വിവി പാറ്റ് മെഷീനുകളിൽ പകുതി എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ ഇതേ ആവശ്യം കോടതി തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവി പാറ്റ് മെഷീനുകൾ എണ്ണിയാൽ മതിയെന്ന് ഉത്തരവിട്ടാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു നടപടി.
എന്നാൽ ആന്ധ്രാപ്രദേശിൽ അടക്കം വ്യാപകമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നുവെന്നും അതിനാൽ ഉത്തരവ് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന്‍റെ ഹർജി കോടതി അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ ലോക്സഭാ ഫലപ്രഖ്യാപനം ദിവസങ്ങൾ നീണ്ടുപോകാനാണ് സാധ്യത.