ഒരാണ്ടിന്റെ കാത്തിരിപ്പിന് ഇനി ഏഴേ ഏഴുനാൾ എന്ന് വിളംബരം ചെയ്തു വിശ്വവിസ്മയമായ തൃശൂർ പൂരത്തിന് കൊടിയേറി. 13നാണ് തൃശൂർ പൂരം. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളും പൂരത്തെ എല്ലാ അർത്ഥത്തിലും പൂരമാക്കുന്ന എട്ട് ചെറുപൂരങ്ങളെ ത്തുന്ന ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറ്റ് നടന്നത്.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15 നും 11.45 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ക്ഷേത്രാങ്കണത്തിൽ നിറഞ്ഞ തട്ടക നിവാസികളേയും പൂരപ്രേ മികളേയും സാക്ഷിനിർത്തി കൊടിയേറ്റ് നടന്നത്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ കൊടിമരം ഉയർത്തിയതോടെ പൂരം കൊടിയേറി.
വർണ്ണക്കൊടിയാണ് തിരുവമ്പാടിയുടേത്. ഉച്ചയ്ക്ക് മൂന്നിനുള്ള പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പൂരം പുറപ്പാട് ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ ചെറിയ വെടിക്കെട്ടുണ്ടാകും. മേളം കൊട്ടിക്കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നെള്ളും. പാറമേക്കാവ് ക്ഷേത്രത്തിൽ 12.05നാണ് കൊടിയേറ്റ് നടന്നത്. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിച്ച ഭഗവതിയെ സാക്ഷി നിർത്തി ആല്, മാവ്, ദർഭ എന്നിവ കൊണ്ട് അലങ്കരിച്ച, ചെന്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ കൊടിമരത്തിൽ ദേശക്കാർ കൊടിയുയർത്തി. സിംഹമുദ്രയുള്ള കൊടിക്കൂറ യാണ് ഉപയോഗിച്ചത്.
വൻതിരക്കാണ് പാറമേക്കാവിൽ കൊടിയേറ്റിന് അനുഭവപ്പെട്ടത്. ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം പുറത്തെ പാലമരത്തിലും കൊടി ഉയർത്തി. മണിക ണ്ഠനാലിലും കൊടിയുയർത്തും. പെരുവനം കുട്ടൻമാരാരുടെ മേളം, വെടിക്കെട്ട്, അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും. വടക്കുന്നാഥ ക്ഷേത്ര കൊക്കർണിപറമ്പിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ആറാട്ടും നടക്കും.