തൊഴിലിടങ്ങളിൽ നീതിയും സത്യവും പുലരണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ സംഘടിപ്പിച്ച തൊഴിലാളിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ശത്രുതയല്ല പരസ്പരബന്ധമാണു പരിഷ്കൃത സമൂഹത്തിന് ആവശ്യമെന്നും വ്യക്തിയെയും കുടുംബങ്ങളെയും പരിഗണിക്കാത്ത പ്രത്യയ ശാസ്ത്രങ്ങൾ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജോസ് പുത്തൻചിറ ആമുഖ സന്ദേശം നൽകി. തൊഴിലാളികൾക്കായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ കെഎൽഎം നടപ്പിലാക്കുന്ന സ്നേഹത്തണൽ പദ്ധതിയെക്കുറിച്ച് ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത് വിശദീകരിച്ചു. ഫാ.ബെന്നി കുഴിയടിയിൽ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെഎൽഎം സംസ്ഥാന സെക്രട്ടറി പി.സി.കുഞ്ഞപ്പൻ, ബാബുക്കുട്ടി കളത്തിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.