നോബിൾ തോമസ് പാറക്കൽ

മതബോധനവും പ്രായോഗിക അറിവുകളും

1. ദൈവം സ്നേഹമായതിനാല്‍ അവിടുന്ന് തന്‍റെ സ്നേഹത്താല്‍ മനുഷ്യനെ സൃഷ്ടിച്ചു. പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചുകൊണ്ട്, വിവാഹത്തില്‍, ജീവന്‍റെയും സ്നേഹത്തിന്‍റെയും ഗാഢസംസര്‍ഗ്ഗത്തിലേക്ക് ദൈവം അവരെ വിളിച്ചിരിക്കുന്നു.

2. വിവാഹം സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ സംസര്‍ഗ്ഗത്തിലേക്കും നന്മയിലേക്കും കുട്ടികളുടെ ജനനത്തിലേക്കും അവരുടെ വിദ്യാഭ്യാസത്തിലേക്കും ക്രമവത്കരിക്കപ്പെട്ടിട്ടുള്ളതാണ്.

3. ദൈവത്തിന്‍റെ ആദിമപദ്ധതിപ്രകാരം ദാമ്പത്യഐക്യം അവിഭാജ്യമാണ്.

4. കൂദാശയുടെ പുതിയ മഹത്വത്തില്‍ വിവാഹം ജീവിക്കുന്നതിനുള്ള കൃപ മിശിഹാ നല്കുന്നു. സഭയോടുള്ള മിശിഹായുടെ സ്നേഹത്തിന്‍റെ അടയാളമാണ് ഈ കൂദാശ.

5. വിവാഹം എല്ലാവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമല്ല. കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകുന്നതിനുവേണ്ടി വലിയ നന്മയായ വിവാഹം ഉപേക്ഷിച്ച് കന്യാവ്രതത്തിന്‍റെയും ബ്രഹ്മചര്യത്തിന്‍റെയും വഴിയില്‍ തന്നെ അനുഗമിക്കാന്‍ കര്‍ത്താവ് ചില സ്ത്രീപുരുഷന്മാരെ സവിശേഷമായി വിളിക്കാറുണ്ട്.

നോബിൾ തോമസ് പാറക്കൽ

6. സഭയില്‍ പരസ്യമായ ഒരു പദവിയുടെ ജീവിതം ദമ്പതികള്‍ക്ക് വിവാഹം നല്കുന്നതിനാല്‍ അത് പുരോഹിതന്‍റെയും മറ്റു സാക്ഷികളുടെയും സാന്നിദ്ധ്യത്തില്‍ പരസ്യമായി നടത്തേണ്ടതാണ്.

7. കത്തോലിക്കാസഭയുടെ വിവാഹത്തെ യാഥാര്‍ത്ഥ്യമാക്കുന്നത് വിവാഹസമ്മതമാണ്. അത് ഒഴിച്ചുകൂടാനാവാത്തതും പകരം വയ്ക്കാനാവാത്തതുമാണ്. അത് ബോധപൂര്‍വ്വവും സ്വതന്ത്രവുമായ ഒരു മാനുഷികപ്രവൃത്തിയായിരിക്കണം; നിര്‍ബന്ധമോ ബലാത്കാരമോ അതിനു പിന്നിലുണ്ടാവരുത്.

8. കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ച അകത്തോലിക്കരും തമ്മിലുള്ള വിവാഹം മിശ്രവിവാഹം (Mixed Marriage) എന്ന് അറിയപ്പെടുന്നു. മിശ്രവിവാഹം സാധുവാകുന്നതിന് സഭാധികാരിയുടെ അനുവാദം ആവശ്യമുണ്ട്.

9. കത്തോലിക്കരും മാമ്മോദീസാ സ്വീകരിക്കാത്ത ഇതരമതവിശ്വാസികളും തമ്മിലുള്ള വിവാഹം (Disparity of Cult) നിയമാനുസൃതമാകുന്നതിന് വിവാഹതടസ്സമൊഴിവാക്കുന്ന വ്യക്തമായ കല്പന സഭാധികാരിയുടെ പക്കല്‍ നിന്നും ലഭിച്ചിരിക്കണം. ഈ വിവാഹം ഒരു കൂദാശയല്ല. പ്രത്യേകമായ കാരണങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് ഈ വിവാഹത്തിന് അനുവാദം ലഭിക്കുന്നത്. മാമ്മോദീസാ സ്വീകരിക്കാത്ത വ്യക്തിക്ക് വിവാഹമെന്ന കൂദാശ സ്വീകരിക്കാനോ പരികര്‍മ്മം ചെയ്യാനോ സാധിക്കാത്തതുകൊണ്ടാണ് ഈ വിവാഹം കൗദാശികമല്ലാത്തത്.

10. ഏതു തരത്തിലുള്ള വിവാഹമായാലും കത്തോലിക്കാ പങ്കാളി സ്വന്തം വിശ്വാസം സംരക്ഷിക്കാനും കുട്ടികള്‍ക്ക് ജ്ഞാനസ്നാനവും കത്തോലിക്കാവിശ്വാസത്തില്‍ വിദ്യാഭ്യാസവും നല്കുവാനുള്ള സാഹചര്യങ്ങളും ഉറപ്പാക്കണം.

11. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മില്‍ നടത്തിയതും ലൈംഗികബന്ധത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ടതുമായ വിവാഹം ഒരിക്കലും വേര്‍പെടുത്താനാവുന്നതല്ല. കൂടാതെ, ഈ കൂദാശ ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തില്‍ വിശുദ്ധി പ്രാപിക്കുന്നതിനും കുട്ടികളെ ഉത്തരവാദിത്വപൂര്‍വ്വം ജനിപ്പിക്കുന്നതിനും അവരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും ആവശ്യമായ കൃപകള്‍ നില്കുന്നു.

12. വിവാഹമെന്ന കൂദാശയ്ക്കെതിരായ ഗൗരവമുള്ള പാപങ്ങള്‍: വ്യഭിചാരം, ബഹുഭാര്യാത്വം, ബഹുഭര്‍തൃത്വം, ഉല്പാദനക്ഷമതാനിരാകരണം, വിവാഹമോചനം.

13. ഗൗരവാവഹമായ കാരണങ്ങളാല്‍ സഹവാസം അസാധ്യമാകുമ്പോള്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നത് സഭ അനുവദിക്കുന്നു. ഇത് വിവാഹമോചനമല്ല. അവരുടെ അനുരഞ്ജനം സഭ എല്ലായ്പോഴും ആഗ്രഹിക്കുന്നു.

14. സിവില്‍ വിവാഹമോചനം നേടി മറ്റൊരു വിവാഹം നടത്തുന്നത് സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ശ്രദ്ധാപൂര്‍വ്വമായ ഒരു താത്പര്യമാണ് സഭയ്ക്ക് അവരോടുള്ളത്. എങ്കിലും അവരുടെ പ്രവൃത്തി വസ്തുനിഷ്ഠമായി ദൈവത്തിനെതിരാകയാല്‍ അവരുടെ ബന്ധം നിലനില്ക്കുന്നിടത്തോളം കാലം അനുരഞ്ജനകൂദാശയ്ക്കണയാനോ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനോ സഭാപരമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കാനോ അവര്‍ക്കു പാടുള്ളതല്ല.

2. പ്രായോഗിക അറിവുകള്‍

1. വിവാഹാര്‍ത്ഥികള്‍ക്ക് ദാമ്പത്യജീവിതത്തെ സംബന്ധിച്ച് ആവശ്യമായ അറിവുണ്ടായിരിക്കണം.

2. വിവാഹത്തിനൊരുക്കമായ കോഴ്സ്: വിവാഹപ്രായമായാലുടനെ കോഴ്സ് കൂടുക. വിവാഹാലോചനയിലും അന്വേഷണത്തിലും അത് സഹായകമാകും. വിവാഹഒരുക്ക കോഴ്സില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് മനസ്സമ്മതത്തിനു മുമ്പ് വികാരിയച്ചന്‍റെ പക്കല്‍ ഹാജരാക്കണം.

3. സമയവും ദിവസവും വികാരിയച്ചനുമായി ആലോചിച്ച് മുന്‍കൂട്ടി ഉറപ്പിക്കണം. നമസ്കാരം കേള്‍ക്കേണ്ട തിയതിയും നേരത്തേ തന്നെ നിശ്ചയിച്ചിരിക്കണം. ദേവാലയശുശ്രൂഷിയെയും തിയതിയും അനുബന്ധകാര്യങ്ങളും അറിയിച്ചിരിക്കണം.

4. വിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള അനുവാദം ആവശ്യമാണെങ്കില്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനമായതിനു ശേഷം മാത്രമേ വിവാഹതീയതി നിശ്ചയിക്കാവൂ.

5. ശരിയായ ഒരുക്കത്തോടും സമ്മതത്തോടും അറിവോടും കൂടിയാണ് തങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് വ്യക്തമാക്കാനായി വിവാഹാര്‍ത്ഥികള്‍ പള്ളിയില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം മനസ്സിരുത്തി വായിച്ച് സ്വന്തം കൈപ്പടയില്‍ തന്നെ പൂരിപ്പിച്ചു നല്കേണ്ടതാണ്.

6. വിവാഹത്തിന് ഒരുക്കമായി വേദപാഠം കേള്‍പ്പിക്കുവാന്‍ വരുമ്പോള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍: വിശ്വാസപ്രമാണം, ദൈവകല്പനകള്‍, തിരുസ്സഭയുടെ കല്പനകള്‍, കൂദാശകള്‍, വിവാഹമെന്ന കൂദാശ, വിവാഹിതരുടെ കടമകള്‍, കുടുംബം, കുമ്പസാരം, കുടുംബപ്രാര്‍ത്ഥനകള്‍, ത്രിസന്ധ്യാജപങ്ങള്‍, ജപമാല.

7. താലി, മോതിരം, മന്ത്രകോടി എന്നിവയോടൊപ്പം രണ്ട് കൊന്തയും വിവാഹത്തിനു വരുമ്പോള്‍ കരുതിയിരിക്കേണ്ടതാണ്.

8. വിവാഹത്തിനുള്ള സാക്ഷികളെ ഇരുഭാഗത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. വിവാഹം കഴിഞ്ഞാലുടന്‍ തന്നെ വധുവരന്മാരും സാക്ഷികളും രജിസ്റ്ററില്‍ ഒപ്പിടണം. അതിനുശേഷം മാത്രം ഫോട്ടോയെടുക്കാനായി പോവുക.

9. വിവാഹ അവസരത്തില്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നകാര്യങ്ങള്‍ക്ക് പിന്നീട് മാറ്റം വരുത്തുന്നതല്ല. അതിനാല്‍ അക്കാര്യങ്ങള്‍ കൃത്യമായറിയുന്നവര്‍ വേണം വിവരങ്ങള്‍ നല്കുവാന്‍. ദമ്പതികള്‍ തന്നെ വന്ന് നല്കുന്നതാണ് ഉത്തമം.

10. വിവാഹത്തില്‍ സംബന്ധിക്കുന്നവര്‍ വി. കുര്‍ബാനയിലും സംബന്ധിക്കുന്നതിന് സഹായകമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്.

11. വിവാഹത്തിന് രണ്ടു കാര്യങ്ങള്‍ അത്യാവശ്യമാണ്:

a. ഒരുക്കം : മനസ്സ്, ശരീരം, ആത്മാവ്

b. അനുഗ്രഹം : ദൈവത്തിന്‍റെ, മനുഷ്യന്‍റെ, പ്രകൃതിയുടെ

12. വിവാഹത്തിന് പ്രായവും പക്വതയും വേണം. വിവാഹം കഴിച്ചാല്‍ പക്വതയാകും എന്ന വിചാരത്തോടെ വിവാഹിതരാകരുത്.

13. വിവാഹത്തിന് മുമ്പ് കരുതേണ്ട രേഖകള്‍, ചെയ്യേണ്ട കാര്യങ്ങള്‍:

a. വേദപാഠം 12-ാം ക്ലാസ്സ് പാസ്സായതിന്‍റെ സര്‍ട്ടിഫിക്കറ്റ്

b. വിവാഹഒരുക്ക കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ്

c. വിവാഹാര്‍ത്ഥി ഇടവകയ്ക്ക് പുറത്ത് ദീര്‍ഘകാലം പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്വതന്ത്രാവസ്ഥ (ളൃലല മെേലേ) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

d. നമസ്കാരം കേള്‍പ്പിച്ച് വികാരിയച്ചന്‍റെ അനുഗ്രഹം തേടുക.

e. പള്ളിക്കുടിശ്ശിക ഒത്തുകല്യാണത്തിനു മുമ്പ് മുഴുവന്‍ കൊടുത്തു തീര്‍ക്കുക.

14. വിവാഹാലോചനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

a. ജീവിതപങ്കാളിയാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് കൃത്യമായി അന്വേഷിക്കുക.

b. വിവാഹത്തിന് തിരക്കു കൂട്ടുന്നവരെ ശ്രദ്ധിക്കുക.

c. ശ്രദ്ധിക്കേണ്ട മേഖലകള്‍:

– ആത്മീയ വിശ്വാസ ജീവിതമേഖലകള്‍

– സാമൂഹ്യജീവിതം

– ഇടവകാജീവിതം – ആത്മീയത

– സാമ്പത്തികമേഖല

– സംസ്കാരിക-പാരമ്പര്യമേഖല

– മതം, റീത്ത് എന്നിവ

– വിദ്യാഭ്യാസം

– ആരോഗ്യം: ശരീരം, മനസ്സ്
(ദുശ്ശീലങ്ങള്‍, കൂട്ടുകെട്ട് മുതലായവ)

15. വിവാഹം നടത്തുമ്പോള്‍

a. വിവാഹത്തിന്‍റെ പേരിലുള്ള അമിതമായ ധൂര്‍ത്ത് ഒഴിവാക്കുക. വിവാഹം എന്ന കൂദാശയുടെ ആത്മീയവശത്തിന് കൂടുതല്‍ പ്രാധാന്യം നല്കുക.

b. വിവാഹത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന്, പണം വച്ചുള്ള ചീട്ടുകളി എന്നിവ ഒഴിവാക്കുക. ഇവ കൂദാശയുടെ പവിത്രതയെ ഗൗരവമായി ബാധിക്കുന്നവയത്രേ.

c. വിവാഹത്തലേന്നത്തെ ആര്‍ഭാടസദ്യകള്‍ ഒഴിവാക്കുക. എങ്കിലും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളുമൊരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

d. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്കുക. സമയം കൃത്യമായി പാലിക്കുക. ഗായകസംഘത്തെ മുന്‍കൂട്ടി നിശ്ചയിച്ച് ബഹുമാനപ്പെട്ട വികാരിയെ അറിയിക്കുക.

e. വേഷവിധാനങ്ങള്‍ ദേവാലയത്തിന് യോജിച്ചതായിരിക്കാന്‍ ശ്രദ്ധിക്കുക. ആഘോഷത്തിന്‍റെ പേരില്‍ ദേവാലയചൈതന്യത്തിന് നിരക്കാത്ത വസ്ത്രധാരണം അരുത്.

f. ഫോട്ടോ, വീഡിയോ എന്നിവ അതാതു ദേവാലയത്തിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് മാത്രം ക്രമീകരിക്കുക. വീഡിയോ, ജനറേറ്റര്‍ തുടങ്ങിയവയ്ക്ക് ഇടവകയില്‍ നിശ്ചയിച്ചിരിക്കുന്ന തുക മുന്‍കൂട്ടി അടയ്ക്കുക.

g. ദേവാലയത്തില്‍ ബഹളം വയ്ക്കരുത്. പ്രാര്‍ത്ഥനാപൂര്‍വ്വം വ്യാപരിക്കുക. വിവാഹത്തില്‍ സംബന്ധിക്കാനെത്തുന്ന അന്യമതസ്ഥര്‍ക്ക് ഉതപ്പ് നല്കരുത്.

h. ദേവാലയമുറ്റത്തും അകത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. പരിചയം പുതുക്കാനും വിശേഷങ്ങള്‍ തിരക്കാനും ദേവാലയത്തിനുള്ളില്‍ വച്ച് ശ്രമിക്കരുത്.

i. ദേവാലയത്തിലെ മുഴുവന്‍ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുക. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമായി വിവാഹത്തിന് പോകരുത്.

j. വിവാഹാര്‍ത്ഥികള്‍ വിവാഹസമയത്ത് അവര്‍ എന്തൊക്കെ ചെയ്യണം എന്ന് നേരത്തേ അന്വേഷിച്ച് ഒരുങ്ങുന്നത് നല്ലതാണ്.

k. അകത്തോലിക്കരോ അക്രൈസ്തവരോ വിവാഹത്തില്‍ സംബന്ധിക്കാന്‍ വരുന്നെങ്കില്‍ അവര്‍ക്ക് ആവശ്യമായ മുന്നറിവുകള്‍ നല്കുക.