2019 ഒക്ടോബർ കത്തോലിക്കാസഭയിൽ അസാധാരണ മിഷൻ മാസമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളസഭയിൽ ഒരുക്കങ്ങൾ തുടങ്ങി. സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും നവീനമായ ഉണർവ് ആഹ്വാനം ചെയ്യുന്നതാണു മിഷൻ മാസാചരണം.
ബനഡിക്ട് പതിനഞ്ചാമൻ പാപ്പയുടെ മാക്സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷൻ മാസാചരണം. മിഷൻ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിനെക്കുറിച്ചുള്ള ചിന്തകളാണു രേഖയുടെ ഉള്ളടക്കം.
മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവർ എന്നതാണ് അസാധാരണ മിഷൻ മാസാചരണത്തിന്റെ പ്രമേയം. മിഷൻ കാഴ്ചപ്പാടുകളിൽ പുനഃശാക്തീകരണം ആവശ്യമാണെന്നു മാർപാപ്പ ഓർമിപ്പിക്കുന്നു. അനേകരെ വിശ്വാസത്തിലേക്കു കൈപിടിക്കുകയെന്നതും മിഷൻ മാസാചരണത്തിന്റെ സന്ദേശമാണ്.