മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികളോട് വീണ്ടും പരീക്ഷ എഴുതാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സേ പരീക്ഷയ്ക്കൊപ്പം വീണ്ടും പരീക്ഷ എഴുതണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് വിദ്യാർഥികളുടെ മാതാപിതാക്കൾ അറിയിച്ചു.
സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലീസ് കേസെടുത്തത്. വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹയർ സെക്കൻഡറി ഡയറക്ടർ ജയശ്രീ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കിയിരുന്നു.