മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതി അസിയ ബീബി പാക്കിസ്ഥാൻ വിട്ടു. ഇവർക്ക് കാനഡ അഭയം നൽകിയതായി അഭിഭാഷകൻ അറിയിച്ചു. അസിയ ബീബി രാജ്യം വിട്ടതായി പാക് അധികൃതരും സ്ഥിരീകരിച്ചു. എന്നാൽ ഇവർ എവിടേക്കാണ് പോയതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാക് സുപ്രീം കോടതി അസിയ ബീബിയുടെ ശിക്ഷ റദ്ദാക്കിയിരുന്നത്. പല രാഷ്ട്രങ്ങളും ഇവർക്ക് അഭയം നൽകാൻ തയാറായിരുന്നുവെങ്കിലും ഇസ്ലാം തീവ്രവാദികളെ ഭയന്ന് ജയിൽ മോചനത്തിനുശേഷം ഇവരെ അജ്ഞാത സ്ഥലത്തു പാർപ്പിച്ചിരിക്കുകയായിരുന്നു.
പാക് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയിടത്തില്‍ ജോലിക്കിടെ ഒരു പാത്രം വെള്ളത്തിനായി മുസ്ലീം യുവതിയുമായി അസിയ ബീബി വഴക്കിട്ടു. ഈ വഴക്കിനിടെ മതനിന്ദാ പരമായ പരാമര്‍ശങ്ങള്‍ ആസിയ നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് 2009ല്‍ അഞ്ചുകുട്ടികളുടെ മാതാവായ ഇവരെ അറസ്റ്റ് ചെയ്തത്.
2010ല്‍ അസിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷനടപ്പിലാക്കുന്ന തീയതി വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ഇതിനെതിരെ അസിയ നൽകിയ ഹർജിയിൽ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ഒരു ദശാബ്ദത്തോളം ഡെത്ത് റോയിൽ കഴിഞ്ഞ ഇവരുടെ മോചനം സാധ്യമായത് ലോക നേതാക്കൾ ചെലുത്തിയ ശക്തമായ സമ്മർദത്തെ തുടർന്നാണ്. പിന്നീട് പാക് സുപ്രീം കോടതി ഇവരെ കുറ്റ വിമുക്തയാക്കുകയും ജയിലിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു.