടായിരിക്കുക എന്നിങ്ങനെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ മുന്നോട്ടുവച്ചു. ഒപ്പം, ദേശീയ തലത്തില്‍ ഈ പ്രശ്‌നം ശ്രദ്ധിക്കപ്പെടുന്നതിനും, ശാശ്വതമായ പരിഹാരം സാധ്യമാകുന്നതിനുമായി പുറത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തി ഒരു പീപ്പിള്‍സ് ട്രിബ്യൂണല്‍ രൂപീകരിക്കപ്പെടണം എന്ന പ്രധാന ആശയവും ഞാന്‍ അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം, ഏറ്റവും ശക്തമായ പ്രവര്‍ത്തനപദ്ധതികള്‍ രൂപീകരിച്ച്, വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയും അവരെ ബോധ്യപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിച്ചു. ഈ നിര്‍ദ്ദേശങ്ങളെയെല്ലാം പൂര്‍ണ്ണമായ അംഗീകാരത്തോടെ അവര്‍ സ്വീകരിച്ചു. തുടര്‍ന്ന് പീപ്പിള്‍സ് ട്രിബ്യൂണല്‍ ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഫാദര്‍ അജയുടെ നേതൃത്വത്തില്‍ തുടങ്ങിവയ്ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ, തദ്ദേശീയമായ പ്രവര്‍ത്തനമേഖലകളിലെല്ലാം വ്യക്തമായ ലക്ഷ്യബോധത്തോടെ അവര്‍ മുന്നേറുകയുമായിരുന്നു.
ഒരു ക്രിസ്ത്യന്‍ ഇഷ്യൂ എന്നത് മാത്രമായി ഈ വിഷയം ഉയര്‍ത്തി കാണിക്കപ്പെടാതെ, ഒരു മനുഷ്യാവകാശപ്രശ്‌നം എന്ന രീതിയില്‍ ദേശീയശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു. അതിനായി അക്രൈസ്തവരും കൂടി പീപ്പിള്‍സ് ട്രിബ്യൂണലിന്റെ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച്, നാഷണല്‍ ക്രെഡിബിലിറ്റിയുള്ള രാം പുനാനി കണ്‍വീനറും, ധീരേന്ദര്‍ പാണ്‍ഡേ കോഓര്‍ഡിനേറ്ററുമായി ചുമതലയെറ്റെടുത്തു. ഡല്‍ഹി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ആ പീപ്പിള്‍സ് ട്രിബ്യൂണലിന് അമ്പത്തിരണ്ട് വിവിധഗ്രൂപ്പുകളുടെ പിന്തുണയും ഉണ്ടായിരുന്നു. ജഡ്ജിമാര്‍ അടക്കമുള്ള അനവധി പ്രമുഖരുടെയും, ആക്ടിവിസ്റ്റ്കളുടെയും സജീവപങ്കാളിത്തം തുടക്കം മുതല്‍ ഉണ്ടായിരുന്ന ആ സംരംഭം വലിയൊരു വിജയമായിരുന്നു. ആറുമാസക്കാലത്തോളം എന്റെ മുഴുവന്‍ സമയവും ഞാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചത്. തങ്ങളുടെ പ്രധാനവിഷയമായി ഈ വിഷയം നെഞ്ചിലേറ്റിയ വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളാണ് ആ കാലത്തെ പ്രവര്‍ത്തന ചെലവുകള്‍ വഹിച്ചിരുന്നത്.
ദേശീയതലത്തില്‍ ഇടപെട്ട വിവിധഗ്രൂപ്പുകള്‍ ഈ പ്രശ്‌നത്തെ വ്യത്യസ്ഥ തലങ്ങളിലാണ് സമീപിച്ചത്. അതനുസരിച്ച്, ആ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം പ്രശ്‌നങ്ങളുടെ മേല്‍ പല സംഘടനകളും ഇടപെടുകയുണ്ടായി. ഡല്‍ഹിയിലുള്ള ഒരു ഗ്രൂപ്പ് കണ്ടമാലിലെ കുട്ടികളുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു.
2009ല്‍ ആദ്യം ഞങ്ങള്‍ കാണ്ടമാലില്‍ എത്തിയപ്പോള്‍, ശരത്ചന്ദ്രന്റെ കയ്യില്‍ അദ്ദേഹം എപ്പോഴും കൊണ്ടുനടക്കാറുള്ള ഒരു കാമറയും ഉണ്ടായിരുന്നു. ആദ്യത്തെ രാത്രിയില്‍, കലാപത്തിന്റെ അവശേഷിപ്പുകള്‍ കണ്ട് മനസ്സ് മരവിച്ചിരുന്നപ്പോഴാണ് ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം എന്നോട് ചോദിച്ചത്. കുഴപ്പമില്ല, തുടങ്ങാം എന്നായിരുന്നു എന്റെ മറുപടി. എങ്ങനെ മുന്നോട്ട് പോകുമെന്ന് ഒരു പിടിയുമില്ലെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും താല്‍പ്പര്യവും അനുസരിച്ച് അടുത്ത പുലര്‍ച്ചയില്‍ കുറെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്നുവന്ന അഞ്ചു ദിവസങ്ങളിലും രാവിലെകളില്‍ പല സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് ഞങ്ങള്‍ ഷൂട്ട് ചെയ്തു. അതായിരുന്നു സിനിമയുടെ തുടക്കം.
ആ കാലങ്ങളില്‍ സിനിമയെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും, കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് കാണ്ടമാല്‍ ജനതയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു. അതേസമയം, ഒപ്പമുള്ള ചില ഗ്രൂപ്പുകളുമായി സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആക്ടിവിസത്തിന്റെ ഭാഗമായി തന്നെ പുറംലോകത്തെ യഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഒരു സിനിമയും ആവശ്യമാണ് എന്ന ആശയം പൊതുവേ ഉണ്ടായിരുന്നത് ശക്തിപകര്‍ന്നു.
പീപ്പിള്‍സ് ട്രിബ്യൂണല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് തുടക്കകാലങ്ങളില്‍ മുന്നോട്ടുപോയിരുന്നത്. സിനിമയ്ക്കായി ലഭിച്ചിരുന്ന പണം പോലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവന്ന നാളുകളായിരുന്നു അത്. ഞങ്ങള്‍ കുറച്ചുപേരുടെ പ്രയത്‌നങ്ങളുടെ ഫലമായി പീപ്പിള്‍സ് ട്രിബ്യൂണല്‍ ഒരു വലിയ വിജയമായി മാറുവാന്‍ അധികകാലം വേണ്ടിവന്നില്ല. ഒരിക്കല്‍ ഡല്‍ഹിയില്‍ വച്ച് വിപുലമായ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനമായി. ആ നാളുകളില്‍ ബ്രിന്ദ കാരാട്ടുമായും ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്, ബ്രിന്ദ, അനി രാജ (എ രാജയുടെ ഭാര്യ) തുടങ്ങിയ പ്രഗല്‍ഭരായ അനേകര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളായി മാറി. വ്യത്യസ്ഥ സാമൂഹിക മേഖലകളില്‍ നിന്ന് ഒട്ടേറെ പ്രമുഖരെ അണിനിരത്തുവാന്‍ കഴിഞ്ഞത് പീപ്പിള്‍സ് ട്രിബ്യൂണലിന്റെ വലിയൊരു നേട്ടമായിരുന്നു.
ധീരേന്ദര്‍ പാണ്‍ഡേയുടെ പങ്ക് വളരെ വലുതായിരുന്നു. അതോടൊപ്പം ഫാ. അജയ്യുടെ ശക്തമായ നേതൃത്വവും അവിടെയുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെയെല്ലാം ഊര്‍ജ്ജം. തുടര്‍ന്ന് സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ശക്തിപ്പെട്ടു. അങ്ങനെ പലരീതിയിലും, കാണ്ടമാലിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ മുന്നേറി. എന്നാല്‍ ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഈ പ്രവര്‍ത്തനങ്ങളെല്ലാം തണുത്തുതുടങ്ങി. അപ്പോഴാണ് കാണ്ടമാല്‍ ഡേ എന്ന ആശയം ഞാന്‍ മുന്നോട്ടുവച്ചത്. അത് പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷങ്ങളിലും ആചരിച്ചുവരുന്നു. കാണ്ടമാല്‍ കലാപം പൊട്ടിപ്പുറപ്പെട്ട ആഗസ്റ്റ് ഇരുപത്തഞ്ചാം തിയ്യതി കാണ്ടമാല്‍ ദിനമായി ആചരിക്കുക വഴിയായി, കാമ്പൈന്‍ സംഘടിപ്പിച്ച് രാജ്യത്തെ മുഴുവന്‍ കാണ്ടമാലിലെ ദുരിതബാധിതര്‍ക്ക് പിന്തുണയ്ക്കായി അണിനിരത്തുവാന്‍ കഴിയുന്നുണ്ട്.
കാണ്ടമാല്‍ ഒരു പരീക്ഷണശാല
യഥാര്‍ത്ഥത്തില്‍, ഗുജറാത്തിനും മുമ്പ് തന്നെ പ്ലാന്‍ ചെയ്യപ്പെട്ട, ഇന്ത്യയിലെ കമ്മ്യൂണല്‍ ഫാസിസ്റ്റ് ശക്തികളുടെ വലിയൊരു വര്‍ഗ്ഗീയ പരീക്ഷണശാലയായിരുന്നു കാണ്ടമാല്‍. 1967 മുതലാണ് അതിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ വര്‍ഷം സ്വാമി ലക്ഷ്മണാനന്ദയെ ഹിന്ദുത്വ ശക്തികള്‍ (ഹിന്ദുത്വശക്തി എന്ന് പറയുന്നതിന് ഹൈന്ദവമതവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്) കാണ്ടമാലില്‍ നിയമിക്കുകയായിരുന്നു. ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷം വിതയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
ഞാന്‍ മനസ്സിലാക്കിയതനുസരിച്ച്, സ്വാമിക്ക് അല്‍പ്പം സംസ്‌കൃതവും ബ്രാഹ്മണ ആചാരങ്ങളും അറിയാമായിരുന്നു. ഒപ്പം, മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും കയ്യിലെടുക്കുവാനും ചില വിഭാഗങ്ങളെ പിടിച്ചിരുത്തുന്ന രീതിയില്‍ സംസാരിക്കുന്നതിനുമുള്ള വൈദഗ്ദ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍, അതിനപ്പുറം സ്വാമി ഒരു ആത്മീയമനുഷ്യന്‍ ആയിരുന്നില്ല. ആദിവാസികളെ ദുരുപയോഗിച്ചതിനും, മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ക്കും മറ്റുമായി മുപ്പത്തഞ്ചോളം കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ന്യൂനപക്ഷ െ്രെകസ്തവരെ ഉന്മൂലനം ചെയ്‌തെങ്കില്‍ മാത്രമേ ഹിന്ദു രക്ഷപെടുകയുള്ളൂ എന്നതായിരുന്നു എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ സാരാംശം. പലകാലങ്ങളിലായി സ്വാമിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളൊന്നും ഒരിക്കലും മുന്നോട്ടു പോയിരുന്നില്ല. സംഘപരിവാറിന്റെ വിപുലമായ നെറ്റ്വര്‍ക്കുകള്‍ അയാള്‍ക്കുവേണ്ടി പോലീസിനെയും, രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ചിരുന്നു.
1967 മുതല്‍ പലതരത്തിലുള്ള കലഹങ്ങളും, അസ്വസ്ഥതകളും കാണ്ടമാലില്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍, 2008ലെ കലാപത്തിന്റെ അവസരം വരെയും അവയിലൊന്നും പുറത്തുനിന്നുള്ള ആരും ഇടപെട്ടിരുന്നില്ല. സെക്കുലര്‍ സമൂഹമോ, ക്രൈസ്തവ സഭകള്‍ തന്നെയോ ഒരിക്കലും പ്രതികരിച്ചിട്ടുള്ളതായി ആറിയില്ല. ഒടുവില്‍ പ്രധാന കലാപം ഉണ്ടായപ്പോള്‍ മാത്രമാണ് പുറത്തുനിന്ന് ആരെങ്കിലും കാണ്ടമാലിനെക്കുറിച്ച് സംസാരിക്കുന്നതോ, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതോ.
കാണ്ടമാലിലെ ക്രൈസ്തവര്‍
കാണ്ടമാലിന്റെ ചരിത്രത്തില്‍ ക്രൈസ്തവസമൂഹം അവിടെ രൂപപ്പെടുന്നത് 1850കളിലാണ്. അതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിലാണ് ഹൈന്ദവര്‍ അവിടെയുണ്ടാകുന്നത്. 1850ഓടുകൂടി ക്രൈസ്തവ മിഷനറിമാര്‍ അവിടെയെത്തുമ്പോള്‍, ഹിന്ദുമതമടക്കമുള്ള ഇന്നുള്ള ഒരു മതവും അവിടെയുണ്ടായിരുന്നില്ല. പ്രകൃതിയാരാധന (Animism) പോലുള്ള പ്രാകൃതങ്ങളായ വിശ്വാസ ആചാരങ്ങളാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഹൈന്ദവസമൂഹങ്ങളും അവര്‍ക്കിടയില്‍ രൂപപ്പെട്ടപ്പോള്‍, ക്രൈസ്തവരായി നിലനിന്നിരുന്നവര്‍ക്ക് അവിടുത്തെ ജാതി വ്യവസ്ഥിതിയില്‍ ഒരു നല്ല സ്ഥാനം ലഭിച്ചിരുന്നു. ഒപ്പം, വിദ്യാഭ്യാസവും, മികച്ച സംസ്‌കാരവും അവര്‍ക്കിടയില്‍ വികസിച്ചു കൊണ്ടിരുന്നു.
പക്ഷേ, തുടര്‍ന്നുവന്ന കാലങ്ങളില്‍, കാണ്ടമാലിന്റെ സമാധാനം തകര്‍ക്കും വിധം അവിടെ ഇടപെട്ട സംഘപരിവാറും, സ്വാമി ലക്ഷ്മണാനന്ദയും പതിവായി ആരോപിച്ചിരുന്നത് മതംമാറ്റം അടക്കമുള്ള പ്രശ്‌നങ്ങളാണ്. എന്നാല്‍, കാണ്ടമാലില്‍ ഇന്നുവരെ ഒരാളും തങ്ങളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു എന്ന് പറഞ്ഞിട്ടില്ല. തുടര്‍ന്ന്, സ്വാമി ലക്ഷ്മണാനന്ദയുടെ വധവും അതെ തുടര്‍ന്നുള്ള കലാപവും ഒട്ടേറെ കേസുകളും എല്ലാം ഉണ്ടായതിനു ശേഷവും, ഇത്തരത്തില്‍ പണമോ, വാഗ്ദാനങ്ങളോ നല്‍കിയോ ബലം പ്രയോഗിച്ചോ തങ്ങളെ മതംമാറ്റി എന്നവകാശപ്പെടുന്ന ഒരാളെപ്പോലും നിയമത്തിനുമുന്നില്‍ ചൂണ്ടിക്കാണിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, കഴുത്തില്‍ മഴുവച്ച് ഭീഷണിപ്പെടുത്തി ആദിവാസി/ ദളിത് ക്രൈസ്തവരെ മതംമാറ്റിയ അനുഭവങ്ങള്‍ എന്റെ സിനിമയില്‍ ഞാന്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ അവര്‍ മതം മാറ്റിയെന്ന് അവകാശപ്പെടുന്ന ആളുകളെല്ലാം തന്നെ മടങ്ങി ഇപ്പോള്‍ പള്ളിയില്‍ പോകുന്നുണ്ട്. ചിലര്‍ രഹസ്യമായാണ് പോകുന്നതെന്ന് മാത്രം. ഇതിനൊക്കെ പിന്നില്‍ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്. ആര്‍ക്കും ആരെയും നിര്‍ബ്ബന്ധിച്ചോ, പ്രലോഭനങ്ങളിലൂടെയോ അവരുടെ വിശ്വാസങ്ങളെ മാറ്റുക സാധ്യമല്ല.
അതേസമയം, ചിലര്‍ എന്തുകൊണ്ട് കണ്‍വേര്‍ട്ടഡ് ആകുന്നു എന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ ഉണ്ടാവാം. ഒരുപക്ഷേ, കാസ്റ്റ് ഹയരാര്‍ക്കിയിലുള്ള സങ്കീര്‍ണ്ണതകള്‍ ഒരു കാരണമായേക്കാം. ജാതിവ്യവസ്ഥിതിയില്‍ ഹൈന്ദവ സമൂഹങ്ങളില്‍ ദളിതര്‍ക്കും, ആദിവാസികള്‍ക്കും പറയത്തക്കതായ സ്ഥാനമില്ല, അഥവാ, അഥസ്ഥിതര്‍ ആയി പരിഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു വാസ്തവമാണ്. പക്ഷേ, ക്രൈസ്തവ സമൂഹങ്ങളില്‍ അവര്‍ ബഹുമാനിക്കപ്പെടുന്നു. എന്നാല്‍, ജാതിവ്യവസ്ഥിതികള്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ, കാണ്ടമാലില്‍ ഏറെ കുടുംബങ്ങള്‍ ക്രൈസ്തവരായിരുന്നു എന്നുള്ളത് ഒരു വാസ്തവമാണ്. ആദ്യകാലം മുതല്‍ അവിടെയുണ്ടായിരുന്ന ക്രൈസ്തവരുടെയും, മിഷനറിമാരുടെയും മാതൃകകള്‍ കണ്ട് ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് കടന്നുവന്നവര്‍ ഏറെയുണ്ട്.
മിഷനറിമാര്‍ സാമൂഹികപരിഷ്‌കര്‍ത്താക്കള്‍
ക്രിസ്ത്യന്‍ മിഷനറിമാര്‍ ഒറീസയില്‍ ഏറെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്. അവിടെ ആദ്യമായി ഒരു അച്ചടിശാല സ്ഥാപിച്ചതും അവരാണ്. സാമൂഹിക പ്രശ്‌നങ്ങളിലും ദുരാചാരങ്ങളിലും അവര്‍ ക്രിയാത്മകമായി ഇടപെട്ടിരുന്നു. നരബലിപോലുള്ള ദുഷ്‌കര്‍മ്മങ്ങള്‍ക്ക് എതിരായി രംഗത്ത് വരികയും പലരുടെയും ജീവന്‍ രക്ഷിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. വിദ്യാഭ്യാസം, സാമൂഹികാവബോധം, ആരോഗ്യരംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ അവര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഇത്തരത്തിലുള്ള അവരുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമീണര്‍ ആകൃഷ്ടരാവുകയും ആ സമൂഹത്തോട് കൂടുതല്‍ അടുക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവരായ ആദിവാസി/ ദളിത് ദേശവാസികളുടെ സാംസ്‌കാരികവും, വിദ്യാഭ്യാസപരവുമായ കാലനുക്രമമായ പുരോഗതി ചിലരെ എന്നും അസ്വസ്ഥതപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ഈ സമൂഹങ്ങള്‍ക്കെതിരെയുള്ള കാമ്പൈനുകള്‍ സ്വാമി ലക്ഷ്മണാനന്ദയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. കാണ്ടമാലില്‍ കാലക്രമേണ രൂപപ്പെട്ട മറ്റൊരു വിഭാഗം, പുറമേനിന്ന് കച്ചവട ആവശ്യങ്ങള്‍ക്കായി അവിടെയെത്തിയ ഒരു സമൂഹമായിരുന്നു. ജനസംഖ്യയില്‍ ഇരുപത് ശതമാനത്തോളം വരുന്ന അവരായിരുന്നു സംഘപരിവാറിന്റെ ബലം. എക്കാലവും ആദിവാസികളെയും ദളിതരെയും അധഃകൃതരായി കണ്ടിരുന്ന അവരില്‍ ക്രൈസ്തവസമൂഹങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടിരുന്ന വികസനത്തേക്കുറിച്ച് അസ്വസ്ഥതകള്‍ രൂപപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു സംഘര്‍ഷം ഉണ്ടായിരുന്നതിനെ സ്വാമി ലക്ഷ്മണാനന്ദ വ്യക്തമായി മുതലെടുക്കുകയും ചെയ്തുപോന്നു.
കാണ്ടമാലിലെ സാധാരണക്കാര്‍ക്കിടയില്‍ ഇത്തരമൊരു വിഭാഗീയത ഉണ്ടായിരുന്നില്ല. മറ്റേതൊരു സമൂഹങ്ങളിലുമെന്നതുപോലെ സ്വാഭാവികമായ ചില പ്രശ്‌നങ്ങള്‍ അവിടെയും ഉണ്ടായിരുന്നതിനപ്പുറം മറ്റൊന്നും അവര്‍ക്കിടയില്‍ കണ്ടെത്താനാവില്ല. അത്തരം സംഘര്‍ഷങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള സംവിധാനം ആ സമൂഹത്തില്‍ തന്നെ ഉണ്ടായിരുന്നു.
കലാപഭൂമിയായ കാണ്ടമാല്‍
കലാപത്തിനുശേഷം ഉയര്‍ന്നുവന്ന ഒരു വാദം, അത് ദളിതരും ആദിവാസികളും തമ്മിലുണ്ടായ കലഹമായിരുന്നു എന്നതായിരുന്നു. എന്നാല്‍, അത് നൂറുശതമാനവും വാസ്തവവിരുദ്ധമായിരുന്നു. അവിടെ ഒരു കലാപത്തിനുള്ള കളം സംഘപരിവാര്‍ ഒരുക്കുകയായിരുന്നു. പാവപ്പെട്ട ആദിവാസികളെയും, ദളിതരെയും അവര്‍ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിക്കുകയും, മുതലെടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ ഒരു കലാപം സൃഷ്ടിക്കപ്പെടുവാന്‍ ഒരുപാട് അനുകൂലസാഹചര്യങ്ങളുള്ള മണ്ണായിരുന്നു കാണ്ടമാല്‍. ദാരിദ്ര്യരേഖയ്ക്ക് ഏറെ താഴെയുള്ള ഒരു സമൂഹമായിരുന്നു അത്. സാംസ്‌കാരികമായും സാമ്പത്തികമായുമുള്ള വളര്‍ച്ചയുടെ ഏറ്റക്കുറച്ചിലുകള്‍ എടുത്തുകാണിച്ച് മറുവശത്തുള്ളവരെ ആസൂത്രിതമായി പ്രകോപിപ്പിക്കുകയാണുണ്ടായത്. കാലങ്ങളായി അവര്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിക്കൊണ്ടിരുന്ന ഒരു അജണ്ട ഒടുവില്‍ കലാപമായി പൊട്ടിപ്പുറപ്പെടുവാനുള്ള അവസരം അങ്ങനെ ഉടലെടുത്തു.
എക്കാലത്തും സമാനമായ ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് സഹായത്തിനായി പ്രദേശത്തുള്ള ഹൈന്ദവസമൂഹം അണിനിരക്കുന്നത് കാണാറുണ്ട്. അതിനാല്‍ തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യങ്ങളൊന്നും മതപരമായി ഹൈന്ദവരുമായി ബന്ധപ്പെട്ടതല്ല എന്ന് പറയുവാന്‍ കഴിയുന്നതും. കാണ്ടമാല്‍ കലാപവേളയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. എന്റെ സിനിമയില്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള സത്യഭാമ എന്ന ഒരു ഹിന്ദുസ്ത്രീയുടെ അനുഭവം ഉദാഹരണമാണ്. കലാപഭൂമിയില്‍ ഏതാനും കന്യാസ്ത്രീകളടക്കം കുറെ ക്രൈസ്തവര്‍ക്ക് അഭയം നല്‍കിയത് സത്യഭാമ ആയിരുന്നു. താന്‍ അവരെ സംരക്ഷിക്കുന്നതായി അക്രമിസംഘം സശയിക്കുവാനിടയായാല്‍, അവര്‍ തന്നെയും കൊന്നുകളയും എന്നതിനാല്‍, അഭയാര്‍ത്ഥികളെ ഭവനത്തില്‍ സുരക്ഷിതസ്ഥാനത്തിരുത്തിയതിനുശേഷം അവള്‍ കലാപകാരികള്‍ക്കൊപ്പം ചേരുകയാണ് ഉണ്ടായത്. ഞാന്‍ ആ കാലത്തെഴുതിയ ചില ആര്‍ട്ടിക്കിളുകളിലൂടെയാണ് സത്യഭാമയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പിന്നീട് ഡല്‍ഹിയില്‍ വച്ച് സത്യഭാമയെയും മറ്റ് ചിലരെയും ആദരിക്കുകയുമുണ്ടായി. സത്യഭാമയെപ്പോലെതന്നെ അക്രമങ്ങള്‍ക്കിരയായവരെ സംരക്ഷിച്ച മറ്റ് ചില ഹൈന്ദവരും തങ്ങളുടെ അനുഭവങ്ങള്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. കാണ്ടമാലില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ സി. മീനയെ സംരക്ഷിക്കുവാന്‍ പരിശ്രമിച്ച ഒരു സ്ത്രീയും അതില്‍ പെടും. യഥാര്‍ത്ഥത്തില്‍ ഇന്ന് ഭാരതത്തില്‍ ഒരു സാമുദായിക മൈത്രി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണക്കാര്‍, മതങ്ങള്‍ക്കതീതമായ സാഹോദര്യം സമൂഹത്തില്‍ ദര്‍ശിക്കുന്ന ഇവരെപ്പോലുള്ളവരാണ്.
എന്റെ ചില സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട, ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്കെതിരെയുള്ള ഒരു മൂവ്‌മെന്റ് ഉണ്ട്. ഒരിക്കല്‍ അവര്‍ തയ്യാറാക്കിയ ഒരു ലഘുലേഖയുടെ ആദ്യഡ്രാഫ്റ്റ് കണ്ടപ്പോള്‍ അതില്‍, ‘റിലീജിയസ് ഫാസിസം’ എന്ന് ഉപയോഗിച്ചിരിക്കുന്നത് ഞാന്‍ തിരുത്തുകയുണ്ടായി. ഫാസിസം ഒരിക്കലും മതവുമായി ബന്ധപ്പെട്ടതല്ല. അതൊരു രാഷ്ട്രീയ മുന്നേറ്റമാണ്. കലാപവേളയില്‍ മുന്നിലെത്തുന്ന സകലരെയും കൊല്ലുവാന്‍ തയ്യാറാവുന്നവര്‍ ഏതെങ്കിലും മതവിശ്വാസികളാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരിക്കലും അവരുടെ പ്രവൃത്തികളെ വിശ്വാസവുമായോ ആത്മീയതയുമായോ കൂട്ടിക്കുഴയ്ക്കുവാന്‍ പാടില്ല. രണ്ട് മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ രാഷ്ട്രീയമായി മുതലെടുക്കുന്ന ശക്തികളാണ് ഫാസിസ്റ്റുകള്‍. മറ്റുള്ളവരെ വെറുക്കുവാനും ഇല്ലായ്മ ചെയ്യുവാനും ഒരു മതങ്ങളും പറയുന്നില്ല. മനുഷ്യരെ സ്‌നേഹിക്കുവാനാണ് എല്ലാവരും പഠിപ്പിക്കുന്നത്.
ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസത്തില്‍ ജീവിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് നാളെ ക്രിസ്ത്യാനിയോ, മുസ്ലീമോ ആയി ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ, മറ്റ് വിശ്വാസങ്ങളില്‍ ജീവിക്കുന്നവരോട് ബഹുമാനത്തോടെ വര്‍ത്തിക്കുവാനുള്ള പക്വത എല്ലാവരും സ്വായത്തമാക്കേണ്ടതുണ്ട്. കാണ്ടമാലില്‍ സ്വാമി ലക്ഷ്മണാനന്ദ ചെയ്തതുപോലുള്ള ഹേറ്റ് കാമ്പൈനുകള്‍ ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് ഗുരുതരമായ നിയമലംഘനമാണ്.
മതവിശ്വാസവുമായി ബന്ധപ്പെട്ട പൗരന്മാരുടെ അടിസ്ഥാന അവകാശം ഇന്ത്യയില്‍ ആദ്യമായി നിഷേധിക്കപ്പെട്ടതും ഒറീസയിലാണ്. ലക്ഷ്മണാനന്ദ കാണ്ടമാലില്‍ എത്തിയ 1967ല്‍ തന്നെയാണ് ഒറീസയില്‍ റിലീജിയസ് ഫ്രീഡം ആക്റ്റ് എന്ന പേരില്‍ ആന്റികണ്‍വേര്‍ഷന്‍ ലോ നിലവില്‍ വന്നത്. അത് മുതല്‍, കണ്ടമാല്‍ കലാപം വരെയുള്ള എല്ലാ സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണ് എന്നതാണ് എന്റെ പക്ഷം. തുടര്‍ന്ന് ആര്‍എസ്എസ് മുന്‍കൈ എടുത്ത് മറ്റ് ഏഴ് സംസ്ഥാനങ്ങളില്‍ കൂടി മതം മാറ്റ നിരോധന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയുണ്ടായി.
കാണ്ടമാല്‍ കലാപത്തിന് വഴിയൊരുക്കിയ, സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിനു പിന്നില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്. സ്വാമിക്ക് വധഭീഷണിയുണ്ടായിരുന്നിരിക്കെ, അദ്ദേഹത്തിന് സംരക്ഷണമൊരുക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. മരണശേഷം സംഭവത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് തീവ്രവാദികള്‍ ഏറ്റെടുത്തിട്ടും ക്രൈസ്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണുണ്ടായത്. ക്രൈസ്തവര്‍ മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കി ചെയ്യിച്ചതാണെന്ന അര്‍ത്ഥശൂന്യമായ ആരോപണമാണ് സംഘപരിവാര്‍ ഉന്നയിച്ചത്. എന്നാല്‍, 2013ല്‍ ഒറീസയില്‍ അറസ്റ്റിലായ ഒരു മാവോയിസ്റ്റ് നേതാവിന്റെ മൊഴി ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് സ്വാമിയെ വധിക്കുന്നതിനായി ആര്‍എസ്എസ് തന്നെ സമീപിച്ചിരുന്നു എന്ന് അയാള്‍ അവകാശപ്പെടുന്നു. എല്ലാ വസ്തുതകളും പരിശോധിച്ചാല്‍, സ്വാമി ലക്ഷ്മണാനന്ദയെ സംരക്ഷിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന് വ്യക്തം.
കാണ്ടമാല്‍ ഇന്ന്
അപരിഹാര്യമായ നഷ്ടങ്ങളാണ് കാണ്ടമാല്‍ കലാപത്തിന്റെ ബാക്കിപത്രം. തൊണ്ണൂറിലേറെ ആദിവാസി/ദളിത് ക്രൈസ്തവര്‍ ക്രൂരമായി അവിടെ വധിക്കപ്പെട്ടു. അരലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു. നാല്‍പ്പതിലധികം സ്ത്രീകള്‍ പീഡനത്തിനിരയായി 350ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു, ആറായിരത്തിഅഞ്ഞൂറോളം ഭവനങ്ങള്‍ നശിപ്പിക്കപ്പെട്ടു. ലോകമനസാക്ഷിക്കുമുന്നില്‍ നീതീകരണമില്ലാത്ത ക്രൂരത. ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ സമൂഹത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. അവരുടെ ഉള്ളില്‍ ഇന്നും ഭയം നിലനില്‍ക്കുന്നു. എന്നാല്‍, 2009മുതല്‍ നടന്നുവരുന്ന ഏറെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വഴിയായി കുറെ മാറ്റങ്ങള്‍ അവരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 2013, 14 വര്‍ഷങ്ങളിലായി നാടുവിട്ടുപോയ പതിനായിരത്തോളം പേര്‍ തിരിച്ചെത്തി. എന്നാല്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ ഒറീസയ്ക്ക് പുറത്ത് ഏതൊക്കെയോ ദേശങ്ങളില്‍ അഭയാര്‍ത്ഥികളായി തുടരുന്നുണ്ട്.
2014ല്‍ ആഗസ്റ്റ് ഇരുപത്തഞ്ചിന് കാണ്ടമാല്‍ ദിനം ആചരിച്ചത് ആര്‍എസ്എസിന്റെ പ്രധാന ശക്തികേന്ദ്രമായ റായ്കിയയില്‍ ആയിരുന്നു. റായ്കിയയുടെ തെരുവിലൂടെ കാണ്ടമാല്‍ കലാപത്തിലെ ഇരകള്‍ക്ക് നീതിലഭിക്കുവാന്‍ മുദ്രാവാക്യം വിളിച്ച് നീങ്ങിയ റാലിയില്‍ ബ്രിന്ദ കാരാട്ട്, മണിശങ്കര്‍ അയ്യര്‍ (മുന്‍ കേന്ദ്രമന്ത്രി) തുടങ്ങി അനേകര്‍ പങ്കെടുത്തിരുന്നു. ആ ദിവസം കാണ്ടമാല്‍ ജനതയ്ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ചെറുതല്ല. മുന്‍വര്‍ഷങ്ങളിലായി കാണ്ടമാല്‍ പ്രശ്‌നത്തിന് ലഭിച്ച ദേശീയശ്രദ്ധ ക്രമേണ കലാപകാരികളെ നിഷ്‌ക്രിയരാക്കി തീര്‍ത്തിരുന്നു. അതിനാല്‍ തന്നെ ഇനിയുള്ള കാലങ്ങളില്‍ സമാനമായൊരു കലാപത്തിനുള്ള സാധ്യത വളരെ വിരളമാണ്.
2007ല്‍ (പ്രധാന കലാപത്തിന്റെ മുന്‍വര്‍ഷം) സ്വാമി ലക്ഷ്മണാനന്ദയുടെ നേതൃത്വത്തില്‍ കാണ്ടമാലില്‍ ക്രിസ്മസ് ആഘോഷം തടയുകയും അതിന്റെപേരില്‍ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയും, ഏതാനും പള്ളികളും, സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ആ മാതൃകയില്‍ ഇക്കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷം പാടില്ലെന്ന് അവര്‍ പറഞ്ഞിരുന്നുവെങ്കിലും, ഒരു പരിധിക്കപ്പുറം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ കലാപകാരികള്‍ക്ക് കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ഏറെ മാറ്റങ്ങള്‍ക്ക് അവിടെ കാരണമായി മാറിയത് സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളാണ്. എങ്കിലും അര്‍ഹിക്കുന്ന നീതി അവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇതുവരെയും ഒരു കൊലപാതകത്തിന്റെ ഉത്തരവാദിയെപോലും പിടികൂടിയിട്ടില്ല. മാത്രമല്ല, ഗുജറാത്തിലെയും മുസാഫിര്‍നഗറിലെയും പോലെ, കാണ്ടമാലിലും കലാപത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ചിലര്‍ പിന്നീട് ഏറെ ബഹുമാനിക്കപ്പെടുകയും, അത്തരക്കാരില്‍ ചിലര്‍ തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പ്രതിനിധീകരിക്കുകയും പോലുമുണ്ടായി.
ഈ സമൂഹം സമാധാനപൂര്‍ണ്ണമായ പഴയ അവസ്ഥയിലേയ്ക്ക് തിരികെ പോകണമെങ്കില്‍ നാം മുഴുവന്‍ ഭാരതീയരുടെയും കൂട്ടുത്തരവാദിത്തം കൂടിയേ തീരൂ. ഇനിയൊരു കാണ്ടമാല്‍ ഭാരതത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഈ സര്‍വൈവേഴ്‌സ് ഓര്‍ഗനൈസേഷനെ ശക്തിപ്പെടുത്തുകയും അതുവഴി നഷ്ടപ്പെട്ടുപോയതെല്ലാം വീണ്ടെടുക്കുവാന്‍ ആ ജനതയെ പ്രാപ്തരാക്കുകയും വേണം. ക്രിസ്ത്യന്‍, സെക്കുലര്‍ സമൂഹങ്ങളുടെ ഒരുപോലെയുള്ള ഇടപെടല്‍ കാണ്ടമാലില്‍ ഇനിയും ആവശ്യമാണ്. ഒരുപക്ഷേ, സഭയും പൊതുസമൂഹവും ഇതുവരെയും ഫലപ്രദമായ രീതിയില്‍ അവിടെ ഇടപെടുകയുണ്ടായിട്ടില്ല എന്ന വസ്തുത ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഈ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന സിനിമയ്ക്കും ഉള്ളത്. കാണ്ടമാലിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിച്ച് ലോകസമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധ ലഭിക്കുവാനും അതുവഴി അതിഭീകരമായ തകര്‍ച്ചയെ അതിജീവിക്കുവാന്‍ തക്ക ഊര്‍ജ്ജം സ്വന്തമാക്കുവാനും അവര്‍ക്ക് കഴിയണം. സിനിമ പുറം രാജ്യങ്ങളിലുള്‍പ്പെടെ പ്രദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. പ്രതിഫലേച്ഛയോ സാമ്പത്തിക ലാഭമോ പ്രതീക്ഷിക്കാതെ എനിക്കൊപ്പം പങ്കുചേര്‍ന്ന അനേകരുടെയും കൂടി പ്രയത്‌നത്തിന്റെ ഫലമാണ് ഈ ചിത്രം. നീതു സജിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം മുതലായവ അഡ്വ. പി സജീവ് ചെയ്തിരിക്കുന്നു. വിനി വര്‍ഗ്ഗീസ്, അച്ചു ഷീല സംവിധാന സഹായികളായി പ്രവര്‍ത്തിച്ചിരിക്കുന്നു.