തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടര്‍ ടി.വി അനുപമ. മേയ് 12 മുതല്‍ 14 വരെ മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായി ആനകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഹെലികാം, ഹെലികോപ്റ്റര്‍, ലേസര്‍ഗണ്‍, കാഴ്ച മറക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുമെന്നും കളക്ടർ അറിയിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആന ബന്ദിലേക്കും ശക്തമായ പ്രതിഷേധങ്ങളിലേക്കും കടക്കുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നു കളക്ടർ അറിയിച്ചു. കോടതി വിധിക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കുമെന്ന് ടി.വി.അനുപമ വ്യക്തമാക്കി.
ഇതേസമയം, ആനയുടെ പേരിൽ ഉടമകളും സർക്കാരും തമ്മിൽ കൊന്പുകോർക്കുന്നതിനിടെ പ്രശ്നപരിഹാരത്തിനായി ഇന്ന് തിരുവനന്തപുരത്ത് മന്ത്രിതല ചർച്ച നടത്തുന്നുണ്ട്. വൈകീട്ട് 4.30നാണ് ചർച്ച. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് ആന ഉടമകളുമായി ചർച്ച നടത്തുന്നത്. എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും.