വത്തിക്കാൻ സിറ്റി: ലൈംഗിക അതിക്രമങ്ങൾ തടയാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനുമായി ഫ്രാൻസിസ് മാർപാപ്പ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതാണു മാർഗനിർദേശങ്ങൾ.
ആഗോള കത്തോലിക്ക സഭയിലെ എല്ലാ രൂപതകളിലും ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതികൾ രൂപീകരിക്കണമെന്നതാണു പ്രധാന നിർദേശം. സഭാപ്രവർത്തന മേഖലകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത പുലർത്തണം. പരാതികളിൽ മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ആശങ്കകളില്ലാതെ പരാതി നൽകാനുള്ള സാഹചര്യം ഒരുക്കണം.
അതുപോലെ തന്നെ ഗൗരവതരമായ പരാതികൾ സംബന്ധിച്ച വിവരങ്ങൾ വത്തിക്കാനിൽ സഭാനേതൃത്വത്തിനു കൈമാറണം. ആവശ്യമെങ്കിൽ ഈ വിവരങ്ങൾ സംബന്ധിച്ചു വത്തിക്കാനും അന്വേഷണം നടത്തും. ഇതുകൂടാതെ ഒാരോ രാജ്യത്തും നിലനിൽക്കുന്ന നിയമസംവിധാനങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കടമയുണ്ടെന്നും ഇതിൽ വീഴ്ചവരാതെ സഭാധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ജൂൺ ഒന്നു മുതൽ മൂന്നു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത്. തുടർന്ന് ഇവയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ നിർദേശങ്ങളും പരിഷ്കാരങ്ങളും വരുത്തും. നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന തലക്കെട്ടോടെയാണ് ഈ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.