സഭയുടെ അടിസ്ഥാനഘടകമാണ് കുടുംബങ്ങളെന്നും നിസ്സാരകാരണങ്ങളുടെ പേരില്‍ കുടുംബബന്ധങ്ങള്‍ തകരാന്‍ അനുവദിക്കരുതെന്നും വിശ്വാവെല്ലുവിളികളെ അതിജീവിക്കുവാന്‍ കുടുംബങ്ങള്‍ ഉണരണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിമൂന്നാം രൂപതാദിനാഘോഷങ്ങള്‍ കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളാണ് എക്കാലവും സഭയുടെ ശക്തിസ്രോതസ്സ്. സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നതിന് നമുക്ക് സാധിച്ചുവെന്നത് വിസ്മരിക്കാനാവാത്തതാണ്. അര്‍പ്പണബോധമുള്ള വൈദികരും സന്യസ്തരും അല്മായരും ഒന്നുചേര്‍ന്നപ്പോള്‍ അസാധ്യമെന്നുകരുതിയ പലതും സാധ്യമായെന്നും ഉദ്ഘാടനസന്ദേശത്തില്‍ മാര്‍ അറയ്ക്കല്‍ പറഞ്ഞു.
വികാരി ജനറാള്‍ റവ.ഫാ.ജോര്‍ജ് ആലുങ്കലിന്‍റെ നേതൃത്വത്തില്‍ ഖൂഥാആ പ്രാര്‍ത്ഥയോടെ ആരംഭിച്ച സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശ്വാസവും ജാഗ്രതയും കൂട്ടായ്മയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഐക്യമില്ലായ്മയാണ് സഭയിലെ ഇന്നത്തെ ഏറ്റവും വലിയ പരാജയമെന്നും ഒന്നിച്ചുനിന്ന് സഭയുടെ സ്വത്വബോധത്തെ പൊതുസമൂഹത്തില്‍ പ്രതിഫലിപ്പിക്കണമെന്നും മാര്‍ തോമസ് തറയില്‍ സൂചിപ്പിച്ചു. മികച്ച കുടുംബകൂട്ടായ്മകളുള്ള ഇടവകകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളും ട്രോഫികളും സെന്‍റ് ഡോമിനിക്സ് ചര്‍ച്ച് ആലംപള്ളി, മേരിമാതാ ഫൊറോന ചര്‍ച്ച് പത്തനംതിട്ട, സെന്‍റ് ആന്‍റണീസ് ചര്‍ച്ച് തരകനാട്ടുകുന്ന്, സെന്‍റ് മേരീസ് ചര്‍ച്ച് ആനിക്കാട് എന്നീ ഇടവകകള്‍ക്ക് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വിതരണം ചെയ്തു. കൂവപ്പള്ളി സെന്‍റ് ജോസഫ്സ് ചര്‍ച്ച് ഗായകസംഘം കൂട്ടായ്മാഗാനം ആലപിച്ചു. സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപനസന്ദേശം നല്‍കി. രൂപത വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യന്‍ കൃതജ്ഞതയും പറഞ്ഞു.