സുറിയാനിഭാഷയുടെ തനിമയും പ്രാധാന്യവും സംരക്ഷിക്കാൻ സഭാമക്കൾ പരിശ്രമിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർ വാലാഹ് സിറിയക് അക്കാഡമി സംഘടിപ്പിച്ച ഒന്പതാമതു സുറിയാനി പഠനശിബിരത്തിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുറിയാനി ഭാഷയെ വളർത്തുന്നതിലും ജനകീയമാക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ’മാർ വാലാഹ് അക്കാഡമി’ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ ഭാഷയെ അറിയുന്നതിനും പഠിക്കുന്നതിനും പുതുതലമുറ പ്രകടിപ്പിക്കുന്ന താത്പര്യം പ്രോത്സാഹനജനകമാണ്. സുറിയാനി ഗീതങ്ങൾ ആരാധനാശുശ്രൂഷകളിൽ ഇന്നു പല ദേവാലയങ്ങളിലും ഉപയോഗിക്കുന്നു. ഇവയെല്ലാം പൗരസ്ത്യ ആരാധനാക്രമത്തിന്റെ ആഴവും അർഥവും മൂല്യവും മനസിലാക്കാൻ ഉപകാരപ്രദമാണെന്നും കർദിനാൾ പറഞ്ഞു. തൃക്കാക്കര എസ്എച്ച് മൈനർ സെമിനാരി വിദ്യാർഥികളും വൈദികരും പഠനശിബിരത്തിൽ പങ്കെടുത്തു. കർദിനാൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സന്ദേശം നൽകി. അക്കാഡമി ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങലിന്റെ നേതൃത്വത്തിൽ റവ. ഡോ. ഫ്രാൻസീസ് പിട്ടാപ്പിള്ളിൽ സുറിയാനി ക്ലാസുകൾ നയിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ മാർ വാലാഹ് സിറിയക് അക്കാഡമി ചെയർമാനും ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയിൽ എപ്പിസ്കോപ്പൽ മെന്പറുമാണ്.
സുറിയാനിഭാഷയുടെ തനിമയും പ്രാധാന്യവും സംരക്ഷിക്കണം: മാർ ആലഞ്ചേരി
