തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി വഞ്ചി മുങ്ങാറായ സന്ദർഭമാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. ഈ വഞ്ചിയിലെ രണ്ട് പ്രത്യേകതകളെ കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാം. ഒന്ന് വഞ്ചിയുടെ അമരത്ത് തലയണവച്ച് ഉറങ്ങുന്ന ഈശോയുടെ സാന്നിധ്യം, രണ്ട് ഉറങ്ങുന്ന ഈശോയെ വിളിച്ചുണർത്തുന്ന ശിഷ്യന്മാർ. അപകടത്തിൽ നിന്ന് ശിഷ്യന്മാർ രക്ഷപ്പെടുന്നത് ഈ രണ്ട് പ്രത്യേകതകൾ കൊണ്ടാണ്. നമ്മുടെ ഈ ലോകജീവിതം ഒരു വഞ്ചിയാത്ര പോലെയാണ്. ഈശോ ഇന്ന് നമ്മോട് പറയുന്നത് ഈ ജീവിതമാകുന്ന വഞ്ചിയാത്രയിൽ നാം അപകടങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ രണ്ട് കാര്യങ്ങൾ നാം ചെയ്യണം എന്നാണ്. ഒന്ന് നമ്മുടെ യാത്രയിൽ ഈശോ നമ്മോടൊപ്പം ഉണ്ടാവണം, രണ്ട് ജീവിതത്തിൽ ദു:ഖമുണ്ടാകുമ്പോൾ ഈശോയെ വിളിച്ചുണർത്താൻ നമുക്ക് സാധിക്കണം. ഇവയിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ നമ്മുടെ ജീവിതമാകുന്ന വഞ്ചി മുങ്ങിതാഴും. ഈശോയെ കൂടെയിരുത്തി യാത്രചെയ്യുവാനും പ്രയാസങ്ങളിൽ അവനെ വിളിച്ചുണർത്തി ആശ്വാസം കണ്ടെത്തുവാനും നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ