ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ ഒക്ടോബർ 13ന്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജപമാലയജ്ഞങ്ങൾ ഘടിപ്പിക്കാനൊരുങ്ങി ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മ. ദൈവ മാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറിന്റെയും ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷം ‘റോസറി എക്രോസ് ഇന്ത്യ’ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.
ഇതിന് മുന്നോടിയായി ആഗസ്റ്റ് 15 മുതൽ വീടുകളിൽ ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ ചൊല്ലണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദൈവാലയങ്ങളിലും പ്രാർഥന കൂട്ടായ്മകളിലും തൊഴിലിടങ്ങളിലും ജപമാല പ്രാർഥന സംഘടിപ്പിച്ച് അരൂപിയിൽ നിറയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 13ന് ദൈവാലയങ്ങൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സമ്മേളിച്ചാവും ജപമാല അർപ്പണം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് rosaryacrossindia.co.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷം സൺഡേ ശാലോമടക്കമുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളുടെയും സോഷ്യൽമീഡിയ കാമ്പയിനിന്റെയും ഫലമായി ഭാരതത്തിൽ 250 സ്ഥലങ്ങളിൽ ജപമാല യജ്ഞം നടന്നതിൽ വലിയൊരു ശതമാനം കേരളത്തിലായിരുന്നുവെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.