ആൻഫീൽഡിൽ അത്ഭുതങ്ങൾ പിറന്നപ്പോൾ തുടർച്ചയായ രണ്ടാം വർഷവും ലിവർപൂൾ ചാന്പ്യൻസ് ലീഗ് ഫൈനലിൽ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് ചാന്പ്യൻമാരായ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലിവർപൂൾ തകർത്തു. ആദ്യ പാദത്തിലെ മൂന്നു ഗോളുകളുടെ തോൽവിക്കു ശേഷമായിരുന്നു രണ്ടാം പാദത്തിലെ നാലു ഗോളിന്റെ വിജയം. ഇതോടെ 4-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ ലിവർപൂൾ കലാശക്കൊട്ടിനു യോഗ്യത നേടി.
സൂപ്പർ താരം മുഹമ്മദ് സലയും ഫിർമീനോയും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ലിവർപൂൾ ആദ്യ ഗോൾ കണ്ടെത്തി. ഡിവോക് ഒറിജിയായിരുന്നു സ്കോറർ. ഒരു ഗോൾ വീണശേഷവും മെസിക്കോ സുവാരസിനോ ഒരവസരവും നൽകാതെ ലിവർപൂൾ ആക്രമണം തുടർന്നു.
രണ്ടാം പകുതിയിൽ പരിക്കേറ്റ റോബേർട്സണ് പകരക്കാരനായി ജോർജിനൊ വൈനാൽഡം ഇറങ്ങി. പിന്നാലെ രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോളുകളുമായി വൈനാൽഡം ബാഴ്സയുടെ സ്കോറിനൊപ്പം ലിവർപൂളിനെ എത്തിച്ചു. സമനില ഗോൾ വീണപ്പോഴും തിരികെ ഒരു പ്രത്യാക്രമണം നടത്താൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല.
മത്സരത്തിന്റെ 79-ാം മിനിറ്റിൽ ആൻഫീൽഡ് കാത്തിരുന്ന ഗോളെത്തി. അർനോൾഡ് എടുത്ത കോർണർ ഒറിജി ബാഴ്സ ഗോൾപോസ്റ്റിലേക്കു തിരിച്ചുവിടുന്പോൾ ആൻഫീൽഡ് പൊട്ടിത്തെറിച്ചു. സ്കോർ 4-0. അഗ്രിഗേറ്റിൽ 4-3. ലിവർപൂൾ ഫൈനലിലേക്ക്.
കഴിഞ്ഞ സീസണിലും സമാനമായിരുന്നു ബാഴ്സലോണയുടെ അവസ്ഥ. ക്വാർട്ടർ ഫൈനലിൽ റോമയായിരുന്നു ബാഴ്സയുടെ എതിരാളികൾ. അന്ന് ആദ്യ പാദം 4-1 എന്ന സ്കോറിൽ ബാഴ്സലോണ വിജയിച്ചു. മൂന്നു ഗോളിന്റെ ലീഡുമായി റോമിൽ എത്തിയ ബാഴ്സ അവിടെ 3-0-ന് തോറ്റു. അഗ്രിഗേറ്റിൽ സ്കോർ 4-4. എവേ ഗോളിൽ ബാഴ്സലോണ പുറത്ത്.