ദേശീയപാതവികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്. എറണാകുളത്തെ ഭൂമി ഏറ്റെടുക്കൽ തടയാൻ ശ്രീധരൻ പിള്ള കേന്ദ്രത്തിനു കത്തയച്ചെന്ന് ഐസക് ആരോപിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ അയച്ച കത്ത് ഐസക്ക് പുറത്തുവിട്ടു. സംയുക്ത സമരസമിതിയുടെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻ പിള്ള കത്തയച്ചത്.
ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ദേശീയപാതാ വികസന അതോറിറ്റി ഉറപ്പുവരുത്തുകയാണെന്ന് ഐസക് ആരോപിച്ചു. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നതെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.