മിഡ്ലാൻഡ്സിലെ പ്രധാന മലയാളി ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28നു ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൻ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.
തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാലിനു ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ റവ. ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. തുടർന്ന് പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കൽപന പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോൾ വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു. തുടർന്നു കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു.