വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്. ഇയാൾ കോവളത്ത് കാറ്ററിംഗ് ജീവനക്കാരനാണ്.
ശനിയാഴ്ച കോവളം പാച്ചല്ലൂർ കൊല്ലന്തറ സർവീസ് റോഡിലായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയുടെ മാല പൊട്ടിച്ചെടുക്കാനാണ് പ്രതി ശ്രമിച്ചത്. ബൈപ്പാസിന്റെ വശത്തുളള സർവീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചു.
തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. ഇയാൾ നേരത്തെ സമാന കേസുകളിൽ പ്രതിയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.