ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസർക്കാർ റദ്ദാക്കി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ദേശീയപാത വികസനത്തിൽ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ദേശീയപാത വികസനം നടത്തുമെന്ന് അൽഫോൻസ് കണ്ണന്താനവും പ്രതികരിച്ചു. ഇക്കാര്യത്തിൽ കേരളത്തിന് ഭയപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാന സർക്കാരിന്റെ ആരോപണത്തിൽ വാസ്തവമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയിൽനിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. അടുത്ത രണ്ടു വർഷത്തേക്ക് തുടർനടപടികൾ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനമുണ്ടായത്.
ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വികസനം തടയുന്ന സമീപനമാണ് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശീയപാത വികസനം അട്ടിമറിച്ച തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.