ചങ്ങനാശ്ശേരി: കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ പ്രകൃതിദുരന്തത്തില്‍ പ്രളയക്കെടുത്തിക്കുശേഷം കുട്ടനാട്ടില്‍ ചെയ്ത ആദ്യ നെല്‍കൃഷിയില്‍ സമൃദ്ധമായ വിളവ് ലഭിച്ചതിന് ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇന്ന് കൃതജ്ഞതാദിനമായി ആചരിക്കുന്നു. അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ ആഹ്വാനം അനുസരിച്ചാണ് പരി. കന്യകാമറിയത്തിന്റെ തിരുന്നാളായ മെയ് 15-ാം തീയതി കൃതജ്ഞതാദിനമായി ക്രമീകരിച്ചിരിക്കുന്നത്. പ്രതിസന്ധികളില്‍ ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ നാം കാണാതെപോകരുതെന്നും ദൈവദാനങ്ങള്‍ക്ക് നിരന്തരം നന്ദിപറയുന്ന വിശ്വാസശൈലി സ്വാംശീകരിക്കണമെന്നും അദ്ദേഹം വിശ്വാസസമൂഹത്തെ പ്രത്യേക സര്‍ക്കുലറിലൂടെ ഓര്‍മ്മിപ്പിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചമ്പക്കുളം മര്‍ത്തമറിയം ബസിലിക്കപള്ളിയില്‍ അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി നടക്കും. കുട്ടനാട്ടിലെ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും പ്രളയബാധിത ഇടവകകളെ ദത്തെടുത്ത ഇടവകകളിലെ വികാരിമാരും സഹകാര്‍മ്മികരായിരിക്കും. അതിരൂപതയിലെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും വിവിധ ഇടവകകളിനിന്നുള്ള പ്രതിനിധികളും കൃതജ്ഞതാബലിയിലും തുടര്‍ന്നു നടക്കുന്ന സംഗമത്തിലും പങ്കെടുക്കും.
സമൃദ്ധമായ വിളവിന് ചങ്ങനാശ്ശേരി അതിരൂപതയില്‍ (15-05-2019) കൃതജ്ഞതാദിനം
