ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനിൽക്കെ അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കു പ്രതിപക്ഷ പാർട്ടികൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കരുതെന്ന് പാർട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്നാണു സൂചന.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയെ എതിർക്കുന്ന 21 രാഷ്ട്രീയ പാർട്ടികൾ കത്തു നൽകിയേക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടൻ പരസ്പരം പിന്തുണയ്ക്കാൻ തയാറാണെന്നു കാണിക്കുന്ന കത്തുകൾ ഇവർ രാഷ്ട്രപതിക്കു സമർപ്പിച്ചേക്കുമെന്നു സൂചനയുണ്ട്. പ്രാദേശിക പാർട്ടികളുടെ മുന്നണികളെ തകർക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നൽകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കമെന്നാണു സൂചന.
543 അംഗ ലോക്സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 274 സീറ്റുകളാണ് വേണ്ടത്. 2014 തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. എൻഡിഎ മുന്നണി 336 സീറ്റുകളും നേടി. ഈ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നാണു വോട്ടെടുപ്പിന്റെ അഞ്ചു ഘട്ടം കഴിഞ്ഞശേഷമുള്ള വിലയിരുത്തൽ.