ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായ അനിരുദ്ധ ബോസ് (ജാർഖണ്ഡ്), എ.എസ്. ബൊപ്പണ്ണ (ഗോഹട്ടി) എന്നിവരെ സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി നിയമിക്കണമെന്ന് ശിപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം. സീനിയോറിറ്റിക്കല്ല, മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് കൊളീജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു.
ഏപ്രിൽ 12നാണു ഇരുവരുടെയും പേരുകൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ജഡ്ജിമാരുടെ നിയമന ശുപാർശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഫയൽ മടക്കുകയായിരുന്നു. സീനിയോറിറ്റി പരിഗണിച്ചില്ലെന്നു വ്യക്തമാക്കിയായിരുന്നു കേന്ദ്രത്തിന്റെ നടപടി
ജസ്റ്റീസ് ബോസ് അഖിലേന്ത്യാ സീനിയോറിറ്റിയിൽ പന്ത്രണ്ടാമനും ജസ്റ്റീസ് ബൊപ്പണ്ണ മുപ്പതാറാമനുമാണ്. നിലവിലെ ചീഫ് ജസ്റ്റിസുമാരുടെയും മറ്റു ജഡ്ജിമാരുടെയും സീനിയോറിറ്റിയും മറ്റും പരിഗണിക്കുമ്പോൾ ഇവർ നിയമിക്കപ്പെടാൻ അർഹരും യോഗ്യരുമെന്നു കൊളീജിയം വിലയിരുത്തിയിരുന്നു.