പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കാൻ പാടില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകിക്കൊണ്ടുള്ള കത്തിലാണ് രാഹുലിന്റെ പരാമർശം. താൻ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും സർക്കാർ നയത്തെ വിമർശിക്കുക മാത്രമാണു ചെയ്തതെന്നും രാഹുൽ വിശദീകരണത്തിൽ പറഞ്ഞു.
ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനു നോട്ടീസ് അയച്ചത്. ഏപ്രിൽ 23-ന് മധ്യപ്രദേശിലെ റാലിയിലാണ് രാഹുൽ മോദി സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. ഇതിനെതിരേ ബിജെപി പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതിലാണ് രാഹുൽ മറുപടി നൽകിയത്.
11 പേജുള്ള വിശദീകരണമാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയത്. ലളിതമായ ഭാഷയിൽ ഇന്ത്യൻ വന നിയമത്തിലെ ഭേദഗതി സംബന്ധിച്ചു വിവരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെയും വനനിയമത്തിന്റെയും രേഖകളും രാഹുൽ കമ്മീഷനു സമർപ്പിച്ചു. മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവായ തന്നെ പ്രചാരണത്തിൽനിന്ന് ഒഴിവാക്കുന്നതിനായാണ് ബിജെപി പരാതി നൽകിയതെന്നും രാഹുൽ പറഞ്ഞു.