വിശ്വാസ പരിശീലന ക്ലാസുകൾ നവീനവും ആകർഷകവുമാക്കാൻ സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ആവിഷ്കരിച്ചു. അധ്യാപനത്തിനും അധ്യയനത്തിനും ഈ മൊബൈൽ ആപ് ഏറെ സഹായകമാകും.
കമ്മീഷൻ നേരത്തെ ആരംഭിച്ച സ്മാർട്ട് കാറ്റക്കിസം പദ്ധതിയുടെ തുടർച്ചയായാണു മൊബൈൽ ആപ് പുറത്തിറക്കിയത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങൾ, പഠനസഹായികൾ, അനുബന്ധ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ എന്നിവ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിശ്വാസ പരിശീലന ക്ലാസുകളിൽ പാഠഭാഗങ്ങളോടനുബന്ധിച്ചു പരിചയപ്പെടുത്താവുന്ന അനുദിന വിശുദ്ധർ, പ്രചോദനാത്മക കഥകൾ, ഹ്രസ്വചിത്രങ്ങൾ, ആക്ഷൻ സോംഗുകൾ, ഡോക്യുമെന്ററികൾ എന്നിവയും ആപ്ലിക്കേഷനിലുണ്ടാകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാനാകും. ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസിന്റെ ഓഡിയോ വേർഷൻ, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവർ പോയിന്റ് പ്രസന്റേഷൻ (പിപിടി), അധ്യാപക സഹായി എന്നിവ മൂന്നു ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നു സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷനിലെ പാഠഭാഗങ്ങളും പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സംവിധാനമുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണു മൊബൈൽ ആപ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റിന്റെ സാധ്യതകൾ വിശ്വാസപരിശീലന പ്രക്രിയയിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനു കമ്മീഷൻ നേരത്തെ ആരംഭിച്ച സ്മാർട്ട് കാറ്റക്കിസം പദ്ധതിയും വെബ്സൈറ്റും ശ്രദ്ധേയമായിരുന്നു.
സ്മാർട്ട് ഫോണുകളിലെ പ്ലേ സ്റ്റോറിൽ നിന്നു സ്മാർട്ട് കാറ്റക്കിസം എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആൻഡ്രോയ്ഡിലും ഐഫോണിലും ഇതു ലഭ്യമാകും. ഇന്ത്യയിലും പുറത്തുമുള്ള സീറോ മലബാർ രൂപതകളിലും മറ്റു കേന്ദ്രങ്ങളിലുമായി ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ നാലു ലക്ഷത്തിലധികം വിദ്യാർഥികൾ വിശ്വാസ പരിശീലനം നടത്തുണ്ട്.