അനധികൃത കൈയ്യേറ്റം. മുളക്കുളത്ത് വലിയതോടും നിലനിൽപ് ഭീഷണിയിൽ. മുളക്കുളം പഞ്ചായത്തിന്റെ നെല്ലറയായ 700 ഏക്കറോളം വരുന്ന ഇടയാറ്റുപാടത്ത് ഒരു സീസണിൽ ഒരു നെൽകൃഷിയും രണ്ടാം സീസണിൽ പച്ചക്കറി കൃഷിയുമാണ് കാലങ്ങളായി നടത്തി വരുന്നത്. 1984 ൽ കൈയ്യൂരിക്കൽ-മുളക്കുളം റോഡ് ഉണ്ടാകുന്നത് വരെ കൃഷിയാവശ്യത്തിനായി ചാണകവും ചവറും വിത്തും വളവുമെല്ലാം പാടത്തേക്കു എത്തിച്ചിരുന്നതും കൊയ്ത്തും മെതിയും ഉൾപ്പെടെയുള്ള കൃഷി പണികൾ നടത്തിയിരുന്നതും വലിയതോടിൽ കൂടി വള്ളത്തിൽ എത്തിയും എത്തിച്ചുമായിരുന്നുവെന്ന് കർഷകർ പറയുന്നു. കുറുവേലി പാലത്തിന്റെ താഴെ ഓലിപ്പടവ് കിഴക്ക് ചാലുമുഖം മുതൽ കൊതളം വരെ നാലു കിലോമീറ്ററോളം വരുന്നതാണ് ഇവിടുത്തെ വലിയ തോട്.
പാടശേഖരത്ത് നിന്നു മഴക്കാലത്ത് വെള്ളം ഇറങ്ങി പുഴയിലേക്ക് പോകുവാനും വേനൽകാലത്ത് കൃഷിയിറക്കാൻ വേലിയേറ്റത്തിൽ വെള്ളം കയറി വരുവാനും ഈ തോട് മാത്രമായിരുന്നു കർഷകരുടെ ഏക ആശ്രയം. എന്നാലിപ്പോൾ വലിയതോട് പല സ്ഥലത്തായി അനധികൃതമായി കൈയ്യേറിയിരിക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം തോട്ടിലെ നീരൊഴുക്ക് തടസപ്പെടുകയും മൂവാറ്റുപുഴയാറ്റിൽ നിന്നു വേലിയേറ്റ സമയത്ത് വെള്ളം തോടിൽ കൂടി കയറി വരുന്നത് തടസപ്പെട്ടിരിക്കുകയാണെന്നും കർഷകർ പറഞ്ഞു.തോട് കൈയ്യേറ്റത്തിനെതിരേ പരാതി നൽകിയെങ്കിലും വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടായില്ലെന്ന് കർഷകർ പരാതി പറയുന്നു. 700 ഏക്കറോളം വരുന്ന ഇടയാറ്റുപാടശേഖരത്തിൽ ഇഷ്ടികക്കള ഉടമകൾ കാലങ്ങളായി മണ്ണു കുഴിച്ചെടുത്തതോടെ ഇപ്പോൾ 300 ഏക്കറോളം പാടശേഖരം കൃഷി ചെയ്യാൻ പറ്റാതെ നശിച്ച നിലയിലാണ്.