“ഈ രാജ്യത്ത് ജീവിക്കാൻ സാധിക്കുകയില്ല മറ്റെവിടെയെങ്കിലും പോയെങ്കിൽ മാത്രമേ അത് സാധ്യമാകൂ” എന്ന് യുവജനങ്ങൾ പറയുന്നുവെങ്കിൽ അത് സകല നേതൃത്വത്തിന്റെയും പരാജയമാണ്. നൈജീരിയൻ കർദിനാൾ ജോൺ ഒനൈയേക്കന്റ അഭിപ്രായം ആണ് ഇത്. കൂടുതൽ കൂടുതൽ യുവജനങ്ങൾ തൊഴിൽ തേടി അന്യരാജ്യങ്ങളിലേക്ക് പ്രവാസികളായി പോകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിച്ചത് കാലങ്ങളായി മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഇവിടത്തെ രാഷ്ട്രീയ നേതൃത്വമാണ്. നൈജീരിയയെ നൈജീരിയകാരുടെ ഭവനം ആക്കി മാറ്റുന്നതിൽ ഇവിടെ പരാജയം സംഭവിച്ചു. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
കേരളത്തെ സംബന്ധിച്ചും ഇത് ബാധകമാണ് ഇവിടുത്തെ യുവജനങ്ങൾ എല്ലാം തന്നെ പ്രവാസികളായി കൊണ്ടിരിക്കുന്നതിനു പ്രധാന കാരണം മാറിമാറി ഭരിച്ചു കൊണ്ടിരുന്ന ഇവിടുത്തെ സർക്കാരുകൾ തന്നെയാണ്. തൊഴിലാളി യൂണിയനുകളുടെ നിരന്തരമായ സമരം മൂലം ഇവിടെ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന നൂറുകണക്കിന് ഫാക്ടറികൾ പൂട്ടിപ്പോയി. കേരളത്തിൽ നിക്ഷേപങ്ങൾ നടത്തുവാൻ മലയാളികളായ വ്യവസായികളും വ്യാപാരികളും പോലും തയ്യാറാകാത്ത സ്ഥിതിവിശേഷത്തിൽ എത്തിച്ചേർന്നു. കേരളത്തിൻറെ തനത് വ്യവസായങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടു, കയറിന്റെയും മറ്റ് നാളികേര ഉൽപ്പന്നങ്ങളുടെയും പ്രശസ്ത മൂലം ആഗോള ശ്രദ്ധ ആകർഷിച്ചിരുന്ന ആലപ്പുഴയുടെ അവസ്ഥ ഇന്ന് എന്താണ്. യുവജനങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യം ഇവിടുത്തെ ഗവൺമെൻറ് ഉണ്ടാക്കിവെച്ചു. പ്രവാസത്തിന്റെ തോത് ഇതേ നിരക്കിൽ തന്നെ മുന്നോട്ടു പോയാൽ ഈ നാട് തന്നെ അന്യാധീനപ്പെട്ടു പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകും.