ഐക്യരാഷ്ട്ര സഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തെ അതിജീവിക്കാൻ കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണു സഹായിച്ചതെന്ന് കേരളം പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ചു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒറ്റക്കെട്ടായാണു പ്രളയത്തെ അതിജീവിച്ചത്. സർക്കാരും ജനങ്ങളും ദുരന്ത ഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവൃത്തിച്ചു. കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. അവരുടെ സമയബന്ധിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേനെ- അദ്ദേഹം പറഞ്ഞു.
പ്രളയത്തിനു മുന്‍പുണ്ടായിരുന്ന കേരളത്തെ പുനസ്ഥാപിക്കുക എന്നതല്ല, എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ള പുതിയൊരു കേരളം സൃഷ്ടിച്ചെടുക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.