ചൂർണ്ണിക്കര വ്യാജരേഖക്കേസിലെ ഇടനിലക്കാരൻ അറസ്റ്റിലായി. കാലടി ശ്രീഭൂതപുരം സ്വദേശി അബുവാണ് അറസ്റ്റിലായത്. നിലംപുരയിടമാക്കാൻ ഉടമയിൽനിന്ന് ഏഴുലക്ഷം രൂപ വാങ്ങിയത് അബുവായിരുന്നു. ഇയാളുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പോലീസ് പിടിച്ചെടുത്തു. എന്നാൽ റെയ്ഡിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെടുക്കാനായില്ല.
എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.