ഐപിഎൽ ഫൈനൽ മത്സരത്തിന്റെ കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട തെലുങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനു കുരുക്ക്. മേഡ്ചാൽ-മൽകാജ്ഗിരി ജില്ലാ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഓഫീസർ കെ. പ്രദീപ് റാവുവാണ് 300 കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് കുരുക്കിലായത്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോടാണ് റാവു ടിക്കറ്റുകൾ ആവശ്യപ്പെട്ടത്. 50 കോംപ്ലിമെന്ററി കോർപറേറ്റ് ബോക്സ് ടിക്കറ്റുകളും 250 പ്രിവിലേജ് പാസുകളുമാണ് റാവു ആവശ്യപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥർക്ക് എന്ന പേരിലായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒൗദ്യോഗിക ലെറ്റർ പാഡിൽ റാവു ഈ മാസം ഒന്പതിന് കത്തും നൽകി.
ഇത് വിവാദമായതോടെ സർക്കാർ നടപടിക്ക് മുതിരുകയായിരുന്നു. ഒൗദ്യോഗിക ലെറ്റർ പാഡിൽ റാവു ഐപിഎൽ ടിക്കറ്റ് ആവശ്യപ്പെട്ട് കത്തു നൽകിയത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും റാവുവിനോടു വിശദീകരണം തേടിയിട്ടുണ്ടെന്നും തെലങ്കാന സ്പെഷൽ ചീഫ് സെക്രട്ടറി സോമേഷ് കുമാർ പറഞ്ഞു.
നേരത്തെ, ഡൽഹി ക്രിക്കറ്റ് അസോസിയേഷനോട് കോംപ്ലിമെന്ററി ഐപിഎൽ ടിക്കറ്റ് ആവശ്യപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ മന്ത്രാലയത്തിലേക്കു മടക്കി അയച്ചിരുന്നു.