കെസിബിസി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ഇപ്രകാരമൊരു ആരോപണമുന്നയിക്കുന്നത്. സംസ്ഥാനത്തെ വർധിച്ചുവരുന്ന സ്വർണ്ണം- മയക്കുമരുന്ന് കള്ളക്കടത്ത് ആശങ്കയുണ്ടാക്കുന്നു എന്നും ശ്രീലങ്കയിലും മറ്റും തീവ്രവാദപ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതിൽ കള്ളക്കടത്തുകളിലൂടെയും മറ്റും ഒഴുകിയെത്തിയ കണക്കില്ലാത്ത പണം മുഖ്യപങ്കുവഹിച്ചത് ആയി ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നും കെസിബിസി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വ്യാപിക്കുന്ന സ്വർണ്ണ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ കണ്ടെത്തുവാനോ അതിന് പ്രോത്സാഹനവും സംരക്ഷണവും നൽകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാനോ നിലവിലുള്ള നിയമ സംവിധാനങ്ങൾ ഫലപ്രദമായി കാണുന്നില്ല.


കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണവും മയക്കു മരുന്നുകളും പിടിച്ചെടുത്തതായി ഉള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അല്ലാതെ നാളിതുവരെ അതിന് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികളെയോ ശക്തികളെയോ സംഘങ്ങളെയോ നിയമത്തിനു മുന്നിൽ എത്തിക്കുവാനോ ശിക്ഷ ഉറപ്പാക്കി നിയന്ത്രിക്കുവാനോ കഴിയുന്നില്ല. താഴേക്കിടയിലുള്ള ചുരുക്കം ചില ഇടനിലക്കാർ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും നിയമ സംവിധാനങ്ങളിലെ പഴുതുകൾ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടും കള്ളക്കടത്ത് സംഘങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ സാമുദായിക സാഹചര്യങ്ങളും സംരക്ഷണവും സമർത്ഥമായി ചൂഷണം ചെയ്തു കൊണ്ടും കള്ളക്കടത്ത് തീവ്രവാദ സഖ്യം ശക്തിപ്രാപിക്കുന്നതായി സംശയിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദ സംഘടനകൾ ശക്തിപ്രാപിക്കുന്നതായി അവ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വയ്കുന്നതായും ഉള്ള വാർത്തകൾ ആശങ്കാജനകമാണ്. ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന് കെസിബിസി ജാഗ്രതാ സമതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.