മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം ആരംഭിച്ചു. നാലു രാഷ്ട്രങ്ങളിലായുള്ള മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നെതർലൻഡ്സ് സന്ദർശനത്തോടെയാണ് തുടക്കം കുറിച്ചത്. നെതര്‍ലൻഡ്സിൽ എത്തിയ വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎൻഒവിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതർലൻഡ്സ് നടപ്പാക്കിയ മാതൃകാ പ്രദേശവും സന്ദർശിക്കും. വെള്ളിയാഴ്ച റോട്ടർഡാം തുറമുഖം, വാഗ്നിയൻ സർവകലാശാല എന്നിവയും സന്ദർശിക്കും. നെതർലൻഡ്സിലെ മലയാളി കൂട്ടായ്മയുമായും ചർച്ചയുണ്ടാകും.
മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സ്വിറ്റ്സർലൻഡിൽ പ്രവാസി ഇന്ത്യക്കാരെയും കാണും. മേയ് 16-ന് പാരീസ് സന്ദർശിക്കും. 17-ന് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാലബോണ്ട് ലോഞ്ചിംഗിലും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക.