മുരളി തുമ്മാരുകുടി
രണ്ടാഴ്ചയായി യാത്രകളിലായിരുന്നതിനാൽ ശ്രീലങ്കയിലെ ഭീകരവാദി ആക്രമണങ്ങളെപ്പറ്റി വിശദമായി എഴുതാൻ പറ്റിയില്ല. സമീപകാലത്ത് ലോകത്തുണ്ടായ സംഭവവികാസങ്ങളിൽ കേരളം ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ശ്രീലങ്കയിൽ സംഭവിച്ചത്.
“ശ്രീലങ്കയിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ?”, എന്നതാണ് മിക്കവരുടെയും മനസ്സിലുള്ള ചോദ്യം.
ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം എന്നതിൽ ഒരു സംശയവും വേണ്ട. അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്. വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ എവിടെയും ഉണ്ട്, അവിടെ ആയിരക്കണക്കിന് ആളുകൾ വന്നു ചേരുന്ന ആഘോഷങ്ങളുണ്ട്. ഇവിടങ്ങളിൽ സാധാരണദിവസങ്ങളിലോ ആഘോഷ ദിവസങ്ങളിലോ പൊട്ടിത്തെറിക്കാൻ വരുന്ന ഭീകരനെ കണ്ടെത്താനുള്ള ഒരു സംവിധാനവുമില്ല. ഒരു ബോംബുണ്ടാക്കാനുള്ള എല്ലാ സാധന സാമഗ്രികളും – വെടിമരുന്ന് മുതൽ ബോൾ ബെയറിങ്ങ് വരെ കേരളത്തിലെവിടെയും ലഭ്യമാണ്. തീവ്രവാദ ആശയങ്ങളുള്ളവർ കേരളത്തിലെന്പാടുമുണ്ട്. കേരളത്തിൽ എന്തെങ്കിലും ആസൂത്രണം നടന്നാൽ അത് മുൻകൂർ കണ്ടുപിടിക്കാവുന്ന തരത്തിലുള്ള ഇന്റലിജൻസ് സർവൈലൻസ് സംവിധാനങ്ങളൊന്നും നമുക്കിപ്പോഴും ശക്തമല്ല. നാട്ടിൽ അക്രമങ്ങൾ നടത്തി മറുനാട്ടിലേക്ക് പോകാനുള്ള സാധ്യതയും, മറുനാട്ടിൽ അക്രമങ്ങൾ നടത്തി കേരളത്തിൽ എത്തിയവരെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയുണ്ട്. തീവ്രവാദത്തിന് പണം മുടക്കാൻ ലോകത്തെവിടെയും ആളുകളുണ്ട്. ഇതൊക്കെ നമുക്ക് ചുറ്റുമുണ്ടായിട്ടും നമ്മുടെ ഭാഗ്യത്തിന് അവയൊക്കെ ഇതുവരെ വേണ്ടത്ര അളവിൽ ഒത്തുചേർന്നിട്ടില്ല എന്നുമാത്രം. അതുകൊണ്ട് ‘ദൈവത്തിന്റെ സ്വന്തം നാടാണ്, ഇവിടെ എല്ലാവരും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്, നമുക്ക് ഒന്നും പേടിക്കാനില്ല’ എന്നൊരു ചിന്തയേ വേണ്ട.
ഒരു ഭീകരവാദി ആക്രമണം നടത്താൻ വലിയ ആൾക്കൂട്ടമൊന്നും വേണ്ട. ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി ആക്രമണമായ 9/11 നടപ്പിലാക്കിയത് വെറും പത്തൊന്പത് ആളുകൾ ചേർന്നാണ്. ന്യൂസിലൻഡിലെ ഭീകരവാദ ആക്രമണം നടത്തിയത് ഒരാൾ ഒറ്റക്കാണ്. മുംബൈയിലെ ഭീകരവാദി ആക്രമണത്തിൽ പത്തുപേർ മാത്രമാണ് പങ്കുചേർന്നിരുന്നത്. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരും ഇത്രയും പേരുണ്ടെന്ന് കരുതിയാൽ തന്നെ അൻപത് പേരുടെ സംഘം തീരുമാനിച്ചാൽ അയ്യായിരം പേരെ കൊല്ലാം. അതായത് അൻപത് പേരെ കൊല്ലാൻ ഒരാൾ മതി. എത്ര സ്നേഹത്തോടും സൗഹാർദ്ദത്തോടും കൂടി ജീവിക്കുന്ന സമൂഹത്തിലും വെറുപ്പും വിദ്വേഷവുമായി ഭീകരാക്രമണം നടത്താൻ ഒരു ഡസൻ ആളുകളെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.
ഒരു ഭീകരവാദി ആക്രമണം ഉറപ്പാണെന്ന് മനസ്സിലാക്കിയാൽ പിന്നെ നാം ആലോചിക്കേണ്ടത് എങ്ങനെയാണ് അത് ഒഴിവാക്കാൻ സാധിക്കുന്നത് എന്നാണ്. സ്വാഭാവികമായും കൂടുതൽ അപായ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താം. ഇത് ആരാധനാലയങ്ങൾ തൊട്ട് വിമാനത്താവളം വരെയും, മതപരമായ ചടങ്ങുകൾ തൊട്ട് പാർട്ടി സമ്മേളനം വരെയും ആകാം. ഇത് നമ്മൾ ഇപ്പോഴേ ചിന്തിച്ചു തുടങ്ങണം. ഒരു കാര്യം കൂടി മനസ്സിലാക്കണം, എല്ലാ ഭീകരവാദികളും തോക്കും ബോംബുമായിട്ടമല്ല വരുന്നത്. ഭയത്തിന്റെ ഒരു സാഹചര്യം നിലവിലുണ്ടെങ്കിൽ ആൾക്കൂട്ടത്തിന്റെ നടുക്ക് നുണബോംബ് പൊട്ടിച്ചാൽ പോലും ആളെ കൊല്ലാം. 2005 ൽ ഇറാക്കിലെ അൽ ഐമ്മ പാലത്തിൽ ആയിരത്തോളം ആളുകൾ തിരക്കിൽപ്പെട്ട് മരിച്ചത് ഇങ്ങനെ ഒരു നുണബോംബ് പൊട്ടിയിട്ടാണ്. തൃശൂർ പൂരം തൊട്ട് യുവജനോത്സവം വരെ ആളുകൂടുന്ന എവിടെയും നുണബോംബ് പൊട്ടിക്കാൻ കയറിപ്പോകുന്ന തീവ്രവാദിയെ കണ്ടെത്താനുള്ള സംവിധാനമൊന്നും ഇപ്പോൾ ലോകത്തില്ല.
ഭീകരവാദികൾ ആകാൻ സാധ്യതയുള്ളവരെ കണ്ടെത്തി ആക്രമണങ്ങൾ തടയാൻ ശ്രമിക്കുക എന്നതാണ് അടുത്ത പടി. ഇതും ഇപ്പോഴേ ചെയ്യേണ്ടതാണ്. പാരീസ് മുതൽ ശ്രീലങ്ക വരെയുള്ള സ്ഥലങ്ങളിൽ ഭീകരവാദ ആക്രമണങ്ങൾ നടത്തിയവർ പലരും സർക്കാരിന്റെ നോട്ടപ്പുള്ളികളായിരുന്നു. എന്നാൽ അവർ ഇത്ര കടുംകൈ ചെയ്യും എന്ന പ്രതീക്ഷയോ മുന്നറിയിപ്പോ ഇല്ലാത്തതിനാൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇത്തരം സാഹചര്യം ഒഴിവാക്കണം. പരന്പരാഗതമായ രീതിയിൽ റിസ്ക് പ്രൊഫൈൽ ഉള്ളവരൊന്നുമല്ല ഇപ്പോൾ ഭീകരവാദികളായി വരുന്നത്. ഉന്നത വിദ്യാഭ്യാസം, വിദേശത്തുള്ള പഠനം, സാന്പത്തികമായ ഉയർന്ന കുടുംബം തുടങ്ങി എല്ലാമുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് തീവ്രവാദ ആശയങ്ങളിൽ പോയി പലപ്പോഴും പെടുന്നതും ഭീകരവാദത്തിൽ എത്തിപ്പെടുന്നതും. ഇവരെല്ലാം നമ്മുടെ സ്പെഷ്യൽ ബ്രാഞ്ചുകാരുടെ കണ്ണിൽ പെടുമെന്ന് പ്രതീക്ഷിക്കരുത്. നമ്മുടെ സർവൈലൻസ്, ഇലക്ട്രോണിക് ഉൾപ്പടെ, ഇനിയും കാര്യക്ഷമമാക്കണം. ബിഗ് ഡേറ്റ രംഗത്തുണ്ടായിരിക്കുന്ന പുരോഗതി ഉപയോഗിക്കണം, മറ്റു രാജ്യങ്ങളുമായി ഇന്റലിജൻസ് വിനിമയം നടത്തണം. എന്നിരുന്നാലും കൂടുതൽ ഭീകരരും പോലീസ് സംവിധാനങ്ങളുടെ റഡാറിന് വെളിയിലാണ്.
അപ്പോൾ ഇതിനൊരു പരിഹാരം ഇല്ലേ വൈദ്യരേ?
തീർച്ചയായും ഉണ്ട്. പക്ഷെ അതിന് കുറുക്കുവഴികൾ ഒന്നുമില്ല. സമൂഹത്തിന്റെ മൊത്തം ഭാവിയുടെ പ്രശ്നമാണെന്ന് അറിഞ്ഞ്, ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാൻ നാം തയ്യാറായാൽ ഭീകരവാദം വാലും പൊക്കി ഓടും.
‘അവരും’ ‘നമ്മളും’ എന്ന് രണ്ടു തരത്തിൽ ആളുകൾ ഉണ്ടാകുന്ന ലോകത്താണ് ഭീകരവാദം നടക്കുന്നത്. ‘ശരിയായ കാര്യങ്ങൾ ചെയ്യുന്ന – നേർവഴിക്ക് നടക്കുന്ന’ നമ്മൾ, ‘പാപത്തിന്റെ വഴിയിൽ നടക്കുന്ന – തെറ്റായ കാര്യങ്ങൾ ചെയ്യുന്ന – നമ്മളെക്കാൾ മോശക്കാരായ’ അവർ. ഇങ്ങനെയാണ് ഭീകരവാദികളുടെ ലോക വീക്ഷണം. വാസ്തവത്തിൽ ലോകത്തിൽ അങ്ങനെ രണ്ടു വർഗ്ഗം ഇല്ല. പക്ഷെ, ഏതെങ്കിലും ആശയത്തിന്റെ അന്ധതയിൽ ഇക്കാര്യം ഒരിക്കലും ഭീകരവാദികൾക്ക് മനസ്സിലാവില്ല. ഈ ബോധം ആളുകളിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതാണ് ചോദ്യം.
ആദ്യമായി ആളുകൾക്ക് പരസ്പരം അറിയാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി, തലമുറകളായി ഒരേ നാട്ടിൽ ഒരുമിച്ച് ജീവിച്ചവരാണ് പൊതുവെ മലയാളികൾ. നൂറു വർഷം മുൻപത്തെ കാര്യമെടുത്താൽ വിവിധ ജാതി മതങ്ങൾ തമ്മിൽ ഏതെങ്കിലും വിധത്തിൽ സാന്പത്തിക ബന്ധങ്ങൾ ഉണ്ടായിരുന്നു, അതിൽ നിന്നുള്ള സാമൂഹ്യ ബന്ധങ്ങളും. അൻപത് വർഷം മുൻപത്തെ കാര്യമെടുത്താൽ ഒരു ഗ്രാമത്തിലെ എല്ലാ ജാതി മതത്തിലെ കുട്ടികളും പോയിക്കൊണ്ടിരുന്നത് ഒരേ സ്‌കൂളിലാണ്. അങ്ങനെ ഏതെങ്കിലും കാരണത്താൽ മറ്റുള്ളവരുമായി ഇടപെട്ടു വളരുന്ന ഒരു ജനതയോട് ‘മറ്റുള്ളവർ’ മൊത്തം ചീത്തയാണെന്ന തീവ്രവാദ പ്രചാരണമൊന്നും എളുപ്പത്തിൽ ഫലം കാണില്ല.
വിദ്യാലയങ്ങൾ സാന്പത്തികമായും മതപരമായും കുട്ടികളെ വിവിധ കള്ളികളിലിട്ടു വളർത്തുന്പോൾ, നഗരവൽക്കരണവും ഓൺലൈൻ കച്ചവടവും അയൽക്കാർ തമ്മിൽ പോലും അറിഞ്ഞിരിക്കാനുള്ള സാധ്യത കുറയുന്പോൾ നമ്മൾ അറിയാത്തവരെ തിന്മയുടെ പ്രതീകമായി ചിത്രീകരിക്കാൻ എളുപ്പമാണ്. അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ നമുക്ക് ലാഭമായി തോന്നാൻ എളുപ്പമാണ്. പോരാത്തതിന് തൊട്ടടുത്ത വീട്ടിലുള്ളവർ തീവ്രവാദ ചിന്തകൾ ഉള്ളവരാണെന്ന് അയൽക്കാരോ ബന്ധുക്കളോ അറിയണമെന്നില്ല. ഒരുമിച്ചു ജീവിക്കുന്ന സമൂഹത്തെ സാമൂഹ്യമായും സാന്പത്തികമായും പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് തീവ്രവാദികൾ സമൂഹത്തിൽ ഉയർന്നു വരുന്നത് തടയാനും, തുടക്കത്തിലേ കണ്ടുപിടിക്കാനുമായി ആദ്യമേ ചെയ്യേണ്ടത്. ഹുട്ടു- ടുട്സി എന്ന രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വംശീയത മൂത്ത് എട്ടുലക്ഷത്തോളം ആളുകൾ, പ്രധാനമായും ടുട്സികൾ കൊല്ലപ്പെട്ട ആഫ്രിക്കയിലെ റുവാണ്ടയിൽ ഇരു വിഭാഗങ്ങളിലുമുള്ളവർ വീടുകളുണ്ടാക്കുന്നത് അടുത്തടുത്താകണം എന്ന് സർക്കാർ നിയമമുണ്ടാക്കി. കേരളത്തിൽ തൽക്കാലം അതിൻറെ ആവശ്യമില്ല. പക്ഷെ ഒരു പ്രദേശത്തുള്ള കുട്ടികൾ ഒരേ സ്‌കൂളിൽ പഠിക്കുന്ന നൈബർഹുഡ് സ്‌കൂൾ സംവിധാനം വളർത്തിയെടുക്കണം. അതുപോലെ തന്നെ നാം ഇപ്പോൾ നമ്മുടെ കണ്മുൻപിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്ന മറുനാട്ടുകാരെ നമ്മുടെ ചുറ്റളവിലേക്ക് കൊണ്ടുവരികയും വേണം.
രണ്ടാമത്തേത് ഭിന്നിപ്പിക്കുന്ന ആശയങ്ങളെ – മതമായാലും രാഷ്ട്രീയമായാലും, വർഗ്ഗീയമായാലും ഇല്ലായ്മ ചെയ്യുക എന്നതാണ്. ഒരു സമൂഹത്തിലും ഭീകരവാദികൾ പെട്ടെന്ന് ഉണ്ടാവുകയല്ല. മറിച്ച് ഏതെങ്കിലും ആശയപരമായ തീവ്രവാദം (മതമോ, ജാതിയോ, വർണ്ണമോ, പ്രാദേശികവാദമോ ആവാം) ഉണ്ടാക്കിക്കൊടുക്കുന്ന ചതുപ്പുനിലത്താണ് ഭീകരവാദികളാകുന്ന മുതലകൾ വളരുന്നത്. തീവ്രവാദമായ ആശയങ്ങൾക്ക് ലോകത്ത് ഒരു പഞ്ഞവും ഇല്ല. അതിനെ അടിസ്ഥാനപ്പെടുത്തി ആളുകൾ യുദ്ധത്തിന് ഇറങ്ങിയിട്ടുണ്ട്, ആളെ കൊന്നിട്ടുമുണ്ട്. പക്ഷെ ജാതി – മത – വർണ്ണ – പ്രാദേശിക വിഷയങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തീവ്രവാദ സാധ്യതകളെ ഊതിപ്പെരുപ്പിച്ച് ആളുകളെ ഉത്തേജിപ്പിക്കാൻ കഴിവുള്ള നേതാക്കൾ വേണം. കാലാകാലങ്ങളിൽ അത്തരം നേതാക്കൾ ലോകത്ത് ഉണ്ടാകും, അവരുടെ തന്ത്രങ്ങളിൽ പെട്ട് ആളുകൾ കുഴലൂത്തുകാരന്റെ പുറകിലെ എലികളെ പോലെ മാളത്തിൽ നിന്നും പുറത്തിറങ്ങും.
സാമൂഹ്യമാധ്യമങ്ങൾ ഇത്തരം കുഴലൂത്തുകൾ ഏറെ എളുപ്പമാക്കിയിട്ടുണ്ട്. തീവ്രവാദം പ്രസംഗിക്കുന്നവരുടെ ക്ലിപ്പോ വാട്സ്ആപ്പ് മെസ്സേജോ പങ്കുവെക്കുന്ന ശരാശരിക്കാരൊന്നും തീവ്രവാദികളല്ല. പക്ഷെ തീവ്രവാദം നിലനിൽക്കുന്നത് ഇവർ നൽകുന്ന നിശബ്ദ പിന്തുണയുടെ പിന്നിലാണ്. ഇത്തരം തീവ്രവാദ പ്രസംഗവും പ്രചാരണവും നടത്തുന്നവരുടെ പിന്നിൽ ‘ലക്ഷം ലക്ഷം’ ഉണ്ടെന്ന പേടിയിലാണ് വോട്ട് മേടിച്ച് ജയിക്കേണ്ട സർക്കാരുകൾ ഇവരെ നിലക്ക് നിർത്താത്തതും ഇവരുടെ തീവ്രവാദ പ്രചാരണങ്ങളെ നിയന്ത്രിക്കാത്തതും. ഇങ്ങനെ ആധുനികതയുടെ സംഭാവനയായ ആശയ വിനിമയ സംവിധാനങ്ങളും, ജനാധിപത്യ സംവിധാനങ്ങളുടെ സംഭാവനയായ അഭിപ്രായ സ്വാതന്ത്ര്യവും ഉപയോഗിച്ച് ഇവർ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. അതിൽ ധാരാളം പേർ വീഴുന്നു. അതിൽ കുറച്ചു പേർ തിയറിയിൽ നിന്നും പ്രാക്ടീസിലേക്ക് കടക്കുന്നു. തോക്കെടുക്കുന്നു, ബോംബാകുന്നു, പൊട്ടിക്കുന്നു, പൊട്ടിച്ചിതറുന്നു. ഇത് ഒഴിവാക്കണമെങ്കിൽ ഭീകരവാദികളാകാൻ പോകുന്ന മുതലക്കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചാൽ മാത്രം പോരാ, ഭീകരവാദം വളർത്തുന്ന ആശയങ്ങളുടെ അഴുകിയ ചതുപ്പുനിലങ്ങൾ പൊട്ടിച്ചു കളയുകയും വേണം. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ, കടുത്ത രോഗത്തിന് കാഠിന്യമുള്ള മരുന്നുകൾ വേണ്ടിവരും.
എന്നാൽ എളുപ്പമുള്ള ഒരു കാര്യം പറയാം. മനുഷ്യർ പൊതുവെ സ്വാർത്ഥരാണ്. അങ്ങനെയാണ് പ്രകൃതി അവരെ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ആളുകളെ ഭീകരവാദത്തിന്റെ ചരിത്രം പഠിപ്പിക്കണം. ലോകത്തെവിടെ നോക്കിയാലും ഭീകരവാദം എല്ലാവർക്കും നഷ്ടക്കച്ചവടമാണ്. ബോംബായി പൊട്ടിത്തെറിക്കുന്നവന്റെ കാര്യം അപ്പോഴേ തീർന്നു. തോക്കുമായി ആളെ കൊല്ലുന്നവരും താമസിയാതെ പിടിക്കപ്പെടും, പിന്നെ അല്പായുസ് തന്നെ. ബാക്കിയുള്ളത് അവരുടെ ആശയങ്ങൾ പിന്തുടരുന്നവരുടെ കാര്യമാണ്. ഭീകരവാദം ജയിക്കുന്ന കാലത്ത് ‘ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേരുയരുന്നു’ എന്ന് പാടുന്ന ആളുകൾ ഭീകരവാദികൾ തോറ്റോടുന്പോൾ തീവ്രവാദവും വിട്ട് ‘എനിക്കെന്റെ അമ്മേക്കാണണം’ എന്ന മട്ടിൽ ഓടുന്നത് നമ്മൾ ഇപ്പോൾ സിറിയയിൽ കാണുന്നുണ്ടല്ലോ. പോരാത്തതിന് ഏതൊരു പരിഷ്‌കൃത സമൂഹത്തിലും ഭീകരവാദത്തിന് അടിസ്ഥാനം നൽകുന്ന ആശയ സംഹിതകളോട് സമൂഹത്തിന് എതിർപ്പ് കൂടി വരികയേയുള്ളൂ. അപ്പോൾ ആശയപ്രചാരണത്തിനുള്ള എളുപ്പമാർഗ്ഗമോ നല്ല മാർഗ്ഗമോ അല്ല തീവ്രവാദവും ഭീകരവാദവും ഒന്നും. ഇതൊക്കെ കൂടുതൽ ആളുകൾ മനസ്സിലാക്കുന്ന കാലത്ത് തീവ്രവാദത്തിൻറെ മാർക്കറ്റ് കുറയും.
ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും തൽക്കാലം കേരളത്തിൽ നടപ്പിലാകാൻ പോകുന്ന കാര്യമല്ല. തീവ്രവാദം വളരും, ഭീകരവാദം ഉണ്ടാകും. അതിനുശേഷം മാത്രം നമ്മൾ വേണ്ട നടപടികളിലേക്ക് വരും. അതാ ശീലം.
അതുകൊണ്ടു തന്നെ അടുത്ത കുറച്ചു നാളുകളെങ്കിലും എൻറെ വായനക്കാർ തിരക്കുള്ള സ്ഥലത്ത്, അത് മാളിലും മലമുകളിലും, നുണബോംബുകളെ ഒന്ന് പേടിക്കുന്നത് നല്ലതാണ്.
(മീനവിയൽ ഞങ്ങളുടെ നാട്ടിലെ ഒരു പള്ളിയിൽ:
“ഞങ്ങളുടെ പള്ളിയിൽ ഈ ഭീകരന്മാർ ഒന്നും വരില്ല”
“അതെന്താ ചേട്ടാ?”
“പോലീസ് ഇല്ലാതെ ഞങ്ങളുടെ പള്ളി തുറക്കാറും ഇല്ല, അടി പേടിച്ച് ആരും അകത്തേക്ക് പോകാറും ഇല്ല”).