തെറ്റുകൂടാതെ ചിന്തിക്കാനും പുതിയ അറിവുകളിലേക്കെത്തിച്ചേരാനും മനുഷ്യര്‍ ആശ്രയിക്കുന്ന രണ്ട് വൈജ്ഞാനികമേഖലകളാണ് തത്വചിന്തയും തര്‍ക്കശാസ്ത്രവും. ഭാഷ, ദേശം, സംസ്കാരം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ തത്വചിന്തകള്‍ ലഭ്യമാണെങ്കിലും അവയുടെ പിന്നില്‍ നിലനില്‍ക്കുന്ന തര്‍ക്കശാസ്ത്രം (logic) ഒന്നുതന്നെയാണ്. അറിവും സത്യവും തേടിയുള്ള മനുഷ്യന്‍റെ എല്ലാ അന്വേഷണങ്ങളിലും തത്വചിന്ത ഒരവശ്യഘടകമാണ്. ആയതിനാല്‍ത്തന്നെ തത്വചിന്തയും അതിന്‍റെ അടിസ്ഥാനമായി നിലകൊള്ളുന്ന തര്‍ക്കശാസ്ത്രവും മനസ്സിലാക്കിയാല്‍ അറിവിന്‍റെ ഏതൊരു രൂപത്തിലേക്കും പരിചിതനെപ്പോലെ കടന്നു ചെല്ലാന്‍ ഒരു വ്യക്തിക്ക് സാധിക്കും.

തത്വചിന്ത/philosophy എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നും രൂപപ്പെടുന്നതാണ്: Φιλοσοφία (filosofía). ഇതിനര്‍ത്ഥം വിജ്ഞാനത്തോടുള്ള സ്നേഹം (love of wisdom) എന്നാണ്. ചിലപ്പോഴെങ്കിലും സ്നേഹവും താത്പര്യവുമില്ലാത്ത കടമകഴിക്കലായി വിജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം പരിണമിക്കുന്നത് വര്‍ത്തമാനകാലകാഴ്ചയാണ്. പലരും അന്വേഷിക്കുകയും അറിവില്‍ സ്ഥിരപ്പെടുകയും ചെയ്യാനുള്ള പരിശ്രമം പോലും നടത്താതെ അവയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് നവമാധ്യമങ്ങളിലെ സ്ഥിരമായ കാഴ്ചയുമാണ്. ശാസ്ത്രം, ഗണിതം, മനശാസ്ത്രം, സാഹിത്യം, നിയമം, മതം-ആത്മീയത എന്നിങ്ങനെ വിജ്ഞാനത്തിന്റെ ഏതു മേഖലയെയും ആഴത്തില്‍ സ്പര്‍ശിക്കാനും വിചിന്തനങ്ങളും വ്യാഖ്യാനങ്ങളും നടത്താനും തത്വചിന്തയുടെ അടിസ്ഥാനവും തര്‍ക്കശാസ്ത്രത്തിന്‍റെ സഹായവും ആവശ്യമുണ്ട്. ഇവയെ നിഷേധിക്കുന്നവര്‍ അറിവിന്‍റെ തന്നെ അടിസ്ഥാനഘടകങ്ങളെയാണ് തള്ളിപ്പറയുന്നത്.

തര്‍ക്കശാസ്ത്രം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ യുക്തിവിചാരത്തെയും വാദപ്രതിവാദങ്ങളെയും (reasoning and argument) എപ്രകാരം ശാസ്ത്രീയമായി വിലയിരുത്തണമെന്ന് പഠിപ്പിക്കുന്നു. യുക്തിവിചാരത്തിന്‍റെയും വാദപ്രതിവാദങ്ങളുടെയും പിന്നിലുള്ളത് വിമര്‍ശനാത്മകചിന്തയാണ് (critical thinking). വിമര്‍ശനാത്മകചിന്ത തര്‍ക്കശാസ്ത്രത്തിന്‍റെ സഹായത്തോടെ സത്യത്തെ തെറ്റില്‍ നിന്നും വേര്‍തിരിക്കുകയും യുക്തിരഹിതമായ വിശ്വാസങ്ങളെ ശുദ്ധീകരിച്ച് അവയെ യുക്ത്യധിഷ്ഠിതമാക്കുകയും ചെയ്യുന്നു. ഇത്തരമൊരുദ്യമത്തില്‍ വ്യത്യസ്തങ്ങളായ അവകാശവാദങ്ങളെയും ആശയങ്ങളെയും വാദഗതികളെയും കൃത്യമായി മനസ്സിലാക്കണമെങ്കില്‍ തര്‍ക്കശാസ്ത്രത്തിന്‍റെയും വിമര്‍ശനാത്മകചിന്തയുടെയും അടിസ്ഥാനപരമായ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

തര്‍ക്കശാസ്ത്രം കേവചിന്തയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായപ്രകടനമല്ല. അതിന് നിയതമായ മാനദണ്ഡങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമങ്ങളും മാനദണ്ഡങ്ങളും ഉപോയഗപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ നല്ലൊരു താര്‍ക്കികനാണ് (logician). ഈ മാനദണ്ഡങ്ങളും നിയമങ്ങളും തര്‍ക്കങ്ങളില്‍ അറിയാതെ തന്നെ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അവയെക്കുറിച്ച് നിയതമായി അറിയാത്തതിനാല്‍ ആശയസംവാദത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെടുകയും സംവാദം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യും. ഇത്തരമൊരറിവില്‍ നിന്ന് മാത്രമേ, കാര്യകാരണബന്ധമുണ്ടെന്ന് (reasonable) തോന്നുന്ന പല കാര്യങ്ങളും യുക്തിസഹമല്ലെന്ന് (logical) തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. തത്വശാസ്ത്രത്തിന്‍റെ മാത്രമല്ല, ഏതൊരു വിജ്ഞാനശാഖയുടെയും മതാത്മകബോദ്ധ്യങ്ങളുടെയും നിലനില്പിന് തര്‍ക്കശാസ്ത്രത്തിന്റെ തത്വങ്ങളും നിയമങ്ങളും അനിവാര്യം തന്നെയാണ്.

അറിവിന്‍റെ എല്ലാ ശാഖകളുടെയും അടിത്തട്ടില്‍ തത്വചിന്ത സ്ഥിതി ചെയ്യുന്നതുപോലെ തത്വചിന്തയുടെ സുപ്രധാനശാഖയായി പ്രവര്‍ത്തിക്കുന്നത് തര്‍ക്കശാസ്ത്രമാണ്. യുക്തിവിചാരത്തെ അടിസ്ഥാനമാക്കിയാണ് തത്വചിന്ത വളരുന്നത്. അതേസമയം നല്ലൊരു വാദഗതി എപ്രകാരം രൂപപ്പെടുത്താമെന്നും യുക്തിവിചാരത്തില്‍ നമുക്കുണ്ടാകാവുന്ന തെറ്റുകളെന്തൊക്കെയാണെന്നും തര്‍ക്കശാസ്ത്രം പഠിപ്പിക്കുന്നു. അതിനാല്‍ തര്‍ക്കശാസ്ത്രം പഠിക്കുന്നവന്‍ ഉത്തമനായൊരു ദാര്‍ശനികനും കലര്‍പ്പുകളില്ലാതെ ചിന്തിക്കാന്‍ പ്രാപ്തനുമായിത്തീരുന്നു.

എന്തുകൊണ്ട് നാം തര്‍ക്കശാസ്ത്രം (Logic) അറിഞ്ഞിരിക്കണം?

1. ഓരോ ദിവസവും പലവിധ വാദഗതികളിലേര്‍പ്പെടുന്ന നാം നമ്മുടെ വാദഗതികള്‍ വാസ്തവമായിത്തന്നെ (valid argument) ഉന്നയിക്കുന്നതിനും ആ വാസ്തവികത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

2. മറ്റുള്ളവരുടെ വാദഗതികളെ വിമര്‍ശനാത്മകവിലയിരുത്തലിലൂടെ മനസ്സിലാക്കാനും അവയിലെ തെറ്റുകള്‍ മനസ്സിലാക്കാനും അവയാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനും ഉപകാരപ്പെടുന്നു.

3. കൂടുതല്‍ വ്യക്തതയോടെയും ഫലപ്രദമായും ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു. മറ്റുള്ളവരെ കാര്യങ്ങള്‍ വ്യക്തതയോടെ ബോദ്ധ്യപ്പെടുത്താന്‍ നല്ലൊരു താര്‍ക്കികന് സാധിക്കും.

4. വാദപ്രതിവാദങ്ങളിലെ അബദ്ധങ്ങളെ (fallacies) കണ്ടെത്താനും ചൂണ്ടിക്കാട്ടാനും സാധിക്കുന്നു.

5. അടിസ്ഥാനപരമായ ഒരു വിജ്ഞാനശാഖയെന്ന (foundational discipline) നിലയില്‍ ഏവരും പഠിച്ചിരിക്കേണ്ടതുണ്ട്.

6. വ്യക്തതയുള്ള ചിന്താശേഷി ഒരുവനെ ഉത്തമപൗരനും സംസ്കാരചിത്തനുമാക്കി മാറ്റുന്നു.

സമാപനം

ഈ ലേഖനത്തിലുപയോഗിച്ചിരിക്കുന്ന ചില പദങ്ങള്‍ (തര്‍ക്കം – യുക്തിവിചാരം – വാദപ്രതിവാദം) തികച്ചും അക്കാദമികമായ അര്‍ത്ഥവാഹകശേഷിയുള്ളവയാണ്. സാമൂഹ്യമാധ്യമങ്ങളിലെ വാചകക്കസര്‍ത്തുകള്‍ക്കിടയിലുപയോഗിക്കപ്പെടുന്ന വിചാരശൂന്യമായ പദാവലിയിലേക്ക് ചേര്‍ത്ത് അതിന്‍റെ ഭംഗിയും കനവും നഷ്ടപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തര്‍ക്കശാസ്ത്രത്തിന്‍റെ വ്യത്യസ്തവിഷയങ്ങളും വാദപ്രതിവാദങ്ങളിലുണ്ടാകാവുന്ന അബദ്ധങ്ങളും (fallacies) പഠനവിഷയമാക്കാനുദ്ദേശിക്കുന്നു. തുടര്‍ലേഖനങ്ങളുണ്ടാകും.

അവലംബം:

1. Cline, Austin. “The Importance of Logic and Philosophy.” ThoughtCo, Dec. 7, 2018, thoughtco.com/the-importance-of-logic-and-philosophy-3975201.
2. Cline, Austin. “Why is Logic Important?” ThoughtCo, Jun. 22, 2018, thoughtco.com/why-is-logic-important-250315.
3. Westacott, Emrys. “6 Good Reasons to Study Logic.” ThoughtCo, Oct. 19, 2018, thoughtco.com/good-reasons-to-study-logic-2670416.

✍Noble Thomas Parackal