പുറത്തുനിന്നുള്ള ഭീഷണികൾക്കെതിരേ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് യുപിഎ സർക്കാരിന്റെ കാലത്തും അധികാരം നൽകിയിരുന്നെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തന്റെ സർക്കാരിന്റെ കാലത്ത് നിരവധി തവണ മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്നും ഇപ്പോൾ ബിജെപി ചെയ്യുന്ന തരത്തിൽ, വോട്ടിനായി സൈന്യത്തെ ഉപയോഗിച്ച് പ്രചാരണം നടത്താൻ കോണ്ഗ്രസ് തയാറായിരുന്നില്ലെന്നും മൻമോഹൻ സിംഗ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയിൽ ഒത്തുതീർപ്പിനില്ല. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ദേശീയപാതയിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ സിആർപിഎഫിന്റെ 40 ധീരജവാൻമാർ കൊല്ലപ്പെട്ടു. ഇത് രാജ്യസുരക്ഷയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും പരാജയമാണ്. അതുവരെ സിആർപിഎഫും ബിഎസ്എഫും സൈനികർക്ക് വിമാനയാത്ര ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു- മൻമോഹൻ സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലായി പാംപോർ, ഉറി, പത്താൻകോട്ട്, ഗുർദാസ്പുർ എന്നിവിടങ്ങളിലും അമർനാഥ് യാത്രയ്ക്കു നേരെ പോലും ആക്രമണമുണ്ടായി. പത്താൻകോട്ട് വ്യോമതാവളത്തിൽ അന്വേഷണം നടത്താൻ ഐഎസ്ഐയെ ക്ഷണിച്ച മോദി സർക്കാരിന്റെ നടപടി ഭീകര മണ്ടത്തരമായിരുന്നു. ഇത് സൈന്യത്തിന്റെ മാന്യതയ്ക്കു ക്ഷതമേൽപ്പിച്ചെന്നും മൻമോഹൻ സിംഗ് പറഞ്ഞു.