കേരളത്തില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ വ്യാപക റെയ്ഡ്. തീരദേശ മേഖലകളിലും, റെയില്‍വെ സ്റ്റേഷനുകളിലും, ഹൗസ് ബോട്ടുകളിലുമടക്കം പ്രത്യേക സംഘം പരിശോധനകള്‍ നടത്തി. തീരദേശ ജില്ലയായ ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഐജിയുടേയും എഡിജിപിയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളത്തില്‍ ചാവേറാക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായുള്ള ജാഗ്രത നിര്‍ദ്ദേശം പോലീസിന് നല്‍കിയത്. ഇതനുസരിച്ച് വാഹന പരിശോധനയടക്കമുള്ള റെയഡുകള്‍ വ്യാപകമായി പോലീസ് നടത്തുന്നുണ്ട്. എന്നാല്‍ തീരദേശ ജില്ലയായ ആലപ്പുഴയില്‍ അതീവ ജാഗ്രത വേണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ കടലോര മേഖലകളിലടക്കം പോലീസിന്റെ മിന്നല്‍ പരിശോധനകള്‍ നടന്നത്. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാരാരിക്കുളം, തുറവൂര്‍ എന്നീ റയില്‍വെ സ്റ്റേഷനുകളില്‍ കഴിഞ്ഞ ദിവസം പ്രത്യേക സംഘം പരിശോധന നടത്തി. ഒപ്പം ഇന്റര്‍ സ്റ്റേറ്റ് ബസുകളില്‍ രാത്രിയിലടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇന്നലെ പുന്നമടയില്‍ നാല് ഹൗസ് ബോട്ടുകളിലും റെയ്ഡ് നടത്തി. അതേ സമയം ആലപ്പുഴയുടെ തീരമേഖലകളിലെ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ചില അക്കൗണ്ടുകളില്‍ സംശയകരമായ പോസ്റ്റുകള്‍ കണ്ട സാഹചര്യത്തില്‍ ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംശയകരമായി കണ്ട നാല് പേരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഫോണ്‍ കോളുകളുമാണ് പോലീസ് നിരീക്ഷിക്കുന്നത്.