ദേശസ്‌നേഹം വർഗീയതയ്ക്കും ശത്രുതയ്ക്കും വഴിവെക്കരുതെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. ദേശസ്‌നേഹത്തെ കത്തോലിക്കാ സഭ പരിപോഷിപ്പിക്കുന്നുവെന്നും എന്നാൽ ആ സ്‌നേഹത്തെ വികലമാക്കി വിദ്വേഷത്തിനും സംഘർഷാത്മക ദേശീയവാദത്തിനും വർഗീയതയ്ക്കും കാരണമാക്കുന്നതിനെ അപലപിക്കുന്നുവെന്നും പാപ്പ പറഞ്ഞു

സാമൂഹ്യശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി വത്തിക്കാനിൽ സംഘടിപ്പിച്ച സമ്പൂർണസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സ്വന്തം നാടിനെ സ്‌നേഹിക്കുകയും ആ ദേശത്തിന്റെ സാംസ്‌ക്കാരിക വൈവിധ്യങ്ങളെയും ആചാരാനുഷ്~ാനങ്ങളെയും നല്ല ജീവിതശൈലികളെയും ആദരിക്കുകയും ചെയ്യുന്നത് നല്ലതുതന്നെ. എന്നാൽ, ഇക്കാര്യങ്ങളിലുള്ള അഭിനിവേശം മറ്റുള്ളവരെ അവഗണിക്കുന്നതിനും വെറുക്കുന്നതിനും കാരണമാകരുത്.

എന്നാൽ, പലപ്പോഴും രാഷ്ട്രങ്ങൾ പ്രബലന്മാരുടെ സംഘാത്മകമായ താൽപ്പര്യങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരികയും അങ്ങനെ മത, വർഗ, ഭാഷാപരങ്ങളായ ന്യൂനപക്ഷവിഭാഗങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല. സ്വദേശം വിട്ടുപോകാൻ നിർബന്ധിതരാകുന്നവർ അന്യദേശങ്ങളിലെത്തുമ്പോൾ അവരെ ദയയോടെ സ്വാഗതം ചെയ്യേണ്ടതും അവർക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്. അതുപോലെ, സ്വാഗതം ചെയ്യുന്ന നാടുകളോടു ഇഴുകിച്ചേരാൻ ശ്രമിക്കുകയെന്നത് കുടിയേറ്റത്രുടെ കടമയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.