അനധികൃത സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ പാർട്ടി പുറത്താക്കി. സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്.
ചിറ്റൂരിൽ 525 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം പ്രാദേശിക നേതാവായ അത്തിമണി അനിൽ ഒളിവിലാണ്. എക്സൈസ് സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടാണ് ഇയാൾ ഒളിവിൽ പോയത്. ജെഡിഎസ് പ്രവർത്തകരെ വെട്ടിയതുൾപ്പെടെയുള്ള നിരവധി കേസുകളിൽ നേരത്തെ തന്നെ പ്രതിയാണ് അനിൽ.
കഴിഞ്ഞ ദിവസം ചിറ്റൂരിൽ സ്പിരിറ്റുമായെത്തിയ കാർ ഓടിച്ചിരുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അനിലായിരുന്നു. 35 ലിറ്ററിന്റെ 15 കന്നാസിലായിരുന്നു സ്പിരിറ്റ് കടത്തിയത്. പരിശോധനയ്ക്കിടെ എക്സൈസ് പിടിയിലായതോടെ കുതറിയോടിയ അനിൽ, മറ്റൊരു കാറിൽ കയറി രക്ഷപെട്ടു.
തൃശൂരിൽനിന്ന് കൊണ്ടുവന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് കടത്തിയതാണെന്നാണ് സൂചന. അനിലിനെ പിടികൂടാൻ അന്വേഷണം ശക്തമാക്കി. നിരവധി പോലീസ് കേസുകളിൽ പ്രതിയായ അനിലിന് വ്യാജ മദ്യ നിർമാണവുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.