ഫാ. ജിമ്മി പൂച്ചക്കാട്ട്

ബൗദ്ധികമായ വളര്‍ച്ച, വൈകാരികമായ വളര്‍ച്ച തുടങ്ങിയവയെല്ലാം കണക്കാക്കി ഒരു വ്യക്തിയുടെ പ്രായം പറയുന്ന രീതി നമുക്ക് അറിവുള്ളതാണ്. ബൗദ്ധിക വളര്‍ച്ചയില്ലാത്ത പതിനാറുകാരനെപ്പറ്റി പറയുന്നു: അവന് നാലുവയസ്സിന്റെ ബൗദ്ധിക വളര്‍ച്ചയേയുള്ളൂ. ഇതുപോലെതന്നെയാണ് വൈകാരിക വളര്‍ച്ചയും. ബുദ്ധിപരമായോ, ശാരീരികമായോ എത്ര വയസ്സായാലും പ്രായത്തിനൊത്ത വൈകാരികമായ വളര്‍ച്ച ഇല്ലെങ്കില്‍ നല്ല വ്യക്തിത്വം രൂപീകരിക്കപ്പെടുന്നില്ല. നല്ല വ്യക്തിത്വമെന്നാല്‍ നാലു പ്രധാന കാര്യങ്ങള്‍ അതായത്, ബൗദ്ധിക, ശാരീരിക, ആധ്യാത്മിക, വൈകാരിക തലങ്ങള്‍ കൃത്യമായ അളവില്‍ ഒന്നുചേര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മിടുക്കനായ കുട്ടി പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുമ്പോഴും മുന്‍കോപവും പിടിവാശിയും നിറഞ്ഞ ഒരു വ്യക്തിത്വമാണെങ്കില്‍ അത് ഒരു നല്ല വ്യക്തിത്വമാകുന്നത് എങ്ങനെ. വൈകാരിക പക്വതയിലേയ്ക്ക് മക്കളെ നയിക്കുന്നതിന് അത്യാവശ്യം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. കുട്ടികള്‍ ചെറുപ്രായത്തില്‍ കരുതുന്നതല്ല ജീവിതം എന്നവര്‍ അറിയണം. അവര്‍ചിന്തിക്കുന്ന തരത്തില്‍ മാത്രം മുന്നോട്ടു പോകുന്നതല്ല ജീവിതം എന്ന അവബോധം വളരെ ചെറുപ്പത്തിലേ തന്നെ കുട്ടികള്‍ക്ക് കൊടുക്കണം. അവര്‍ ആഗ്രഹിക്കുന്നത് സാധിച്ചില്ലെങ്കില്‍, ആവശ്യപ്പെടുന്നത് ലഭിച്ചില്ലെങ്കില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. അത് ഒരു പരിശീലനത്തിന്റെ കുറവാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ ആവശ്യപ്പെടുന്നതെല്ലാം
കിട്ടുന്നതല്ല ജീവിതം എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കണം. അത് അവരെ പക്വതയിലേയ്ക്ക് നയിക്കും. ഇങ്ങനെ ഒരു പരിശീലനം സിദ്ധിക്കാതെ വരുന്ന മക്കള്‍ പിടിവാശിക്കാരും ദുര്‍വാശിക്കാരുമായി വരുന്നത് കാണാം.

2.
കുട്ടികളെ സ്വാര്‍ത്ഥരാകാന്‍ അനുവദിക്കാതിരിക്കുക: എപ്പോഴും എല്ലാറ്റിനും ഒന്നാം സ്ഥാനം ലഭിച്ച് വളരുന്നവര്‍ക്ക് എന്നും തനിക്കുതന്നെ മുന്‍പന്തിയിലായിരിക്കണമെന്ന ധാരണ ലഭിക്കും. ഈ സ്വാര്‍ത്ഥത അവരെ ഒരിക്കല്‍പോലും പരാജയപ്പെടാനോ, രണ്ടാം സ്ഥാനത്താകാനോ സാധിക്കാത്ത മാനസിക അവസ്ഥയിലേയ്ക്ക് നയിക്കും. ജീവിതത്തില്‍ അസാധ്യമായ ഒരു സങ്കല്‍പ്പമാണല്ലോ അത്. എന്നാല്‍ അത്തരം അവസരങ്ങളെ അഭിമുഖീകരിക്കാനുള്ള മാനസിക പക്വതയില്ലാത്ത കുട്ടി ജീവിതത്തില്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചതുപോലെ നിരാശരാകുന്നു, അപക്വമായി പെരുമാറുന്നു, ചിലപ്പോഴെങ്കിലും ജീവിതം തന്നെ നശിപ്പിക്കുവാന്‍ തയ്യാറാകുന്നു. ചെറുപ്പകാലങ്ങളിലെ ശിക്ഷണത്തില്‍ വരുന്ന അപാകതകള്‍ വൈകാരിക പക്വതയെ ബാധിക്കും. ജയിക്കാന്‍ പഠിപ്പിക്കുക മാത്രമല്ല മാതാപിതാക്കളുടെ കടമ…തോല്‍ക്കാനും പരിശീലിപ്പിക്കുക. ഞാന്‍, എന്റെ, എന്ന സ്വാര്‍ത്ഥ മോഹത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അത് സഹായകമാകും.

3. മാനസിക പക്വതയിലേയ്ക്കും, ജീവിതത്തിന്റെ അച്ചടക്ക ബോധത്തിലേയ്ക്കും സ്വയമേവ വളരാന്‍ കുട്ടികളെ പഠിപ്പിക്കണം. പെട്ടെന്ന് ശാഠ്യം
പിടിക്കുക, കോപിക്കുക, അനാവശ്യമായി കരയുക, സങ്കടപ്പെടുക ഇതെല്ലാം നല്ല സ്വഭാവമല്ലെന്നും പക്വമായ ഒരു സമീപനം ആവശ്യമാണെന്നും കുട്ടികള്‍ തന്നെ മനസ്സിലാക്കുന്ന അവസ്ഥയുണ്ടാകണം. ഇതവരെ കൂടുതല്‍ കൂടുതല്‍ വൈകാരിക പക്വതയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കും.

4. വികാരങ്ങളെ നിയന്ത്രിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക: മാനസിക പക്വതയിലേയ്ക്ക് വളരണം എന്ന് പറയുമ്പോഴും വൈകാരിക ഭാവങ്ങളില്ലാതെ അവര്‍ വളരുന്നു എന്നര്‍ത്ഥമില്ല. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുക എന്നതാണ് പരമപ്രധാനം. വികാരങ്ങള്‍ ഉള്ളവരാണ് മനുഷ്യര്‍. അത് കുട്ടിയായാലും അങ്ങനെ തന്നെ. മൂന്നു വയസ്സുള്ള കുട്ടിയുടെ ഒരു കളിപ്പാട്ടം മറ്റൊരാള്‍ എടുത്താല്‍ ആ കുട്ടിക്ക് ദേഷ്യമോ, സങ്കടമോ ഉണ്ടാകും. എന്നാല്‍ അതിന്റെ പേരില്‍ അവന്‍ അമ്മയെയോ അടുത്ത് നില്‍ക്കുന്നവരെയോ അടിക്കുകയോ, ഇടിക്കുകയോ, കടിക്കുകയോ ഒക്കെ ചെയ്യുന്നു. അതിനെ നിയന്ത്രിക്കുവാന്‍ അവന് കഴിയുന്നില്ല എങ്കില്‍ പ്രായമാകുമ്പോള്‍ അവന്‍ കോപിക്കുമ്പോള്‍ കത്തിയോ, കഠാരയോ, തോക്കോ എടുക്കുന്ന അവസ്ഥ ഉണ്ടാകും.

5. കുട്ടികളെ ഒരു സങ്കുചിത ലോകത്തു വളര്‍ത്താതെ അവരെ ജോലി ചെയ്യാന്‍ പഠിപ്പിക്കുക. ജോലിയും വൈകാരിക പക്വതയുമായി വലിയ ബന്ധമുണ്ട് എന്ന് മനസ്സിലാക്കണം. ഒരു സ്വപ്ന ലോകത്തിലല്ല അവന്‍ വളരേണ്ടത്. ഓരോരുത്തരുടേയും പ്രായമനുസരിച്ച് അവര്‍ക്ക് ആകാവുന്ന ജോലി ചെയ്യണം. അടുക്കളയില്‍ സഹായിക്കാനും, തോട്ടത്തില്‍ പണിയെടുക്കാനും, ചെടി നനയ്ക്കാനും എല്ലാം കുട്ടികള്‍ നിയോഗിക്കപ്പെടണം. പച്ചയായ ജീവിതത്തിലൂടെ മാനസികവും ശാരീരികവുമായ പക്വതയിലേയ്ക്ക് അവര്‍ വളര്‍ന്നുവരും. ഒന്നും ചെയ്യാതെ ഒരു സ്തൂപത്തില്‍ സ്ഥാപിച്ചിരിക്കുന്നതുപോലെ വീട്ടില്‍ കഴിയുന്ന കുട്ടിക്ക് ഒരിക്കലും വൈകാരിക പക്വതയിലേയ്ക്ക് വളരാനാവില്ല. പച്ചയായ ജീവിതത്തിന്റെ ഗന്ധം ശ്വസിക്കാതെ എങ്ങനെ അവര്‍ പക്വതയുള്ളവരാകും.

6. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ പഠിക്കണം. ജോലികള്‍ ചെയ്യുമ്പോഴാണ് അവരുടെ ഉത്തരവാദിത്വബോധം നമുക്ക് അളക്കാന്‍ സാധിക്കുക. ചെറിയ കാര്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുന്നവാണ് വലിയ കാര്യങ്ങള്‍ ചെയ്യുന്നവരാകുക. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ അവരെ ഏല്‍പ്പിക്കുകയും അത് എപ്രകാരം ചെയ്യുന്നെന്ന് വിലയിരുത്തുകയും വേണം. കുട്ടികളില്‍ മനഃശക്തിയും കാര്യശേഷിയും ഉണ്ടാകുവാനും, പക്വത വളരുവാനും ഇത് ഏറെ സഹായകമത്രേ.

7. സ്വയമേ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ അനുവദിക്കുക. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു എന്ന് അന്വേഷിക്കുന്നതോടൊപ്പം അവരെക്കൊണ്ട് മുഴുവനും കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നത് മാനസിക പക്വതയ്ക്ക് ആവശ്യമാണ്. ഒരു പക്ഷേ അവര്‍ കൂടുതല്‍ സമയം എടുത്തു എന്ന് വരാം. മാതാപിതാക്കള്‍ക്ക് അതിലും ഭംഗിയായി, നന്നായി ചെയ്യാനാകും. എന്നാല്‍ അല്‍പം വൈകിയാലും, അല്‍പം ഭംഗികുറഞ്ഞാലും അവര്‍ മുഴുവനായും ചെയ്യട്ടെ സ്വന്തമായി തന്നെ. കുട്ടികള്‍ ചെയ്യുന്ന ജോലിയ്ക്ക് ഒരു പ്രോത്സാഹനം നല്‍കിയാല്‍ അത് അവരുടെ സെല്‍ഫ് കോണ്‍ഫിഡന്‍സിനെ വര്‍ദ്ധിപ്പിക്കും.

8. കുട്ടികളെ പരാജയപ്പെടാന്‍ അനുവദിക്കുക. ഒരിക്കലും പരാജയപ്പെടാത്ത കുട്ടിയെന്നാല്‍ ഒരിക്കലും പരിശ്രമിക്കാനനുവദിക്കാത്ത കുട്ടിയെന്നര്‍ത്ഥം. അവര്‍ പരാജയപ്പെടട്ടെ. അത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. പരാജയപ്പെടാന്‍ അനുവദിക്കാതിരുന്നാല്‍ നാം മക്കളുടെ വിജയത്തെ തടസ്സപ്പെടുത്തുകയാണ്. ഏതു കാര്യവും നൂറുശതമാനം പരിപൂര്‍ണ്ണതയോടെ ചെയ്യാന്‍ ആര്‍ക്കാണ് ആവുക. കഠിനമായ പരിശ്രമത്തിന് നമ്മെ വെല്ലുവിളിക്കുന്നതാണ് ഓരോ പരാജയവും. ഒരു കുട്ടിയെ സംബന്ധിച്ച് ആ വെല്ലുവിളി അവര്‍ സ്വീകരിക്കുകയും തീര്‍ച്ച.

9. കുട്ടികളെ തീരുമാനമെടുക്കാന്‍ അനുവദിക്കുക. കുട്ടികള്‍ക്ക് തീരുമാനങ്ങളെടുക്കുവാന്‍ അവസരം ലഭിക്കാത്ത അവസ്ഥ ഉണ്ടായാല്‍ അത്. മാനസിക വളര്‍ച്ചയെ സ്വാധീനിക്കാന്‍ ഇടയുണ്ട്. അവര്‍ തീരുമാനിക്കട്ടെ. അതിലെ ശരിയും തെറ്റും പറഞ്ഞുകൊടുത്ത് അവരെ കൂടുതല്‍ നല്ല തീരുമാനമെടുക്കുവാന്‍ പഠിപ്പിക്കണം. അങ്ങനെ അവര്‍ ഏതു പ്രതിസന്ധിയിലും കുലുങ്ങാതെ നില്‍ക്കുവാന്‍ പര്യാപ്തരാകും. മേല്‍പ്പറഞ്ഞ തത്വങ്ങളെല്ലാം വളരെ നിസാരമെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നമ്മുടെ കുട്ടിയുടെ വൈകാരിക പക്വതയ്ക്ക് എന്നും പരമപ്രധാനമാകുന്നത് ജീവിതത്തിലെ ഇത്തരം നിസ്സാര കാര്യങ്ങളാണെന്ന്
മറക്കാതിരിക്കുക