ഫോനി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച് ഒഡീഷ തീരങ്ങളിൽ ആഞ്ഞടിച്ചു. പുരിയിൽ മരംവീണ് ഒരാൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. 245 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കടൽ വൻ തോതിൽ ക്ഷോഭിച്ചതോടെ തിലമാലകൾ ഒൻപത് മീറ്റർ വരെ ഉയരുകയും ചെയ്തു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

രാവിലെ ഒൻപതോടെയാണ് പുരിയിൽ ഫോനി തീരംതൊട്ടത്. കനത്ത കാറ്റിൽ മലങ്ങൾ ആടിയുലഞ്ഞു. 11 ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് മുന്നിൽ കണ്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ആൾനാശം പരമാവധി കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഒഡീഷ സർക്കാർ നടത്തിയത്. നിരവധി ദുരിതാശ്വാസ ക്യാന്പുകൾ സർക്കാർ തുറന്നിട്ടുണ്ട്.